ബെംഗളൂരുവിൽ നവീകരിച്ച ഇന്ത്യ കോഫി ഹൗസ്
ബെംഗളൂരു: കോഫി ബോര്‍ഡിനു കീഴിലുള്ള രാജ്യത്തെ ഇന്ത്യ കോഫി ഹൗസുകള്‍ അതിജീവനത്തിനായുള്ള ശ്രമത്തില്‍. പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഗുണമേന്മയും തനതുരുചിയുമുള്ള കാപ്പിയും മറ്റ് ഭക്ഷണങ്ങളും വിളമ്പിയ 50 ഇന്ത്യ കോഫി ഹൗസുകളില്‍ ശേഷിക്കുന്നത് ഒമ്പതെണ്ണം മാത്രം. കേരളത്തില്‍ ഗുരുവായൂരില്‍ പ്രവര്‍ത്തിച്ചതും പൂട്ടി. കോഫി ഹൗസുകളുടെ മുഖം മിനുക്കി നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോഫി ബോര്‍ഡിപ്പോള്‍.
ഇതിന്റെഭാഗമായി, ബെംഗളൂരുവില്‍ കോഫി ബോര്‍ഡ് ആസ്ഥാനത്ത് അരനൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ കോഫി ഹൗസ് നവീകരിച്ച് പുതുമോടിയിലാക്കി. കൂടുതല്‍ പേര്‍ക്ക് ഭക്ഷണം വിളമ്പാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും ആകര്‍ഷകമാക്കുകയും ചെയ്തു. ഇത് ഫലംകണ്ടാല്‍ രാജ്യത്തെ മറ്റു കോഫി ഹൗസുകളും നവീകരിക്കുമെന്ന് കോഫി ബോര്‍ഡ് അസിസ്റ്റന്റ് സെക്രട്ടറി ആര്. അജിത് കുമാര്‍ 'മാതൃഭൂമി'യോട് പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ പാര്‍ലമെന്റ് മന്ദിരത്തിലും ജെ.എന്‍.യു.വിലും ഉദ്യോഗ് ഭവനിലുമുള്പ്പെടെ അഞ്ചും തിരുമലയിലും ചെന്നൈയിലും കൊല്‍ക്കത്തയിലും ഓരോ കോഫി ഹൗസുകളുമാണ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് കാപ്പിപ്പൊടി ഡിപ്പോകള്‍ വേറെയുണ്ട്.
1996-ല്‍ കാപ്പി ഉത്പാദകരില്‍നിന്ന് കാപ്പിപ്പൊടി ശേഖരിക്കുന്നതിനുള്ള കോഫി ബോര്‍ഡിന്റെ കുത്തക എടുത്തുകളഞ്ഞതിന്റെ തുടര്‍ച്ചയായാണ് കോഫി ഹൗസുകള്‍ പലതും പൂട്ടിയത്. ഇതോടെ, കാപ്പി ഉത്പാദകര്‍ക്ക് നേരിട്ട് പൊതുമാര്‍ക്കറ്റില്‍ വില്‍ക്കുന്നതിനുള്ള തടസ്സം നീങ്ങി. കോഫി ബോര്‍ഡില്‍ കാപ്പിയെത്തുന്നത് കുറഞ്ഞതോടെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടു.
തുടങ്ങിയത് 1936-ല്‍
ബ്രിട്ടീഷുകാരുടെ കാലത്തെ കോഫി സെസ് കമ്മിറ്റിയാണ് ഇന്ത്യയില്‍ ഇന്ത്യ കോഫി ഹൗസ് ശൃംഖലയ്ക്ക് തുടക്കമിട്ടത്. 1936-ല്‍ മുംബൈയിലെ ചര്‍ച്ച് ഗേറ്റില്‍ ആദ്യത്തെ കോഫി ഹൗസ് തുടങ്ങി. 1940-കളില്‍ കോഫി ബോര്‍ഡ് നിലവില്‍വന്നതോടെ ലാഹോര്‍ മുതല്‍ കന്യാകുമാരി വരെ 423 ഇന്ത്യ കോഫി ഹൗസ് യൂണിറ്റുകളുണ്ടായിരുന്നു. 1953-ല്‍ നഷ്ടംകാരണം കുറെ കോഫി ഹൗസുകള്‍ പൂട്ടി. ഇതിന്റെ ഭാഗമായി ഒട്ടേറെ തൊഴിലാളികളെ പിരിച്ചുവിട്ടു. അന്ന് കോഫി ബോര്‍ഡ് അംഗവും എം.പി.യുമായിരുന്ന എ.കെ. ഗോപാലന് (എ.കെ.ജി) ഈ തൊഴിലാളികളെ സംഘടിപ്പിച്ച് സൊസൈറ്റിക്ക് രൂപം നല്‍കിയാണ് പിന്നീട് ചരിത്രമായി മാറിയ ഇന്ത്യന്‍ കോഫി ഹൗസ് ശൃംഖലയ്ക്ക് രൂപം നല്‍കിയത്.
1978-ലാണ് ഇന്ത്യ കോഫി ഹൗസ് ഗുരുവായൂരിലെ ദേവസ്വം കെട്ടിടത്തില്‍ ആരംഭിച്ചത്. ദേവസ്വം ബോര്‍ഡ് കെട്ടിടം തിരികെ വാങ്ങിയതിനെത്തുടര്‍ന്ന് ഇത് 2015-ല്‍ പൂട്ടി.ഗുരുവായൂരിലും തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലുമുള്പ്പെടെ പുതിയ കോഫി ഹൗസുകള്‍ തുറക്കാന്‍ പദ്ധതിയുണ്ടെങ്കിലും ബോര്‍ഡ് നടപടിയെടുത്തിട്ടില്ല.കോഫി ഹൗസുകളുടെ ഫ്രാഞ്ചൈസികള്‍ നല്‍കാനും പദ്ധതിയുണ്ട്.
Content Highlights: india coffee houses waiting for survival, india coffee house, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..