എല്ലാവര്‍ഷവും ഒക്ടോബര്‍ ഒന്നാണ് അന്താരാഷ്ട്ര കാപ്പിദിനമായി ആചരിക്കുന്നത്. കാപ്പികര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ തിരിച്ചറിയുക, കാപ്പിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുക എന്നിവയാണ് ഈ ദിനമാചരിക്കുന്നതുകൊണ്ട് ലക്ഷ്യമിടുന്നത്. 

ജപ്പാനിലാണ് കാപ്പിക്കുവേണ്ടി ആദ്യമായി ഒരു ദിവസം മാറ്റിവെച്ചു തുടങ്ങിയത്. ലോകമെമ്പാടും കാപ്പി കയറ്റുമതി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിച്ച അവര്‍ കാപ്പിക്കുരു ഉത്പാദിപ്പിക്കുന്ന കര്‍ഷകരെ അഭിനന്ദിക്കാനുമായാണ് കാപ്പിദിനം ആചരിച്ചു തുടങ്ങിയത്.

ലോകമെമ്പാടും ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുന്ന പാനീയങ്ങളിലൊന്നാണ് കാപ്പി. പാലിനും ക്രീമിനും പഞ്ചസാരയ്ക്കുമൊപ്പം കാപ്പി കൂടി ചേര്‍ത്തുള്ള വ്യത്യസ്ത വിഭവങ്ങള്‍ ഇന്ന് ലഭ്യമാണ്.

1963-ല്‍ ലണ്ടനിലാണ് ഇന്റര്‍നാഷണല്‍ കോഫീ ഓര്‍ഗനൈസേഷന്‍ നിലവില്‍ വന്നത. 2015-നാണ് അന്താരാഷ്ട്ര കാപ്പിദിനമായി ഒക്ടോബര്‍ ഒന്നിനെ ആദ്യമായി പ്രഖ്യാപിക്കുന്നത്.

അല്‍പം ചരിത്രം

1983 മുതല്‍ സമാനമായരീതിയിലുള്ള ആചരണം ജപ്പാന്‍ തുടക്കമിട്ടിരുന്നു. ഓള്‍ ജപ്പാന്‍ കോഫീ അസോസിയേഷനാണ് അതിന് ചുക്കാന്‍ പിടിച്ചത്. 2005-ല്‍ യു.എസും ദേശീയ കാപ്പി ദിനം ആചരിച്ചുതുടങ്ങി. 1997-ല്‍  ചൈനയിലെ ഇന്റര്‍നാഷണല്‍ കോഫീ അസോസിയേഷന്‍ കാപ്പിദിനം ആചരിച്ചിരുന്നു. അന്താരാഷ്ട്രതലത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുമ്പ് തന്നെ തായ്‌വാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലും കാപ്പിദിനം ആചരിച്ചിരുന്നു. തങ്ങളുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് തായ്‌വാന്‍ കാപ്പി ദിനം ആഘോഷിച്ചത്. 2015-ല്‍ ഒക്ടോബര്‍ ഒന്നിന് ഇന്റര്‍നാഷണല്‍ കോഫീ അസോസിയേഷന്‍ ഔദ്യോഗികമായി കാപ്പിദിനം പ്രഖ്യാപിച്ചതോടെ ലോകമെമ്പാടും ഈ ദിനം പ്രാധാന്യത്തോടെ ആചരിക്കാന്‍ തുടങ്ങി. 

ദിനത്തിന്റെ പ്രധാന്യം

ലോകമെമ്പാടും കാപ്പിയ്ക്ക് ഏറെ ആരാധകരുണ്ടെങ്കിലും അവ ഉത്പാദിപ്പിക്കുന്ന കര്‍ഷകരെക്കുറിച്ചും അവര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ആര്‍ക്കുമറിയില്ല. കാപ്പിക്കുരു കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും സാമ്പത്തിക അസ്ഥിരതയെക്കുറിച്ചും ജനങ്ങളോ ബോധവത്കരിക്കുക എന്നതാണ് ഈ ദിനമാചരിക്കുന്നതുകൊണ്ട് ലക്ഷ്യമിടുന്നത്. കാപ്പിയുടെ സുഗമമായ വ്യാപാരം പ്രോത്സാഹിപ്പിക്കുക എന്നൊരു ലക്ഷ്യം കൂടി ഈ ദിനത്തിനുണ്ട്. കാപ്പികൊണ്ടുള്ള വ്യത്യസ്ത വിഭവങ്ങളൊരുക്കി കാപ്പി പ്രേമികളും ദിനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

Content Highlights: international coffee day 2021 all about its date history and significance