പയോ​ഗശൂന്യമായ റെയിൽവേ കോച്ചിനെ ഭക്ഷണശാലയാക്കി മാറ്റിയ ഇന്ത്യൻ റെയിൽവേയുടെ ആശയം പുറത്തുവന്ന് അധികമായില്ല. മുംബൈയിലെ ഛത്രപ്രതി ശിവജി ടെർമിനസിലെ റെയിൽവേ കോച്ച് ആണ് റെസ്റ്ററന്റ് ആക്കി മാറ്റിയത്. അത് റെയിൽവേ കോച്ച് ആയിരുന്നെങ്കിൽ ഇപ്പോൾ വാർത്തയിലിടം നേടുന്നത് ഒരു എയർക്രാഫ്റ്റ് റെസ്റ്ററന്റ് ആണ്, 

​ഗുജറാത്തിലാണ് സം​ഗതിക്ക് തുടക്കമിട്ടിരിക്കുന്നത്. വഡോദര ന​ഗരത്തിലെ ടാർസാലി ബൈപ്പാസിലാണ് എയർക്രാഫ്റ്റ് റെസ്റ്ററന്റ് സ്ഥിതി ചെയ്യുന്നത്. ലോകത്തിൽ തന്നെ എയർക്രാഫ്റ്റ് തീമിൽ ഡിസൈൻ ചെയ്തിട്ടുള്ള ഒമ്പതാമത്തെ റെസ്റ്ററന്റ് ആണിത്. ഉപയോ​ഗശൂന്യമായ വിമാനഭാ​ഗങ്ങൾ ഉപയോ​ഗിച്ച് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ നാലാമത്തെ റെസ്റ്ററന്റ് ആണിത്. 

ബെം​ഗളൂരുവിലെ ഒരു കമ്പനിയിൽ നിന്ന് 1.40 കോടി രൂപയ്ക്കാണ് വാങ്ങിയ എയർബസ് 320 ആണ് ഭക്ഷണശാലയാക്കി മാറ്റിയത്. വിമാനത്തിന്റെ ഓരോ ഭാ​ഗവും വഡോ​ദരയിൽ എത്തിച്ച് റെസ്റ്ററന്റ് രൂപത്തിലേക്ക് ആക്കി മാറ്റുകയായിരുന്നു. 102 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഈ വിമാന റെസ്റ്ററന്റിലുള്ളത്.

ഏകദേശം രണ്ടുകോടിയോളമാണ് വിമാന റെസ്റ്ററന്റിനു വേണ്ടി ചെലവായത്. യഥാർഥ വിമാനത്തിൽ ഇരിക്കുന്ന പ്രതീതിയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഇനി വിമാന റെസ്റ്ററന്റിലെ തൊഴിലാളികൾക്കും പ്രത്യേകതയുണ്ട്. എയർഹോസ്റ്റസുമാർക്ക് സമാനമായിട്ടായിരിക്കും ഇവരുടെ വേഷവിധാനം. 

രുചിവൈവിധ്യങ്ങളും റെസ്റ്ററന്റിൽ ഒരുക്കിയിട്ടുണ്ട്. ചൈനീസ്, പഞ്ചാബി, കോണ്ടിനെന്റൽ, ഇറ്റാലിയൻ, മെക്സിക്കൻ, തായ് തുടങ്ങി നാടനും ലോകോത്തര രുചികളുമെല്ലാം ഇവിടെ ലഭ്യമാണ്.

Content Highlights: Gujarat gets its first airplane restaurant