തേനീച്ചകളില്ലെങ്കില്‍ ആപ്പിളും ഉള്ളിയും നാരങ്ങയുമൊന്നും ഉണ്ടാവുകയേയില്ല. ചില ഫലങ്ങളുടെ പൂക്കള്‍ക്കുള്ളില്‍ പരാഗണം നടത്താന്‍ തേനീച്ചകള്‍ക്കുമാത്രമേ കഴിയൂ. തേനീച്ചകളുടെ സാമീപ്യമുള്ളയിടങ്ങളിലെ കൃഷിസ്ഥലങ്ങളില്‍ മറ്റിടങ്ങളെക്കാള്‍ നല്ല ഫലസമ്പത്ത് ലഭിക്കും. തേനീച്ചകള്‍ ഇല്ലാതാകുന്തോറും 'ഭക്ഷണം പാകംചെയ്യേണ്ടവരാ'ണ് ഇല്ലാതാവുന്നത്
ഭൂമിയിലെ ഏറ്റവും വലിയ അന്നദാതാക്കളാണിവര്‍. തേനീച്ചകളും പൂമ്പാറ്റകളും വവ്വാലുകളും കുരുവികളുമെല്ലാമടങ്ങുന്ന പരാഗകാരികള്‍. ഒരു പൂവില്‍നിന്ന് മറ്റൊന്നിലേക്ക് പാറിപ്പറന്ന് കായ്കനികളുടെയും ധാന്യങ്ങളുടെയും രൂപത്തില്‍ ഭക്ഷണമൊരുക്കാന്‍ സസ്യങ്ങളെ പരാഗണത്തിലേക്ക് നയിക്കുന്നവര്‍. ഇവയിലേറ്റവും പ്രധാനി തേനീച്ചയാണ്. ആവാസവ്യസ്ഥയുടെ അടിസ്ഥാനഘടകം. തേനീച്ചകളില്ലെങ്കില്‍ ഭൂമി നശിച്ചുപോകുമെന്ന് ശാസ്ത്രം. എങ്കിലും മനുഷ്യന്റെ ചെയ്തികളുടെ ഫലമായും കാലാവസ്ഥാവ്യതിയാനം മൂലവും മറ്റു പല ജീവജാലങ്ങളെയുംപോലെ ഭൂമുഖത്തുതുടരാന്‍ തേനീച്ചകളും ഭീഷണി നേരിടുകയാണ്.
അദ്ഭുത പരാഗണങ്ങള്‍
ആപ്പിള്‍, ബദാം, ഉള്ളി, ബ്ലൂബെറി, വെള്ളരി, സ്ട്രോബറി, മത്തന്‍, മാമ്പഴം, റംബൂട്ടാന്‍, കിവി, പ്ലം, പേരയ്ക്ക, മാതളനാരങ്ങ, വെണ്ടയ്ക്ക, കശുവണ്ടി, പാഷന്‍ ഫ്രൂട്ട്, പലയിനം ബീന്‍സ്, ചെറി, സീതപ്പഴം, കാപ്പി, വാല്‍നട്ട്, പരുത്തി, ലിച്ചി, സൂര്യകാന്തി, നാരങ്ങ, അത്തിപ്പഴം, കാരറ്റ്, മുന്തിരി, പപ്പായ, തക്കാളി തുടങ്ങി 400-ഓളം വിളകള്‍ക്ക് പരാഗണം നടക്കണമെങ്കില്‍ തേനീച്ച തന്നെ വേണമെന്നാണ് പല പഠനങ്ങളും കാണിക്കുന്നത്.
തേന്‍ മൊഴികള്‍
- നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ 75 ശതമാനവും ഷഡ്പദങ്ങളുടെ സംഭാവനയാണ് (മനുഷ്യന് ആവശ്യമുള്ള ആകെ സസ്യങ്ങളുടെ 84 ശതമാനവും)
- തേനീച്ചകളുടെ മുരളല്‍ ചെടികളില്‍ നിന്ന് കീടങ്ങളെയകറ്റും
- തേന്‍ കയറ്റുമതിയില്‍ മുമ്പില്‍ ചൈനയും ന്യൂസീലന്‍ഡും. ഇന്ത്യയ്ക്ക് ആറാംസ്ഥാനം.
- ഏറ്റവുമധികം ഇനം തേന്‍ കയറ്റുമതി ചെയ്യുന്നത് ഇറ്റലി (30)
- കേരളത്തില്‍ അഞ്ചുവിധം തേനീച്ചകളെ കൃഷിക്കുപയോഗിക്കുന്നു
- ശുദ്ധമായ തേന്‍ വെള്ളത്തിലൊഴിച്ചാല്‍ വെള്ളവും തേനും അകന്നുനില്‍ക്കും. അശുദ്ധമാണെങ്കില്‍ വെള്ളത്തില്‍ കലര്‍ന്നുപോകും.
- തേന്‍മെഴുക് സൗന്ദര്യവര്‍ധകവസ്തുക്കള്‍ക്കുപയോഗിക്കുന്നു. ആയുര്‍വേദ, യുനാനി ചികിത്സകളില്‍ തേന്‍ ഔഷധമായി ഉപയോഗിക്കുന്നു.
ഓര്‍ക്കുക ചെറുതേനിന് വില 2000-ത്തിലേറെ
ഒരു കിലോഗ്രാം ചെറുതേനിന് 2000രൂപയിലേറെയാണ് വില. ഗുണനിലവാരമനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. വന്‍തേനിന് 350 മുതല്‍ തുടങ്ങുന്നു.
ഇവരാണ് ശത്രുക്കള്‍
- കൃഷിയിടത്തിലുപയോഗിക്കുന്ന കീടനാശിനികള്‍മൂലം ദശലക്ഷക്കണക്കിന് തേനീച്ചകളാണ് ഓരോ വര്‍ഷവും നശിക്കുന്നത്.
- കാലാവസ്ഥാ വ്യതിയാനവും ചൂടുകൂടുന്നതും
- ശത്രുക്കളായ ചിലയിനം കടന്നലുകളുടെ ആക്രമണം
- പരുന്തുകളടക്കമുള്ള പക്ഷികളുടെ ആക്രമണം
തേന്‍ദേവത
സ്‌പെയിനിലെ അരാനയിലെ 8000-ത്തോളം വര്‍ഷം പഴക്കമുള്ള ഗുഹാചിത്രങ്ങളില്‍ നിന്ന് അക്കാലത്ത് തേന്‍ ഉപയോഗിച്ചിരുന്നതിന്റെ തെളിവു ലഭിച്ചിട്ടുണ്ട്. പുരാതന റോമക്കാര്‍ തേനിന്റെ ദേവതയായി 'മെല്ലോന'യെ ആരാധിച്ചിരുന്നു.
18-ാം നൂറ്റാണ്ടില്‍ ആധുനിക തേനീച്ചവളര്‍ത്തലിന് തുടക്കമിട്ട ആന്റണ്‍ ജന്‍സയുടെ (സ്ലോവേനിയ) ജന്മദിനമായ മേയ് 20-നാണ് തേനീച്ചയുടെ പ്രാധാന്യം ലോകത്തെ ഓര്‍മിപ്പിക്കുന്നതിനായി ഐക്യരാഷ്ട്രസഭ തിരഞ്ഞെടുത്തിരിക്കുന്നത്. പരാഗകാരികളെ സംരക്ഷിക്കുന്നതിനായി ഇന്റര്‍നാഷണല്‍ പോളിനേറ്റര്‍ ഇനിഷ്യേറ്റീവ് (ഐ.പി.ഐ.) 2000-ത്തില്‍ പ്രവര്‍ത്തനം തുടങ്ങി. തേനീച്ച സംരക്ഷണത്തിനായി വിവിധരാജ്യങ്ങള്‍ക്ക് സാങ്കേതികസഹായങ്ങളും സംഘടന നല്‍കിവരുന്നു.
Content Highlights: honey bee day 2020