ലോക്ഡൗണിനിടയില്‍ പച്ചക്കറിവില കുതിച്ചുയരുന്നതില്‍ ഒരുവിഭാഗം ഗ്രാമീണര്‍ക്ക് വലിയ ആശങ്കയില്ല. കാരണം ഗ്രാമങ്ങളില്‍ ചക്കവസന്തമാണ്. മീനമാസം എത്തിയതോടെ പ്ലാവുകളില്‍ ചക്കവിളയാന്‍ തുടങ്ങി. കുന്നത്തൂര്‍ താലൂക്കിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാല്‍ നിറയെ ചക്കപിടിച്ചുനില്‍ക്കുന്ന പ്ലാവുകളാണ് കാണുക.

വിഷംതീണ്ടാത്ത ഒന്നാംതരം ചക്കകൊണ്ടുള്ള വിഭവങ്ങളാണ് കൊറോണക്കാലത്ത് ഗ്രാമങ്ങളിലെ ഊണുമേശകളില്‍ നിറയുന്നത്. ഒരു ചെലവുമില്ലാതെ ലഭിക്കുന്നതും ശരീരത്തിന് ആവശ്യമായ വിറ്റാമിനുകള്‍ അടങ്ങിയതുമായ ഭക്ഷണം.

മിക്കവരും വീട്ടിലിരുപ്പ് തുടങ്ങിയതോടെ നിത്യേനയുള്ള പലഹാരങ്ങളോട് വിരക്തിയുമായി. ദോശ, അപ്പം, പുട്ട് ഇതൊക്കെ പതുക്കെ ഒഴിയുകയാണ്.

ചക്കപ്പുഴുക്കും കഞ്ഞിയും ഗ്രാമീണരുടെ പ്രഭാതഭക്ഷണത്തിന്റെ ഭാഗമായിക്കഴിഞ്ഞു. മേമ്പൊടിയായി ഇത്തിരി വെളിച്ചെണ്ണയും മാങ്ങാ അച്ചാറും ഉണ്ട്. ഉച്ചയൂണിനും ചക്ക ഇടംപിടിച്ചു. ചക്ക അവിയല്‍, ചക്കക്കുരു തോരന്‍, മെഴുക്കുപുരട്ടി, പൂഞ്ഞും കുരുവുമിട്ട തോരന്‍, തേങ്ങ വറത്തിട്ട ചക്കക്കൂട്ട് (എരിശ്ശേരി) ഇങ്ങനെ നീളുന്നു ചക്കവിഭവങ്ങള്‍. കൂടാതെ കുട്ടികള്‍ വീട്ടില്‍ കഴിയാന്‍ തുടങ്ങിയതോടെ പഴുത്ത ചക്കയും ചക്ക ഉപ്പേരിയും ഭക്ഷണത്തിന്റെ ഭാഗമായി. സ്വാദൂറുന്ന വരിക്കച്ചക്കയാണ് ഏറെ പ്രിയം.

ചക്കപ്പായസവും ചക്ക അടയും ഹല്‍വയും പഴുത്തചക്കകൊണ്ട് ഉണ്ടാക്കുന്നുണ്ട്. ചുളയെടുത്തശേഷമുള്ള ചക്കയുടെ ഭാഗങ്ങള്‍ കന്നുകാലികള്‍ക്ക് തീറ്റയുമാകുന്നു. ഇത്തവണ കാലാവസ്ഥ അനുകൂലമായതിനാല്‍ ഗ്രാമങ്ങളില്‍ ചക്ക യഥേഷ്ടം വിളഞ്ഞിട്ടുണ്ട്.

ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കുന്ന കുടുംബങ്ങളും നാട്ടില്‍ കാണാം. ചക്ക മുറിച്ച് ഒരുവിഹിതം അയല്‍പക്കത്തെ വീടുകളില്‍ കൊടുക്കുന്നതും നാട്ടിന്‍പുറത്തെ നന്മനിറഞ്ഞ കാഴ്ചയാണ്. മിക്ക കടകളിലും ചക്ക വില്‍പ്പനയ്ക്കും എത്തിയിട്ടുണ്ട്. ചക്ക വെട്ടിമുറിച്ച് ചുളയെടുക്കുന്നതും അരിയുന്നതുമായ ജോലികള്‍ അല്‍പ്പം ആയാസമുള്ളതായതോടെ വെറുതെ നേരംകളഞ്ഞിരുന്നവര്‍ക്ക് ഉത്സാഹമായി. അങ്ങനെ കൊറോണക്കാലം ഗ്രാമീണജീവിതത്തില്‍ ചക്കയുടെ മാധുര്യം നിറയുകയാണ്.

Content Highlights: Jack fruit Dishes