Photo: reuters.com
ലോകമെങ്ങും കൊറോണയുടെ രണ്ടാം വരവിന്റെ ഭീക്ഷണിയിലാണ്. ഇതിനിടയിലും മനസ്സിന് സന്തോഷം നല്‍കുന്ന ചെറിയ ചെറിയ സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരത്തിലൊന്നാണ് ഒരു ഹംഗേറിയന്‍ പേസ്ട്രിഷോപ്പില്‍ നിന്നുള്ള കാഴ്ച. വിവിധ കോവിഡ് വാക്‌സിനുകളുടെ തീമിലുള്ള കേക്കുകളാണ് ഇവിടുത്തെ പ്രത്യേകത. കൊറോണ വാക്‌സിനെതിരെയുള്ള ആളുകളുടെ ആശങ്ക അകറ്റാനും വാക്‌സിനേഷന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനും ലക്ഷ്യമിട്ടാണ് ഈ മൂസ് കേക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
സുല്യാന്‍ ഫാമിലി പേസ്ട്രി ഷോപ്പെന്നാണ് ഈ ജനകീയ കേക്കുകടയുടെ പേര്. ചെറിയ ഗ്ലാസുകളില്‍ വര്‍ണാഭമായ ജെല്ലിടോപ്പിങുകളും മുകളില്‍ അലങ്കാരത്തിനായി സിറിഞ്ചുകളുടെ മാതൃകയും ഉള്‍ക്കൊള്ളിച്ചാണ് ഈ മൂസ്‌കേക്കുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. ജെല്ലിയുടെ ഓരോ നിറവും ഓരോ കോവിഡ് വാക്‌സിനെയാണ് സൂചിപ്പിക്കുന്നത്. സിട്രസ് മഞ്ഞ നിറം അസ്ട്രാ സെനെക്ക വാക്‌സിനേയും അല്‍പ്പം കടും മഞ്ഞ നിറം സിനോഫാമിനെയും പച്ച നിറം പിഫൈസറിനെയും ഓറഞ്ച് നിറം സ്പുട്‌നിക് വി-യെയും നീല നിറം മോഡേണ വാക്‌സിനേയുമാണ് സൂചിപ്പിക്കുന്നത്.
ഹംഗറിയിലെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കാനായുള്ള രജിസ്‌ട്രേഷന്‍ പ്രക്രിയയിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് ഈ വ്യത്യസ്തമായ മധുര പലഹാരങ്ങളുമായി സുല്യാന്‍ എത്തിയിരിക്കുന്നത്.
'ആളുകള്‍ക്ക് തങ്ങളുടെ ഇഷ്ട പ്രകാരം ഏത് വാക്‌സിന്‍ വേണമെന്ന് തീരുമാനിക്കാന്‍ കഴിയില്ല. ഡോക്ടര്‍മാരുടെ കൈയില്‍ ലഭ്യമായ വാക്‌സിന്‍ ഏതാണോ അത് സ്വീകരിക്കാനേ കഴിയൂ. ഇവിടെ ആളുകള്‍ക്ക് അവര്‍ക്ക് വേണ്ടത് ഏതാണോ ആ കേക്ക് തിരഞ്ഞെടുക്കാം. ഒരു രജിസ്‌ട്രേഷന്റെയും ആവശ്യമില്ല. യാതൊരു പാര്‍ശ്വ ഫലങ്ങളും ഇല്ല', സുല്‍യാന്‍ പാസ്ട്രി ഷോപ്പിലെ വില്‍പ്പനക്കാരനായ കാറ്റലിന്‍ ബെന്‍കോ പറയുന്നു. ഏതെങ്കിലും ഒരു പ്രത്യേക വാക്‌സിന് അനുകൂലമോ പ്രതികൂലമോ ആയ പ്രചാരണമൊന്നുമല്ല ഇതെന്നും കാറ്റലിന്‍ വ്യക്തമാക്കുന്നു.
'മുഖത്ത് ഒരു ചെറു പുഞ്ചിരി വിടരും എന്നത് മാത്രമാണ് ഈ മൂസ്‌കേക്കുകള്‍ കഴിച്ചാല്‍ ഉണ്ടാകാവുന്ന പാര്‍ശ്വ ഫലം.' അതുകൊണ്ട് ആര്‍ക്കും ഇത് കഴിച്ചു നോക്കാവുന്നതാണ് എന്നും കാറ്റലിന്‍.
Content Highlights: Hungarian pastry shop offers Corona vaccine-themed cakes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..