ഹാരി പോട്ടര്‍ സിനിമ കണ്ട ആര്‍ക്കും അതിലെ ഹോഗ്‌വാര്‍ട്ട് കോട്ടയും അത് നിലനില്‍ക്കുന്ന താഴ്വരയും മറക്കാന്‍ കഴിയില്ല. ഹാരിപോട്ടര്‍ സീരിസിലെ ആദ്യഭാ​ഗം 'ഹാരി പോട്ടര്‍ ആന്‍ഡ് ദ ഫിലോസഫേഴ്‌സ് സ്റ്റോണ്‍' പുറത്തിറങ്ങിയിട്ട് 20 വര്‍ഷം പൂര്‍ത്തിയായതിന്റെ ആഘോഷങ്ങള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി നിര്‍മിച്ച ഭീമന്‍ കേക്കാണ് വാര്‍ത്തകളില്‍ നിറയുന്നത്. സിനിമ ചിത്രീകരിച്ചിരിക്കുന്ന ഏഴുനിലകളുള്ള ഹോഗ്‌വാര്‍ട്ട് കോട്ടയുടെയും കോട്ട നില്‍ക്കുന്ന താഴ്‌വരയുടെയും മാതൃകയിലാണ് കേക്ക് നിര്‍മിച്ചിരിക്കുന്നത്. 

100 കിലോഗ്രാം ഭാരമുള്ള കേക്കിന് ആറ് അടി വീതിയും അഞ്ച് അടി ഉയരവുമാണ് ഉള്ളത്. വാറ്റ്‌ഫോഡിലെ ലീവെസ്ഡനിലുള്ള വാണര്‍ ബ്രോസ് സ്റ്റുഡിയോ ടൂറിലാണ് കേക്ക് അനാച്ഛാദനം ചെയ്തത്. ഈ കേക്കിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. വീഗന്‍ സൗഹൃദമായാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. കേക്ക് നിര്‍മാണത്തില്‍ വൈദഗ്ധ്യം നേടിയ മിഷല്ലെ വിബോവോയുടെ നേതൃത്വത്തില്‍ 320 മണിക്കൂറുകള്‍ കൊണ്ടാണ് കേക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 

ദാരിദ്ര്യനിര്‍മാര്‍ജനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വണ്‍ വിഷന്‍ എന്ന പ്രാദേശിക സംഘടനയ്ക്ക് ഈ കേക്ക് വാണര്‍ ബ്രോസ് കൈമാറി. തങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്ന എല്ലാവരിലേക്കും കേക്ക് എത്തിച്ചു നല്‍കുന്നത് ഉറപ്പുവരുത്തുമെന്ന് കേക്കിന്റെ ചിത്രം ട്വിറ്റര്‍ പങ്കുവെച്ചുകൊണ്ട്  വണ്‍ വിഷന്‍ വ്യക്തമാക്കി.

Content highlights: Harry Potter film series, 20th anniversary of first harry potter film, To remark the occasion 100 KG cake was made