ആലപ്പുഴ: ഉയരം കൂടുന്തോറും ചായയ്ക്ക് കടുപ്പമേറും. ഈ പരസ്യവാചകത്തിന് ആലപ്പുഴ കൊട്ടാരപ്പാലത്തിനടുത്ത് ഒരു തിരുത്തുണ്ട്. വില കുറയുന്തോറും ചായയ്ക്ക് ആളുകൂടും. ഇതാണ് ഗോപിച്ചേട്ടന്റെ പേരില്ലാത്ത ചായക്കടയുടെ എഴുതപ്പെടാത്ത പരസ്യവാചകം. നഗരങ്ങളില്‍ ഒരിടത്തും കിട്ടാത്ത വിലക്കുറവാണ് ഇവിടെ ചായയ്ക്ക്. വില വെറും അഞ്ചുരൂപ മാത്രം. 10 കൊല്ലം മുമ്പുള്ള അതേ നിരക്ക്. 50 കൊല്ലമായി ചായക്കച്ചവടം നടത്തുന്ന കെ.ഗോപി എന്ന 73കാരനാണ് വിലക്കുറവിന്റെ ഈ സൂപ്പര്‍ ചായ തയ്യാറാക്കുന്നത്. രാവിലെ മാത്രമാണ് ചായയുടെ വില്‍പ്പന.

പഞ്ചസാരയുടെയും തേയിലയുടെയും വില കുതിച്ചുയരുമ്പോഴും അടുത്തൊന്നും ചായയുടെ വില കൂട്ടാനുദ്ദേശിക്കുന്നില്ലെന്ന് ഗോപിച്ചേട്ടന്‍. 'ഇപ്പോള്‍ അരി വാങ്ങിക്കാനുള്ള കാശ് ഇതില്‍നിന്ന് കിട്ടുന്നുണ്ട്. അതിമോഹമൊന്നുമില്ല.' ഗോപിച്ചേട്ടന്റെ ആത്മാര്‍ഥതയുള്ള ഈ വാക്ക് തന്നെയാണ് കടുപ്പത്തിലുള്ള നല്ലൊരു ചായ തേടി ഇപ്പോഴും ഇങ്ങോട്ട് ആളുകള്‍ എത്താന്‍ കാരണം.

രണ്ട് ഷീറ്റ് മേല്‍ക്കൂരയുടെ താഴെ ഒരു പഴകിയ പലക. അവിടെയാണ് ചായത്തട്ട്. രാവിലെ നടക്കാനിറങ്ങുന്നവര്‍, രാത്രി പട്രോളിങ്ങിനിറങ്ങി പുലര്‍ച്ചേ മടങ്ങുന്ന പോലീസുകാര്‍, ജിമ്മില്‍ മസില്‍ പെരുപ്പിക്കാനെത്തുന്ന ന്യൂ ജനറേഷന്‍ പയ്യന്‍മാര്‍, പഴയ തലമുറയിലെ സ്ഥിരം കസ്റ്റമേഴ്‌സ്... അങ്ങനെ നീളുന്നു ചായകുടിക്കാനെത്തുന്നവര്‍.

ആലപ്പുഴ നഗരത്തിലെ പഴയ മെഡിക്കല്‍ കോളേജ് ആശുപത്രി(ഇപ്പോള്‍ ജനറല്‍ ആശുപത്രി)യ്ക്കടുത്തായിരുന്നു ഗോപിയുടെ ചായക്കട. ഇവിടെ 30 വര്‍ഷത്തോളം കടയുണ്ടായിരുന്നു. പിന്നീട് പഴയ സൂര്യ തിയേറ്ററിന് സമീപത്തേക്ക് മാറ്റി. അവിടെനിന്നാണ് 10 കൊല്ലം മുമ്പ് വീടിനടുത്തുള്ള കൊട്ടാരപ്പാലത്തിനടുത്തേക്ക് കൊണ്ടുപോന്നത്. ചായക്കട മാറ്റിയെങ്കിലും ആദ്യസ്ഥലത്ത് ചായകുടിക്കാനെത്തിയവര്‍ ഇപ്പോഴും ഇവിടെയെത്തുന്നു.

ചായയ്ക്ക് 10 രൂപമുതല്‍ 12 രൂപവരെയൊക്കെയാണ് സാധാരണ ഹോട്ടലുകളില്‍ ഈടാക്കുന്നത്. എന്നിട്ടും പകുതിയില്‍ താഴെ വിലയ്ക്കാണ് ഗോപി ചായ നല്‍കുന്നത്.ഗോപി അത്ര വലിയ സാമ്പത്തികചുറ്റുപാടുള്ള ആളല്ല. കൊട്ടാരത്തോടിനോട് ചേര്‍ന്നുള്ള ഒന്നരസെന്റിലെ ഷീറ്റിട്ട കൊച്ചുവീട്ടിലാണ് ഗോപിയുടെ താമസം. ഭാര്യ ലീലയോടും മക്കളോടുമൊപ്പം തന്റെ കൊച്ചു ചായക്കടയില്‍നിന്ന് കിട്ടുന്ന വരുമാനംകൊണ്ടാണ് കഴിയുന്നത്.

ചായക്കടയില്‍ എത്തുന്നവര്‍ക്ക് ഭാഗ്യം പരീക്ഷിക്കാനും ഗോപി അവസരമൊരുക്കിയിട്ടുണ്ട്. ലോട്ടറിയും വില്‍പ്പനയ്ക്കുണ്ട്. കച്ചവടം പുലര്‍ച്ചേയായതിനാല്‍ പത്രവുമുണ്ട്. ചിലപ്പോള്‍ ലോട്ടറി എടുക്കാന്‍ പണമില്ലാതെ വരും. പക്ഷേ, ചായ കുടിക്കാനെത്തുന്നവര്‍ പണം കടംനല്‍കി ഗോപിയെ സഹായിക്കും. കിട്ടുമ്പോള്‍ തിരിച്ചുനല്‍കും. ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടെങ്കിലും തന്നെ താനാക്കിയ ചായക്കട വിടാനോ വിലകൂട്ടാനോ ഗോപി തയ്യാറല്ല. കാരണം, ഗോപി എന്ന ചായക്കടക്കാരന്‍ ഹാപ്പിയാണ്.

Content Highlights: gopi selling tea for five rupees