ഒരു നേരത്തെ ഭക്ഷണത്തിനായി അലയുമ്പോള്‍ ഓടിയെത്താനായി ഒരിടം അതാണ് സഖീന ഹലാല്‍ ഗ്രില്‍ . വാഷിങ്ടണിലെ ഈ ഹോട്ടല്‍ നിരാലംബരായ ആളുകള്‍ക്ക് ഭക്ഷണം സൗജന്യമായി നല്‍കുന്നു. പാകിസ്താന്‍കാരനായ ഖാസി മന്നനാണ് ഈ കടയുടെ ഉടമ. 

പാകിസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ച ഖാസിയുടെ ജീവിതം പട്ടിണി നിറഞ്ഞതായിരുന്നു. ചെറുപ്പക്കാലത്ത് അനുഭവിച്ച പട്ടിണിയുടേയും ദാരിദ്രത്തിന്റേയും ഓര്‍മ്മകളാണ് ഖാസി ഇത്തരമൊരു റസ്റ്റോറന്റ് തുടങ്ങുന്നതിന്  കാരണമായത്. പിന്നീട് പാക്കിസ്താന്‍ വിട്ട് അമേരിക്കയിലേക്ക് ചേക്കേറിയ ഖാസി ഇന്ന് ഒട്ടേറെ പേര്‍ക്ക് അന്നം നല്‍കുന്നു

ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ഹോട്ടലില്‍ ഇരുത്തി ഭക്ഷണം നല്‍കും. ഭക്ഷണം കഴിക്കാന്‍ നിവര്‍ത്തിയില്ലെങ്കില്‍ ഇവിടെ വരു ഭക്ഷണം കഴിക്കൂ, എന്നാണ് ഖാസി ആളുകളോട് പറയുന്നത്. താമസിക്കാനൊരു വീടോ ഉടുക്കാന്‍ നല്ലൊരു വസ്ത്രമോ ഇല്ലാത്ത പാവപ്പെട്ടവരെ കണ്ടെത്തി അവര്‍ക്ക് താന്‍ ഭക്ഷണം കൊടുക്കും. അത്തരത്തിലുള്ള മനുഷ്യരെ കാണുമ്പോള്‍  തനിക്ക് എന്തെന്നില്ലാത്ത വിഷമം വരാറുണ്ടെന്നും ഖാസി പറഞ്ഞു. 

വാഷിങ്ടണിലെ വൈറ്റ്ഹൗസിന് സമീപത്താണ് ഖാസി നടത്തുന്ന റസ്റ്റോറന്റ്. 2013ല്‍ ആരംഭിച്ച റസ്റ്റോറന്റില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി 80,000ല്‍ അധികം ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം മാത്രം 16,000 സൗജന്യഭക്ഷണമാണ് ഖാസിയുടെ റസ്റ്റോറന്റില്‍ വിതരണം ചെയ്യുന്നത്. അമേരിക്ക പോലുള്ളൊരു വികസിത രാജ്യത്ത് വിശന്നിരിക്കുന്ന പൗരന്‍മാര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയാത്തത് ഭരണാധികാരികളുടെ പരാജയമാണ്.തികച്ചും നാണക്കേടാണെന്നും ഖാസി പറയുന്നു. 

Content Highlights: giving food to homeless people, washington, sakina halal grill, pakisthani, food news, food updates