അഹ്സാൻ തെരുവോരത്ത് പാചകം ചെയ്യുന്നു, അഹ്സാൻ സ്വന്തമാക്കിയ റെസ്റ്ററന്റ് | Photo: twitter.com|daguywhocooks
വിജയത്തിലേക്ക് കുറുക്കുവഴികളൊന്നുമില്ല. കഠിനാധ്വാനത്തിലൂടെ നിശ്ചയദാർഢ്യം കൈവിടാതെ മുന്നേറിയാൽ ഏതു സ്വപ്നവും സാധ്യമാകും എന്നു തെളിയിക്കുന്നതാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്ന കഥ. അഹ്സാൻ എന്ന യുവാവാണ് ട്വിറ്ററിൽ പ്രചോദനാത്മകമായ തന്റെ കഥ പങ്കുവച്ചിരിക്കുന്നത്. തെരുവോരത്ത് താർപായയ്ക്ക് കീഴെ കട തുടങ്ങിയ ജീവിതത്തിൽ നിന്ന് ഇന്ന് റെസ്റ്ററന്റ് ഉടമ എന്ന പദവയിലേക്കെത്തിയതിനെക്കുറിച്ചാണ് അഹ്സാന്റെ കുറിപ്പ്.
വിജയം വരിക്കുന്നതിന് മുമ്പ് താൻ പലവിധത്തിലുള്ള ദുരിതങ്ങൾ അനുഭവിച്ചിരുന്നുവെന്ന് പറയുകയാണ് അഹ്സാൻ. ഒറ്റരാത്രി കൊണ്ടല്ല കഫേ തുടങ്ങാൻ തീരുമാനിച്ചതെന്നും അതിനു പിറകിൽ വർഷങ്ങളുടെ പരിശ്രമം ഉണ്ടെന്നും അഹ്സാൻ പറയുന്നു. താൻ മുമ്പ് ഭക്ഷണശാല നടത്തിയത് എങ്ങനെയെന്ന് ചിത്രം സഹിതം വിവരിക്കുന്നുമുണ്ട് അഹ്സാൻ.
മുകളിൽ ടാർപോളിൻ വിരിച്ച്, ഒരു മേശയും ഗ്രില്ലും മാത്രമായായിരുന്നു തുടക്കം. വളരെ ബുദ്ധമുട്ടിയ കാലമാണത്. സമൂഹമാധ്യമത്തിൽ ആളാവാൻ വേണ്ടിയല്ല ഇതൊന്നും പറയുന്നത് മറിച്ച് തങ്ങളുടെ പാഷനും ലക്ഷ്യങ്ങളും നേടിയെടുക്കാൻ കഷ്ടപ്പെടുന്നവർക്ക് ഒരു പ്രചോദനമാവാൻ വേണ്ടിയാണെന്ന് അഹ്സാൻ പറയുന്നു. ഒരുകാര്യവും ചെയ്യാൻ ഭയമോ നാണക്കേടോ തോന്നരുത്, അത് പൂജ്യത്തിൽ നിന്നാണ് തുടങ്ങുന്നത് എങ്കിൽപ്പോലും-അഹ്സാൻ പറയുന്നു.
തന്റെ സ്വപ്നങ്ങളാണ് ആ നിലയിൽ നിന്നും ഇവിടെയെത്താൻ സഹായിച്ചതെന്നും അഹ്സാൻ. അന്ന് ആ കട നടത്തുമ്പോൾ മറ്റുള്ള കടകളെല്ലാം കാണുമ്പോൾ താനും ഒരിക്കൽ ആ നിലയിലെത്തുമെന്ന് സ്വപ്നം കണ്ടിരുന്നു. ഇന്ന് തനിക്കതിന് സാധിച്ചു. നല്ലൊരു കരിയറിനായി കഷ്ടപ്പെടുന്ന എല്ലാവർക്കും ധൈര്യവും പ്രതീക്ഷയും പ്രചോദനവും പകരുന്നതാകട്ടെ തന്റെ ജീവിതമെന്നും അഹ്സാൻ.
നിരവധി പേരാണ് അഹ്സാന്റെ ട്വീറ്റിനു കീഴെ കമന്റുകളുമായെത്തിയിരിക്കുന്നത്. തെരുവോരത്ത് കച്ചവടം നടത്തുന്ന നാൾ മുതൽ അഹ്സാന്റെ പാചകാഭിരുചി പ്രസിദ്ധമാണെന്നും അന്നേ പലരും അഹ്സാനോട് റെസ്റ്ററന്റ് ഇടണമെന്ന് പറയുമായിരുന്നെന്നും കമന്റുകളുണ്ട്. വർഷങ്ങൾക്കിപ്പുറമാണെങ്കിലും ആഗ്രഹിച്ച സ്വപ്നം നേടിയെടുത്തതിൽ കാഴ്ച്ചക്കാരെന്ന നിലയ്ക്ക് സന്തോഷമുണ്ടെന്നും പറയുന്നവരുണ്ട്.
Content Highlights: guy shares his struggling journey one tarpal to cafe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..