
മറിയാമ്മ ദേശീയപാതയോരത്ത് ബിരിയാണി വിൽപ്പനയിൽ
ചേര്‍ത്തല: 'എനിക്ക് കാലുകളില്ലെന്നേയുള്ളു... ഞാനുണ്ടാക്കുന്ന ബിരിയാണിക്ക് ഒരു കുറവുമുണ്ടാകില്ല... കുറവുവന്നാല്‍ നാളെയെനിക്കിങ്ങോട്ട് വരാനാകുമോ...' മറിയാമ്മയുടെ വാക്കുകള്‍ വെറുതെയല്ല, രാവിലെമുതല്‍ മറിയാമ്മയുടെ വരവും കാത്ത് പലരുമുണ്ടിപ്പോള്. കൃത്യം 11ന് നീന്തിയും നിരങ്ങിയും ഒരു ചെറിയചെമ്പ് ബിരിയാണിയും കൂട്ടുകളുമായി ഇവരെത്തും.
പിന്നെ പാതയോരത്തിരുന്ന് വില്‍പ്പന. ചെമ്പൊഴിയുമ്പോള് വീട്ടിലേക്ക് മടക്കം. ഇത് മറിയാമ്മ, ജന്മനാതന്നെ രണ്ടുകാലുകളും പൂര്‍ണമായി തളര്‍ന്ന നാല്‍പ്പത്തിനാലുകാരി. കാലുകളില്ലെങ്കിലും ജീവിത്തില്‍ തോറ്റുകൊടുക്കാന്‍ ഇവര്‍ തയ്യാറായില്ല.
ബജിയുണ്ടാക്കി അര്‍ത്തുങ്കല്‍ തീരത്ത് കച്ചവടമായിരുന്നു അടുത്തിടെവരെ. ബജി വില്‍പ്പനയില്‍ മത്സരം കൊഴുത്തതോടെ ഇരുന്നിടത്ത് നിന്നെഴുന്നേല്‍ക്കാതെ മത്സരിക്കാനാകില്ലെന്നതിനാല് അതില്നിന്നൊഴിഞ്ഞാണ് ബിരിയാണി കച്ചവടത്തിലേക്ക് തിരിഞ്ഞത്. മുഴുവന്‍ വിറ്റുപോയാല്‍ 500 രൂപയെങ്കിലും കിട്ടും.
സമ്പന്നയായില്ലെങ്കിലും ആരുടെയും മുന്നില്‍ കൈനീട്ടാതെ മരുന്നെങ്കിലും വാങ്ങാമല്ലോ എന്നാണ് മറിയാമ്മ പറയുന്നത്. കാലുകളുടെ തളര്‍ച്ച മാത്രമല്ല, ഒരുപാട് ശാരീരിക അവശതകള്‍ കടന്നാണ് ഇവരെത്തുന്നത്. ഹൃദയവാല്‍വിന് തകരാര്വന്ന ഭര്‍ത്താവ് ജോഷിയെയും പഠിക്കുന്ന രണ്ടുമക്കളെയും കാക്കുന്നത് ഈ രുചിക്കൂട്ടില്നിന്നുള്ള വരവുകൊണ്ടാണ്.
പതിനൊന്നിന് ചേര്‍ത്തല തങ്കിക്കവലയിലെത്താന് പുലര്‍ച്ചേതന്നെ കടക്കരപ്പള്ളി ഒറ്റമശ്ശേരിയിലെ അറക്കല്‍വീട്ടില്‍ അടുക്കളയുണരണം. പിന്നെയെല്ലാം വേഗത്തില്‍... നിരങ്ങിയെത്താന് കഴിയാത്തിടത്ത് സഹായവുമായി ഭര്‍ത്താവ് ജോഷിയെത്തും. രാവിലെ ബിരിയാണിയൊരുക്കി, ദ്രവിച്ചുതീരാറായ വീല്‍ച്ചെയറില്‍ റോഡുവരെയെത്തിച്ച് അവിടെനിന്ന് ഓട്ടോയിലാണ് കവലയിലെത്തുന്നത്. തങ്കിക്കവലയിലെ തണല്‍മരത്തില്‍ ചാരിയ പലകയില്‍ ഇരുന്നും പറ്റാതെവരുമ്പോള്‍ കിടന്നുമാണ് ബിരിയാണി വില്‍പ്പന.
80 രൂപ നിരക്കിലാണ് ബിരിയാണി വില്‍ക്കുന്നത്. കച്ചവടമൊന്ന് പച്ചപിടിച്ചാല്‍, തുരുമ്പെടുത്ത വീല്‍ച്ചെയര്‍ ഒന്നുമാറ്റണം... ഒരു ഇലക്ട്രോണിക് വീല്‍ച്ചെയര്‍ വാങ്ങണം... ഭര്‍ത്താവിന് നല്ല ചികിത്സ നല്‍കണം... ഇതൊക്കെയാണ് ഇവരുടെ സ്വപ്നങ്ങള്‍...
Content Highlights: inspiring story of a handicapped woman
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..