മറ്റൊരാളുടെ വിശപ്പ് അകറ്റാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ നന്മയെന്ന് പറയാറുണ്ട്. വിശപ്പ് അനുഭവിക്കുന്നവര്‍ക്ക് അത്തരത്തില്‍ തന്നെക്കൊണ്ടാവുംവിധം താങ്ങായി നിന്ന് വാർത്തകളിൽ നിറയുകയാണ് ഹൈദരാബാദ് സ്വദേശി രാമു ദോസാപതി. സ്വന്തം കൈയില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കിയാണ് രാമു സാധാരണക്കാരുടെ വിശപ്പകറ്റുന്നത്.
അമ്പതുലക്ഷത്തില്പ്പരം രൂപ ചെലവിട്ടാണ് രാമു സൗജന്യമായി അരി വിതരണം ചെയ്യുന്നത്. ഏപ്രില്‍ മുതല്‍ ഇന്നുവരെ ദിവസവും മുന്നോറോളം കുടുംബങ്ങള്‍ക്ക് അരി വിതരണം ചെയ്യുന്നുണ്ട്. ഇതിനകം ഇരുപത്തി അയ്യായിരത്തോളം കുടുംബങ്ങള്‍ക്കെങ്കിലും രാമുവിന്റെ സഹായഹസ്തമെത്തിയിട്ടുണ്ട്.
പ്രൊവിഡന്റ് ഫണ്ടില്‍ നിന്നുള്ള സമ്പാദ്യവും ഭൂമി വിറ്റു കിട്ടിയ പണവും ക്രെഡിറ്റ് കാര്‍ഡുമൊക്കെ ഉപയോഗിച്ചാണ് അമ്പതുലക്ഷം രൂപ തികച്ച് അരി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പം പുതിയ വീട് വാങ്ങണം എന്ന സ്വപ്നം മാറ്റിവച്ചാണ് രാമു പുതിയ ഉദ്യമത്തിന് മുതിര്‍ന്നത്. പുതിയ വീട്ടിലേക്ക് മാറണമെന്ന് മക്കള്‍ക്കും സ്വപ്നമുണ്ടായിരുന്നെങ്കിലും തെരുവില്‍ ദരിദ്രര്‍ വിശപ്പുമൂലം കേഴുമ്പോള്‍ വീട് എന്ന മോഹം മാറ്റിവെക്കുകയായിരുന്നുവെന്ന് രാമു.
ఇంట్లో సంపాదించే ఒక్క మనిషి మంచానికి పరిమితమై మందులు కొనటానికి ఇబ్బంది అవుతుంది.
— Ramu Dosapati (@dsramu) December 12, 2020
ఇల్లు గడవడం కష్టంగా ఉండి మన RICE ATM కి వచ్చిన సోదరీమణులకు మన చిన్న సాయం #riceatm pic.twitter.com/Ly8fEA7wEF
ഇനി താന്‍ ഇത്തരത്തില്‍ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ചും രാമു പങ്കുവെക്കുന്നുണ്ട്. ലോക്ഡൗണ്‍ കാലത്ത് ഒരുദിവസം ചിക്കന്‍ വാങ്ങാന്‍ പോയതായിരുന്നു രാമു. അവിടെ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥ രണ്ടായിരം രൂപയുടെ ചിക്കന്‍ വാങ്ങുന്നതു കണ്ടു. എന്തിനാണ് ഇത്രയധികം രൂപയ്ക്ക് ചിക്കന്‍ വാങ്ങുന്നതെന്നു ചോദിച്ചപ്പോള്‍ സമീപത്തുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് നല്കാനാണെന്നു പറഞ്ഞു. അവരുടെ ശമ്പളം എത്രയെന്നു ചോദിച്ചപ്പോള്‍ ആറായിരം രൂപയാണെന്നും പറഞ്ഞു. ഇത് രാമുവിനെ ഇരുത്തിച്ചിന്തിപ്പിച്ചു. ആറായിരം രൂപ ശമ്പളമുള്ള സ്ത്രീ രണ്ടായിരം രൂപ പാവങ്ങള്‍ക്കായി നീക്കിവെക്കുന്നുവെങ്കില് എന്തുകൊണ്ട് തനിക്കും അങ്ങനെ ചെയ്തുകൂടാ എന്നു ചിന്തിച്ചു.
തുടര്‍ന്ന് ആ സെക്യൂരിറ്റി ജീവനക്കാരിയുടെ സഹായത്തോടെ രാമു 192ഓളം കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ സഹായിച്ചു. തന്റെ നീക്കിയിരുപ്പായ ഒന്നരലക്ഷം രൂപ കൊണ്ട് അവര്‍ക്കായി ഭക്ഷണങ്ങള്‍ വാങ്ങി. പക്ഷേ അതും കുറച്ചു നാളത്തേക്കേ നീട്ടിക്കൊണ്ടുപോകാന്‍ കഴിഞ്ഞുള്ളു. അങ്ങനെയാണ് സമീപത്തുള്ള പലവ്യഞ്ജന കടയുമായി പങ്കാളിത്തമുണ്ടാക്കി അവരോട് റേഷന്‍ നല്കാന് പറയുന്നത്. പ്രൊവിഡന്റ് ഫണ്ടില്‍ നിന്നുള്ള പണമാണ് ഇതിനുവേണ്ടി ഉപയോഗിച്ചത്. അതില്‍ നിന്ന് മുപ്പത്തിയെട്ടര ലക്ഷം രൂപയെടുത്താണ് 'റൈസ് എടിഎം' എന്ന പേരില്‍ പാവങ്ങള്‍ക്കായി വിതരണം ആരംഭിച്ചത്.
തന്റെ അടുക്കലേക്ക് എത്തുന്ന ഒരാള്‍പ്പോലും അന്നത്തിനുള്ള വകയില്ലാതെ തിരിച്ചുപോകില്ലെന്ന് രാമു ഉറപ്പാക്കി. രാമുവിന്റെ സഹായ മനസ്കത സമൂഹമാധ്യമത്തില്‍ വൈറലാവുകയാണ്. ഇതുപോലെയുള്ള യുവാക്കളിലാണ് നാടിന്റെ പ്രതീക്ഷ എന്നു പറഞ്ഞാണ് പലരും രാമുവിന്റെ കഥ പങ്കുവെക്കുന്നത്.
Content Highlights: Hyderabad Man Runs ‘Rice ATM’, Spends 38 Lakhs From Own Pocket