തൃശ്ശൂര്‍: നഗരത്തിലെ ചില കടകളില്‍ ജ്യൂസടിക്കാനായി ഉപയോഗിക്കുന്നത് ചീഞ്ഞപഴങ്ങള്‍. ജ്യൂസ് അടിക്കുന്ന ആളുടെ കൈകളില്‍ അണുബാധയും. മാലിന്യം തള്ളുന്നതാകട്ടെ ആഹാരം പാകംചെയ്യുന്നതിന് തൊട്ടടുത്ത്. ഭക്ഷണം പാകംചെയ്യുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തി.

ഓണ്‍ലൈന്‍ ശൃംഖലകളിലൂടെ ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും മോശം സാഹചര്യത്തില്‍ ഭക്ഷണമുണ്ടാക്കുന്നതും കണ്ടു. ജില്ലയില്‍ ആരോഗ്യവകുപ്പ് നടത്തിയ റെയ്ഡില്‍ 112 സ്ഥാപനങ്ങളാണ് ഇതേതരത്തില്‍ ആഹാരം പാകംചെയ്യുന്നതായി കണ്ടെത്തിയത്. ഇവര്‍ക്കെല്ലാം നോട്ടീസ് നല്‍കിയിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 19 സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി.

71 ഹോട്ടലുകള്‍, 16 കൂള്‍ ബാറുകള്‍, 16 ബേക്കറികള്‍, രണ്ട് കാറ്ററിങ് സെന്ററുകള്‍ എന്നിവയ്ക്കാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നോട്ടീസ് നല്‍കിയത്.

ആഹാരം സൂക്ഷിക്കുന്ന സ്ഥലത്തെ അവസ്ഥ, അടുക്കളയിലെ സാഹചര്യങ്ങള്‍, ആഹാരം പാകംചെയ്യുന്ന രീതി എന്നിവയാണ് പരിശോധിച്ചത്. ചില സ്ഥലങ്ങളില്‍ ശൗചാലയത്തോടുചേര്‍ന്ന് ആഹാരം പാകംചെയ്യുന്നതും കണ്ടെത്തിയിട്ടുണ്ട്. മിക്ക സ്ഥാപനങ്ങളിലും മറുനാടന്‍ തൊഴിലാളികളാണ് ആഹാരം പാകംചെയ്യുന്നതും വിളമ്പുന്നതും. മിക്ക തൊഴിലാളികള്‍ക്കും ആരോഗ്യ കാര്‍ഡ് എടുത്തിട്ടില്ല. അതുകൊണ്ടുതന്നെ പകര്‍ച്ചവ്യാധികളുള്‍പ്പെടെയുള്ളവ ഉണ്ടോയെന്ന് വ്യക്തമല്ല.

തുടര്‍നടപടികള്‍ക്കായി ഭക്ഷ്യസുരക്ഷാ ഓഫീസര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും 16 കേസുകള്‍ നല്‍കി.

വിവിധയിനങ്ങളിലായി 56,800 രൂപ പിഴയും ഈടാക്കി. പകര്‍ച്ചവ്യാധികള്‍ തടയുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. ജില്ലയിലാകെ 1176 ഭക്ഷണശാലകളിലായിരുന്നു റെയ്ഡ്.

Content Highlights: juice shop in thrissur, juice shops, food, beverages, food news, food updates