മേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. യു.എസ്. പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും എഴുപത്തിനാലുകാരനുമായ ഡൊണാള്‍ഡ് ട്രംപും എഴുപത്തിയേഴുകാരനായ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനുമാണ് 46ാം പ്രസിഡന്റ് സ്ഥാനത്തിനായി മത്സരിക്കുന്നത്. രാഷ്ട്രീയചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടയില്‍ തിരഞ്ഞെടുപ്പു തലേന്ന് ട്വിറ്ററില്‍ ട്രെന്‍ഡായത് മറ്റൊന്നായിരുന്നു, പനീര്‍ ടിക്ക. അമേരിക്കന്‍ തിരഞ്ഞെടുപ്പും ഇന്ത്യക്കാരുടെ പ്രിയവിഭവമായ പനീര്‍ ടിക്കയും തമ്മില്‍ എന്താണ് ബന്ധം എന്നു ചിന്തിച്ചവരുമുണ്ട്. ഇന്തോ- അമേരിക്കന്‍ വനിതയും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ പ്രമീള ജയപാല്‍ ആണ് ഇതിനു പിന്നില്‍. 

തിരഞ്ഞെടുപ്പ് തലേന്ന് നല്ലൊരു വിഭവമുണ്ടാക്കാന്‍ പദ്ധതിയിട്ട പ്രമീള അതിനായി പനീര്‍ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ കമലാ ഹാരിസിനുള്ള ആദര സൂചകമായാണ് പ്രമീള പനീര്‍ ടിക്ക തയ്യാറാക്കിയത് എന്നു കേള്‍ക്കുമ്പോഴാണ് തിരഞ്ഞെടുപ്പും വിഭവവും തമ്മിലുള്ള ബന്ധം വ്യക്തമാവുക. 

കഴിഞ്ഞ ദിവസം പ്രിയപ്പെട്ട ഇന്ത്യന്‍ ഭക്ഷണം ഏതെന്ന ചോദ്യത്തിന് ഇഡ്ഡലിയും സാമ്പാറും ടിക്കയുമാണെന്ന് കമലാ ഹാരിസ് പറഞ്ഞിരുന്നു. ഇതാണ് തിരഞ്ഞെടുപ്പിന്റെ തലേദിവസം തന്നെ പനീര്‍ ടിക്ക തയ്യാറാക്കാന്‍ പ്രമീളയെ പ്രചോദിപ്പിച്ചത്. തിരഞ്ഞെടുപ്പു ദിനത്തിന്റെ തലേരാത്രിയിൽ നിര്‍ബന്ധമായ കാര്യം എന്നു പറഞ്ഞാണ് പ്രമീളയു‌‌ടെ ട്വീറ്റ് തുടങ്ങുന്നത്. സുഖകരമായ ഭക്ഷണം തയ്യാറാക്കുക. ഇന്ന് പനീര്‍ ടിക്കയാണ്. തന്റെ പ്രിയപ്പെട്ട ഉത്തരേന്ത്യന്‍ വിഭവം ഏതു വിധത്തിലുമുള്ള ടിക്കയാണെന്ന് പറഞ്ഞ കമലാ ഹാരിസിനുള്ള ആദരമാണ് ഇതെന്നും ട്വീറ്റില്‍ പറയുന്നു. 

തയ്യാറാക്കിയ 'പനീര്‍ ടിക്ക'യുടെ ചിത്രം പങ്കുവെക്കുക മാത്രമല്ല അതു തയ്യാറാക്കുന്നതിന്റെ റെസിപ്പിയും പ്രമീള പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ പ്രമീള പങ്കുവച്ച ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയവരുമുണ്ട്. മറ്റൊന്നുമല്ല പനീര്‍ ടിക്കയെന്ന പേരില്‍ പ്രമീള പങ്കുവച്ചത് മലായ് പനീറിന്റെ ചിത്രമാണ്. എവി‌‌‌‌‌‌ടെയാണ് പനീര്‍ ടിക്ക ഇത്തരത്തില്‍ ഗ്രേവിയോടെ ലഭിക്കുക എന്ന് പ്രമീള പറയണമെന്ന് ആവശ്യപ്പെ‌ടുന്നവരുമുണ്ട്. എന്തായാലും പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഹാഷ്ടാഗുകള്‍ക്കൊപ്പം പനീര്‍ ടിക്കയും താരമായ ദിനമായിരുന്നു തിങ്കളാഴ്ച്ച.

Content Highlights: Here's Why Paneer Tikka Is Trending Amid US Election 2020