ജംബോ കിങ്ഡം | Photo: jumbokingdom.com/en/profile.html
ഹോങ്കോങ്ങിലെ ലോകപ്രശസ്തമായ ഒഴുകുന്ന റെസ്റ്റൊറന്റ് ജംബോ കിങ്ഡം കടലില്‍ മുങ്ങി. എന്നാല്‍, റെസ്റ്റൊറന്റ് മുങ്ങാനുള്ള കാരണമെന്തെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ജംബോ കിങ്ഡം എന്നറിയപ്പെട്ടിരുന്ന മൂന്നുനിലകളുള്ള റെസ്റ്റോറന്റാണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒഴുകുന്ന റെസ്റ്റൊറന്റായിരുന്നു ഇത് ഒരിക്കല്‍. ഹോങ്കോങ്ങിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായിരുന്ന ജംബോ ഏകദേശം 50 വര്‍ഷത്തോളമായി നീറ്റിലിങ്ങിയിട്ട്.
ഒരു തുറമുഖത്തേക്ക് റെസ്റ്റൊറന്റ് യാത്ര ചെയ്യുകയായിരുന്നുവെന്നും ചില പ്രതികൂല സാഹചര്യങ്ങളെത്തുടര്‍ന്ന് ഇത് തെക്കന്‍ ചൈനാ കടലിലുള്ള ഷിന്‍ഷ ദ്വീപുകള്‍ക്കു സമീപം തലകീഴായി മറിയുകയായിരുന്നുവെന്നും അബെര്‍ദീന്‍ റെസ്റ്റൊറന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് പത്രക്കുറിപ്പില്‍ അറിയിച്ചു. റെസ്റ്റൊറന്റിന്റെ നടത്തിപ്പുചുമതല അബെര്‍ദീന്‍ റെസ്റ്റൊറന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിനാണ്.
സംഭവത്തില്‍ അബെര്‍ദീന്‍ റെസ്റ്റൊറന്റ് എന്റര്‍പ്രൈസസ് അതീവ ദുഃഖത്തിലാണെന്നും അപകടത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ തേടുകയാണെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
അതേസമയം, അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ നിരവധി പേര് സാമൂഹികമാധ്യമങ്ങളിലൂടെ ദുഃഖം രേഖപ്പെടുത്തി. ചിലര്‍ റെസ്റ്റൊറന്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചപ്പോള്‍ ചിലരാകട്ടെ വിടവാങ്ങല്‍ സന്ദേശങ്ങള്‍ ഷെയര്‍ ചെയ്തു.
ഏകദേശം 80 മീറ്ററാണ് ജംബോ കിങ്ഡത്തിന്റെ ഉയരം. മറ്റൊരു ചെറിയ റെസ്റ്റൊറന്റ് ബോട്ട്, സീഫുഡ് ടാങ്കുകളുടെ പത്തേമാരി, അടുക്കള പ്രവര്‍ത്തിക്കുന്ന ബോട്ട്, സന്ദര്‍ശകരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന എട്ട് ചെറിയ കടത്തുതോണികള്‍ എന്നിവ അടങ്ങുന്നതാണ് ജംബോ കിങ്ഡം.
നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള ഈ റെസ്റ്റൊറന്റ് എലിസബത്ത് രാജ്ഞി, ജിമ്മി കാര്‍ട്ടര്‍, ടോം ക്രൂയിസ് തുടങ്ങിയവര്‍ക്ക് ആതിഥ്യമരുളിയിട്ടുമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..