തൃശ്ശൂര്‍: സംസ്ഥാനത്തെ മുന്നൂറോളം ബേക്കറികളിലെ 1300 പാചക വിദഗ്ധര്‍ ബുധനാഴ്ച തൃശ്ശൂരില്‍ ഒരുക്കിയത് 5300 മീറ്റര്‍ നീളമുള്ള ചോക്ലേറ്റ് കേക്ക്.

ബേക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള രാമനിലയത്തിനുചുറ്റും തീര്‍ത്ത കേക്ക്‌വലയം ഗിന്നസ് റെക്കോഡ് നേടി. തൃശ്ശൂരില്‍ ഒരു മാസമായി നടന്ന ഹാപ്പി ഡേയ്‌സ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ സമാപനത്തിന്റെ ഭാഗമായാണ് ഭീമന്‍ കേക്ക് ഒരുക്കിയത്.

ഒരടി നീളവും അഞ്ചിഞ്ച് കനവും അഞ്ചിഞ്ച് വീതിയുമുള്ള വാനില സ്പഞ്ച് കേക്കുകള്‍ ഒന്നിനുപിറകെ ഒന്നായി നിരത്തിയശേഷം ചോക്ലേറ്റ് ക്രീമില്‍ പൊതിഞ്ഞാണ് കേക്ക് തയ്യാറാക്കിയത്. ഏഴുവലയങ്ങളായി ക്രമീകരിച്ച മേശകള്‍ക്കുമേലാണ് കേക്ക് ഒരുക്കിയത്. അറുപതുലക്ഷം രൂപയാണ് ചെലവായത്.

ഗിന്നസ് അധികൃതര്‍ നീളവും ഗുണമേന്മയും പരിശോധിച്ചശേഷം കേക്ക് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു. ഗിന്നസ് റെക്കോഡ് നേടിയതിന്റെ സാക്ഷ്യപത്രം അധികൃതര്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ അധികാരികളെ ഏല്‍പിച്ചു. ചൈനയിലെ ജിയാങ്‌സി ബേക്കറി അസോസിയേഷന്‍ സിഷി ഫുഡ് ഫെസ്റ്റിവലില്‍ നിര്‍മിച്ച 3188.62 മീറ്റര്‍ കേക്കിനാണ് നിലവില്‍ ഗിന്നസ് റെക്കോഡ്. 60 പാചകക്കാരും 120 സഹായികളും 23 മണിക്കൂര്‍ കൊണ്ടാണ് ഈ കേക്ക് നിര്‍മിച്ചത്.

Content Highlights: giant cake in thrissur  enters the Guinness book of records