ഗ്രീന്‍ ടീ ശീലമാക്കുന്നത് ആരോഗ്യപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ കൂടുതലാളുകളും പരമ്പരാഗത ശൈലിയിലുള്ള ചായ ശീലമാക്കിയവരാണ്. എന്നാല്‍, ഒരു വിഭാഗം ആളുകള്‍ ഗ്രീന്‍ ടീ ശീലമാക്കിയവരാണ്. ശരീരഭാരം കുറയ്ക്കുന്നതു മുതല്‍ ക്ഷീണമകറ്റുന്നതിനു വരെ ഗ്രീന്‍ ടീ ഉപയോഗിക്കുന്നു. ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് ആരോഗ്യപ്രദമാണോയെന്ന ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്. 

ധാരാളം പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് നമ്മുടെ നാഡികളെ റിലാക്‌സ് ചെയ്യിപ്പിക്കുമെന്നതിനു പുറമെ മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും കോശങ്ങളുടെ നാശം കുറയ്ക്കുകയും ചെയ്യും. 
ഗ്രീന്‍ ടീയിലെ തിയാനൈന്‍ എന്ന അമിനോ ആസിഡാണ് നാഡികള്‍ റിലാക്‌സ് ആയി ഇരിക്കാന്‍ സഹായിക്കുന്നത്. ഇത് മസ്തിഷ്‌കത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം മാനസികസമ്മര്‍ദങ്ങള്‍ കുറയ്ക്കുന്നതിനും ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിനും നല്ല ഉറക്കം നല്‍കുന്നതിനും സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഗ്രീന്‍ ടീ എപ്പോള്‍ കുടിക്കുന്നതാണ് ഉത്തമമെന്നത് സംബന്ധിച്ച് അധികം പഠനങ്ങളൊന്നും നടന്നിട്ടില്ലെങ്കിലും ചെറിയൊരു അളവില്‍ കഫീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് കിടക്കാന്‍ പോകുന്നതിന് മുമ്പ് കുടിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
നമ്മുടെ ഉറക്കത്തെ സ്വാധീക്കാന്‍ കഫീനു കഴിയും. ഉറക്കത്തെ തടസ്സപ്പെടുന്നതാണ് കഫീന്‍. ഇത് മസ്തിഷ്‌കം ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കും. അതിനാല്‍, രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിന് രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പ് ഗ്രീന്‍ ടീ കുടിക്കുന്നതാണ് ഉത്തമം.

ദിവസം രണ്ടോ മൂന്നോ കപ്പ് ഗ്രീന്‍ കുടിക്കുന്നതാണ് നല്ലത്. ഗ്രീന്‍ ടീ അമിതമായി കുടിക്കുന്നത് വിളര്‍ച്ച, മനംപിരട്ടല്‍, ഉറക്കമില്ലായ്മ എന്നിവയ്ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

Content highlights: is it healthy to drink green tea before bedtime food