യര്‍ലന്‍ഡിലെ പബ്ബുകളിലൊരു 'ജിന്ന്' ഇറങ്ങി; കുപ്പി തുറന്നാല്‍ നമ്മുടെ നങ്ങേലിക്കഥ പറയുന്ന ജിന്ന്. കേരളത്തിലെ സ്ത്രീകള്‍ക്കു സമര്‍പ്പിച്ചുകൊണ്ട് അയര്‍ലന്‍ഡില്‍ പുറത്തിറങ്ങിയ നാടന്‍മദ്യമായ 'മഹാറാണി' ജിന്നാണ് യൂറോപ്പിലെ മലയാളവീര്യമാകുന്നത്.

മലയാളത്തിന്റെ നവോത്ഥാനചരിതം മാത്രമല്ല, വയനാടന്‍ രുചിക്കൂട്ടും ചേര്‍ത്ത് അയര്‍ലന്‍ഡില്‍ ഒരു ഡിസ്റ്റിലറിതന്നെ തുറന്നിരിക്കുകയാണ് മലയാളിയായ ഭാഗ്യാ ബാരെറ്റും ഭര്‍ത്താവ് റോബര്‍ട്ട് ബാരെറ്റും. കോര്‍ക്ക് നഗരത്തിലെ ഈ ഡിസ്റ്റിലറിയില്‍നിന്ന് 'മഹാറാണി' എന്നപേരില്‍ കേരള രുചിയുള്ള, വോഡ്ക ശ്രേണിയില്‍പ്പെട്ട ജിന്‍ കഴിഞ്ഞദിവസം പുറത്തിറങ്ങി.

'വിപ്ലവ സ്പിരിറ്റ്' എന്ന മലയാളം ലേബലില്‍ റിബല്‍ സിറ്റി ഡിസ്റ്റിലറി പുറത്തിറക്കിയ മദ്യത്തിന്റെ അടപ്പില്‍ത്തന്നെയുണ്ട് 'മോക്ഷം' എന്ന മലയാളവചനം. ഈ മോക്ഷകവാടം തുറന്നാല്‍ ഉള്ളില്‍ കമ്പിളിനാരങ്ങ രുചിയോടൊപ്പം ഏലക്കയും ജാതിപത്തിരിയും കറുവപ്പട്ടയുമൊക്കെ ചേര്‍ന്ന സുഗന്ധലോകം. വയനാട്ടിലെ പ്രാദേശിക സ്ത്രീകൂട്ടായ്മയായ 'വനമൂലിക'യാണ് ഇവയൊക്കെ എത്തിക്കുന്നത്.

'സാമൂഹികരംഗത്ത് ശക്തമായ സാന്നിധ്യമായ കേരളത്തിലെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു' എന്ന് ഇംഗ്ലീഷിലും ആലേഖനം ചെയ്തിട്ടുണ്ട്. സ്വന്തം മാറിടം അരിഞ്ഞ് പ്രതിഷേധിച്ച നങ്ങേലിയുടെ വീര്യത്തെ അനുസ്മരിക്കാനാണ് കുപ്പിയിലെ ഊരിപ്പിടിച്ച വാളിന്റെ ചിത്രം. ലോക്ഡൗണിന് അയവുവന്ന് പബ്ബുകള്‍ തുറക്കാന്‍ തുടങ്ങിയ അയര്‍ലന്‍ഡില്‍ 'മഹാറാണി'ക്ക് ആവശ്യക്കാരേറെ. കുപ്പിയിലെ മലയാളം എഴുത്തും ചിത്രങ്ങളുംകണ്ട് കൗതുകമുണരുന്നവര്‍ നങ്ങേലിക്കഥയും കേരളത്തിന്റെ ചരിത്രവുമൊക്കെ തേടാറുണ്ടെന്ന് ഭാഗ്യ പറയുന്നു. കൊല്ലം കിളികൊല്ലൂര്‍ സ്വദേശിനിയായ ഭാഗ്യ ഐ.ടി. മേഖലയില്‍ പ്രോഗ്രാം എന്‍ജിനിയറാണ്. 2011-ല്‍ അയര്‍ലന്‍ഡിലെത്തി. 2017-ലാണ് അയര്‍ലന്‍ഡുകാരനായ റോബര്‍ട്ട് ബാരെറ്റിനെ വിവാഹം കഴിക്കുന്നത്. ഡിസ്റ്റിലറി മേഖലയില്‍ കണ്‍സല്‍ട്ടന്റായിരുന്ന റോബര്‍ട്ടിന്റെ ദീര്‍ഘനാളത്തെ സ്വപ്നമായിരുന്നു ഡിസ്റ്റിലറി തുടങ്ങുകയെന്നത്. ഭാഗ്യയില്‍നിന്നുള്ള കേട്ടറിവുകളിലൂടെ കേരളത്തിന്റെ സംസ്‌കാരവും സുഗന്ധവ്യഞ്ജനങ്ങളുമൊക്കെ ഇദ്ദേഹത്തിന് വിസ്മയമായി. വയനാട്ടിലെത്തിയ ഇദ്ദേഹം ഇവിടത്തെ ഏലയ്ക്കാഗന്ധം ഉള്ളില്‍ കോടകെട്ടിവെച്ചാണ് മടങ്ങിയത്. ഒടുവിലത് 'വിപ്ലവ സ്പിരിറ്റാ'യി മാറി. കേരളത്തിലെ സ്ത്രീകളുടെ സാമൂഹികബോധമാണ് ഫെമിനിസ്റ്റ് ചിന്താഗതിക്കാരിയായ തനിക്ക് പ്രചോദനമായതെന്ന് ഭാഗ്യ 'മാതൃഭൂമി'യോടു പറഞ്ഞു. ബ്രിട്ടീഷുകാരെ തുരത്തിയ പോരാട്ടവീര്യംകൊണ്ട് 'റിബല്‍ സിറ്റി' എന്നുകൂടി പേരുള്ള കോര്‍ക്ക് നഗരത്തില്‍ അങ്ങനെ മലയാളത്തിന്റെ വിപ്ലവസ്പിരിറ്റ് കൂടി ചേര്‍ന്നു. അയര്‍ലന്‍ഡ് സര്‍ക്കാരിന്റെ ഫുഡ് ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ സംരംഭം. ഓണ്‍ലൈനിലൂടെ കേരളത്തിലും എത്തിക്കാനുള്ള തയ്യാറെടുപ്പിലാണിവര്‍.

(നിയമപരമായ മുന്നറിയിപ്പ്- 'മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

Content Highlights: Ireland couple make vodka based gin named malayalam historical incident Nangeli Katha