കോയമ്പത്തൂര്‍: കച്ചവടം എത്ര ചെറിയ തോതിലാണെങ്കിലും ഇഡ്ഡലിയും ദോശയുമൊക്കെ ഉണ്ടാക്കി വില്‍ക്കുന്നവര്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാണെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) അധികൃതര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ബിസിനസ്സിന്റെ വലിപ്പച്ചെറുപ്പം പരിഗണിക്കില്ലെന്ന് വകുപ്പ് അറിയിച്ചു.

ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രാദേശികമായ ആവശ്യം പരിഗണിച്ച് ഒട്ടേറെപ്പേര്‍ വകുപ്പില്‍ രജിസ്റ്റര്‍ചെയ്യാതെ ഇഡ്ഡലിയും ദോശയും വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി. ഇഡ്ഡലിയും ദോശയുമെല്ലാം പെട്ടെന്ന് കേടുവരുന്നതാണ്. പഴക്കംവന്നവ ഒരുകാരണവശാലും വില്‍ക്കാന്‍ അനുവദിക്കില്ല. പാക്കറ്റുകളിലാക്കിയാണ് വില്‍ക്കുന്നതെങ്കില്‍ അവയില്‍ നിര്‍മാണത്തീയതി, കാലാവധി കഴിയുന്ന തീയതി തുടങ്ങിയവ രേഖപ്പെടുത്തിയിരിക്കണം. കാലാവധി കഴിഞ്ഞ ഉത്പന്നങ്ങളല്ല വാങ്ങുന്നതെന്ന് ഉപഭോക്താക്കളും ഉറപ്പുവരുത്തണമെന്ന് എഫ്.എസ്.എസ്.എ.ഐ. ഓഫീസര്‍ വിജയലളിതംബിക പറഞ്ഞു.

ജില്ലയില്‍ 127 ഇഡ്ഡലി, ദോശ നിര്‍മാണ യൂണിറ്റുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഇവയുടെ എണ്ണം 500-ലേറെ വരുമെന്നാണ് അധികൃതര്‍ കരുതുന്നത്. നഗരത്തില്‍ ഇഡ്ഡലി, ദോശ നിര്‍മാണ യൂണിറ്റുകളിലും പരിശോധന നടത്തിയ ഭക്ഷ്യവകുപ്പധികൃതര്‍ അവയില്‍ പലതും രജിസ്റ്റര്‍ ചെയ്യാത്തവയാണെന്ന് കണ്ടെത്തി.

നിലവില്‍ ജില്ലയില്‍ ഇത്തരത്തിലുള്ള മൂന്ന് സ്ഥാപനങ്ങള്‍ക്കുമാത്രമേ ഈ ലൈസന്‍സ് ലഭിച്ചിട്ടുള്ളൂ. മറ്റ് സ്ഥാപനങ്ങളോടും ലൈസന്‍സെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് വിജയലളിതാംബിക പറഞ്ഞു.

Content Highlights: idilli dosa unit registration palakkad food news food updates news