ബെംഗളൂരുവിലെ ഇന്ത്യന്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ചക്കയില്‍നിന്ന് മൂന്ന് ഉത്പന്നങ്ങള്‍ വികസിപ്പിച്ചു. ചക്കച്ചുളയില്‍ നിന്നുള്ള സുതാര്യമായ ജ്യൂസ് ഇതില്‍ ഉള്‍പ്പെടുന്നു. ചക്കച്ചുളയെ ചില എന്‍സൈമുകള്‍ ചേര്‍ത്ത് ദ്രവരൂപത്തിലാക്കിയശേഷം സുതാര്യമായ ജ്യൂസ് വേര്‍തിരിക്കുന്നു. ഇതില്‍ വെള്ളംചേര്‍ത്ത് നേര്‍പ്പിച്ച് നിശ്ചിത ഗുണനിലവാരത്തിലെത്തിക്കുന്നു. പ്രിസര്‍വേറ്റിവുകളോ പഞ്ചസാരയോ ചേര്‍ക്കാതെതന്നെ ഈ ജ്യൂസിനെ ആറുമാസം വരെ അന്തരീക്ഷ ഊഷ്മാവില്‍ ഗ്ലാസ് ബോട്ടിലില്‍ സൂക്ഷിക്കാം.

ഈ ഉത്പന്നത്തില്‍ 15-18 മില്ലിഗ്രാം/100 മില്ലിഗ്രാം വിറ്റാമിന്‍ സി, 2.1- 2.4 മില്ലിഗ്രാം/100 മില്ലിഗ്രാം കരോട്ടിനോയിഡുകള്‍, 1-1.2 മില്ലിഗ്രാം /100 മില്ലിഗ്രാം നിരോക്‌സികാരികള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ജ്യൂസില്‍ അടങ്ങിയിട്ടുള്ള ഫ്രക്ടോസ്, സോര്‍ബിറ്റോള്‍ എന്നീ ഘടകങ്ങള്‍ അതിനു മധുരം പകരുന്നു. ഒരു കിലോ ചക്കച്ചുളയില്‍നിന്നും 2.5-3 ലിറ്റര്‍ റെഡി ടു ഡ്രിങ്ക് ജ്യൂസ് വേര്‍തിരിക്കാം.

അര്‍ക്ക ജാകോളേറ്റ്: ചക്കക്കുരുപൊടി, കൂണ്‍പൊടി, എള്ള്, വെണ്ണ എന്നിവ നിശ്ചിത അനുപാതത്തില്‍ യോജിപ്പിച്ചുണ്ടാക്കുന്ന ചോക്ലേറ്റ് ആണ്. ചക്കക്കുരുവില്‍ 60-65 ശതമാനം സ്റ്റാര്‍ച്ചും രണ്ട് ശതമാനം ഭക്ഷ്യനാരും നിരവധി സസ്യജന്യ രാസവസ്തുക്കളുമുണ്ട്.

ഇതിനു അര്‍ബുദപ്രതിരോധശേഷിയും അണുനാശകശേഷിയും ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. രുചികരമായ ചക്കക്കുരു ചോക്ലേറ്റില്‍ 5.0-6.0 ശതമാനം പ്രോട്ടീന്‍, ഭക്ഷ്യനാരുകള്‍, നിരോക്‌സികാരികള്‍ എന്നിവ അടങ്ങിയിരിക്കുന്നു.

അര്‍ക്ക ജാക്കിസ്: ചക്കക്കുരുപൊടി, കൂണ്‍ പൊടി എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന കുക്കീസ് ആണിത്. സാധാരണ കുക്കീസില്‍ ധാന്യങ്ങളുടെ തവിടാണ് നാരിന്റെ അംശം കൂട്ടാനായി ഉപയോഗിക്കുന്നത്. ഇതിനു പകരം ചക്കക്കുരുപൊടി ഉപയോഗിക്കുമ്പോള്‍ നാരിന്റെ തോത് അധികരിക്കും എന്ന് മാത്രമല്ല കാത്സ്യം, മഗ്‌നീഷ്യം, ഇരുമ്പ് എന്നിവയും കൂടുന്നു. കുക്കീസില്‍ റിഫൈന്‍ഡ് ഗോതമ്പുമാവിന് പകരം ധാന്യങ്ങളുടെ തവിട് 5-10 ശതമാനം വരെ ഉപയോഗിക്കുമ്പോള്‍ അര്‍ക്ക ജാക്കിസില്‍ 40 ശതമാനം ഗോതമ്പുമാവിന് പകരം ചക്കക്കുരുപൊടി ഉപയോഗിക്കുന്നു.

വിവരങ്ങള്‍ക്ക്: 080 23086100.

Content Highlights: Jackfruit varieties