ആലപ്പുഴ: കുടുംബശ്രീ മിഷന്റെ ജനകീയഹോട്ടല്‍ പദ്ധതി ലക്ഷ്യം കടന്നു. ആയിരമാണ് ലക്ഷ്യമിട്ടതെങ്കിലും ഇതുവരെ 1009 ഹോട്ടലുകള്‍ തുടങ്ങാനായി. ഇതില്‍ 835 ഗ്രാമീണ യൂണിറ്റുകളും 174 നഗരകേന്ദ്രീകൃത യൂണിറ്റുകളുമാണുള്ളത്. ഇവിടെനിന്നെല്ലാംകൂടി പ്രതിദിനം 1,36,590 ഊണുകള്‍ പാഴ്‌സലായും വീടുകളിലെത്തിച്ചും നല്‍കുന്നുണ്ട്.

കോവിഡ് പശ്ചാത്തലത്തില്‍ പദ്ധതി അതിവേഗം നടപ്പാക്കുകയായിരുന്നു. ഹോട്ടല്‍നടത്തിപ്പിനുള്ള അപേക്ഷകള്‍ കൂടിയതോടെയാണ് പദ്ധതി വ്യാപിപ്പിച്ചത്. തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്നുനടത്തുന്ന പദ്ധതിയായതിനാല്‍ തിരഞ്ഞെടുപ്പുകാലത്ത് പ്രവര്‍ത്തനങ്ങള്‍ നടന്നില്ല. കെട്ടിടത്തിനുള്ള സ്ഥലംകണ്ടെത്തി അടിസ്ഥാനസൗകര്യം ഉള്‍പ്പെടെയുള്ളവ ഒരുക്കിക്കൊടുക്കുന്നത് തദ്ദേശസ്ഥാപനങ്ങളാണ്. വൈകി അംഗീകാരം കിട്ടിയവയാണ് ഇനി തുടങ്ങാനുള്ളത്.

ഏറ്റവുമധികം ജനകീയ ഹോട്ടലുകള്‍ എറണാകുളം ജില്ലയിലാണ്; 106 എണ്ണം. കുറവ് വയനാടും; 27 എണ്ണം. 20 രൂപയ്ക്കു ഭക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയില്‍ അതതു പ്രദേശത്തെ നാടന്‍വിഭവങ്ങളും ഇലക്കറികളും നല്‍കുന്നതിനു പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

ഭക്ഷണം ഏറ്റവുമധികം വിതരണംചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്; ഒരുദിവസം 18,371 പേര്‍ക്ക് ഭക്ഷണം നല്‍കുന്നു. രണ്ടും മൂന്നും സ്ഥാനത്ത് തിരുവനന്തപുരവും പാലക്കാടുമാണ്.

1

Content Highlights: Janakeeya hotel of kudumbasree mission