എല്ലാ ദിവസവും പൈലറ്റിന്റെ യൂണിഫോം ധരിച്ച് അസ്‌റിന്‍ മുഹമ്മദ് വീട്ടില്‍ നിന്ന് ജോലിക്കിറങ്ങും. വെള്ള യൂണിഫോമും കറുത്ത തൊപ്പിയും കഴിഞ്ഞ ഇരുപതു വര്‍ഷമായി അസ്‌റിന്റെ ആത്മവിശ്വാസമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഒരുമാസമായി ഔദ്യോഗിക വസ്ത്രമണിഞ്ഞ് അസ്‌റിന്‍ പോകുന്നത് എയര്‍പോര്‍ട്ടിലേക്കല്ല മറിച്ച് ഭക്ഷണവില്‍പന ശാലയിലേയ്ക്കാണ്. കഴിക്കാനല്ല, ജോലിക്ക്.
ക്വാലാലംപൂരില്‍ നടത്തുന്ന ചെറിയൊരു നൂഡില്‍സ് കടയാണ് ഇന്ന് അസ്‌റിന്റെ വരുമാന മാര്‍ഗം. കൊറോണ പ്രതിസന്ധിയോടെ ജോലി നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകളില്‍പ്പെട്ടയാളാണ് അസ്‌റിനും. മാലിന്‍ഡോ എയറില്‍ ജോലി ചെയ്തിരുന്ന നാല്‍പ്പത്തിനാലുകാരനായ അസ്‌റിന്‍ മഹാമാരിക്കാലത്തെ സാമ്പത്തിക പ്രതിസന്ധിയകറ്റാനാണ് ജോലി നഷ്ടപ്പെട്ടപ്പോള്‍ നൂഡില്‍സ് കട തുടങ്ങിയത്.
മലേഷ്യന്‍ വിഭവങ്ങള്‍ വില്‍ക്കുന്ന ചെറിയൊരു കടയാണ് അസ്‌റിന്‍ തുടങ്ങിയത്. നാലു മക്കളുടെ അച്ഛനായ അസ്‌റിന് പൈലറ്റ് ജോലി നഷ്ടപ്പെട്ടപ്പോള്‍ പാചകത്തിലേക്ക് തിരിയാന്‍ അധികം ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ കറി നൂഡില്‍, ലക്‌സാ, റോജക് എന്നിവ തയ്യാറാക്കുന്ന കടയ്ക്ക് തുടക്കം കുറിച്ചു. അവിടെ പാചകം ചെയ്യുന്നതും വിളമ്പുന്നതുമൊക്കെ പൈലറ്റ് വേഷത്തില്‍ തന്നെ.
ക്യാപ്റ്റന്‍ ലുക്കില്‍ നിന്ന് പാചകം ചെയ്യുന്ന അസ്‌റിന്റെ ചിത്രം വൈകാതെ സമൂഹമാധ്യമത്തില്‍ വൈറലാവുകയും ചെയ്തു. തന്റെ മുമ്പത്തെ ജോലിയെയും ഇപ്പോഴത്തെ വരുമാന മാര്‍ഗത്തെയും മറക്കാതെ ക്യാപ്റ്റന്‍സ് കോര്‍ണര്‍ എന്ന പേരാണ് കടയ്ക്ക് നല്‍കിയിരിക്കുന്നത്. മഹാമാരി മൂലം ജോലി നഷ്ടപ്പെട്ട പലര്‍ക്കും ജീവിതമാര്‍ഗത്തിനായി പുത്തന്‍ വഴികള്‍ തേടാന്‍ തന്റെ ജീവിതം മാതൃകയാവുമെന്ന പ്രതീക്ഷയിലാണ് അസ്‌റിന്‍. വെല്ലുവിളികളെ പുണര്‍ന്ന് ഒരിക്കലും വിട്ടുകൊടുക്കാതെ പോരാടണം.
വിമാനം പറപ്പിക്കുന്നതുപോലെ തന്നെയാണത്, നമ്മള്‍ മുന്നോട്ടു തന്നെ പൊയ്‌ക്കൊണ്ടിരിക്കണം- അസ്‌റിന്‍ പറയുന്നു.
Content Highlights: Grounded Malaysian pilot’s noodle shop is a hit among people