photo|instagram.com/guinnessworldrecords/
ഓരോ ദിവസവും സാമൂഹികമാധ്യമങ്ങളില്‍ വിവിധതരത്തിലുള്ള ഭക്ഷണവീഡിയോകളാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഭക്ഷണത്തെക്കുറിച്ചുള്ള വീഡിയോകള്‍ കാണാന്‍ വലിയൊരു വിഭാഗം ആളുകള്‍ക്ക് താത്പര്യം ഉണ്ട്. പ്രത്യേകതരം ഭക്ഷണങ്ങള്‍, വിചിത്രമായ കോമ്പിനേഷനുകൾ തുടങ്ങി നിരവധി പരീക്ഷണങ്ങളാണ് വൈറലാകുന്നത്.
അത്തരത്തിലാണ് ഭക്ഷണവുമായി ബന്ധപ്പെട്ട റെക്കോര്‍ഡുകളും. വിചിത്രമായി തോന്നുന്ന ഒരു വിഷയത്തിലാണ് ഇവിടെ ലോകറെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. ജര്‍മ്മനിയില്‍ നിന്നുള്ള രണ്ടുപേരാണ് ഈ വിചിത്രമായ റെക്കോര്‍ഡിന് ഉടമകള്‍.
രണ്ട് പേരടങ്ങുന്ന ഒരു ടീം ക്ലാസിക് സാന്‍ഡ് വിച്ച് തയ്യാറാക്കുന്നതാണ് പരിപാടി. എന്നാല്‍ ഒരാള്‍ കണ്ണടച്ചും മറ്റൊരാള്‍ കൈകള്‍ ഉപയോഗിക്കാതെയുമാണ് ഈ സാന്‍ഡ് വിച്ച് ഉണ്ടാക്കിയത്. ഏറ്റവും വേഗത്തില്‍ ഒരു ക്ലാസിക് സാന്‍ഡ്വിച്ച് തയ്യാറാക്കിയതിനാണ് ഇവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയത്.
ജര്‍മ്മനിയിലെ ഓഗ്സ്ബര്‍ഗില്‍ നിന്നുള്ള സാറാ ഗാംപര്‍ലിങ്ങും ആന്ദ്രെ ഒര്‍ട്ടോള്‍ഫും 40.17 സെക്കന്റ് കൊണ്ടാണ് സാന്‍ഡ്‌വിച്ച് തയ്യാറാക്കി റെക്കോര്‍ഡ് നേടിയത്. 2022 നവംബര്‍ രണ്ടിനാണ് അവര്‍ ഈ വിചിത്രറെക്കോര്‍ഡ് രജിസ്റ്റര്‍ ചെയ്തത്.
രണ്ടുപേരും ചേര്‍ന്ന് സാന്‍ഡ്‌വിച്ച് ഉണ്ടാക്കുന്നതിന്റെ വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗഡിലൂടെ പങ്കുവച്ചിട്ടുണ്ട്. സാന്‍ഡ്‌വിച്ച് തയ്യാറാക്കുന്നയാള്‍ കണ്ണ് മൂടിക്കെട്ടിയിരിക്കുകയാണ്. മുന്നില്‍ കൈകള്‍ ബന്ധിച്ച് നില്‍ക്കുന്ന സ്ത്രീ അയാള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് പാചകം നടത്തുന്നത്.
അയാള്‍ ആദ്യം ഒരു പാക്കറ്റ് ബ്രെഡ് തുറന്ന് രണ്ട് കഷ്ണങ്ങള്‍ പുറത്തെടുക്കുന്നു. തുടര്‍ന്ന് രണ്ടിലും ഒരേ അളവില്‍ ബട്ടര്‍ പുരട്ടുന്നു. ശേഷം ഒരു കഷ്ണം മീറ്റും അരിഞ്ഞ തക്കാളിയും അതില്‍വെക്കുന്നു. ശേഷം രണ്ടാമത്തെ സ്ലൈസ് മുകളില്‍ വെച്ച് മൂടി.
അവസാനം ഒരു വെളുത്ത പതാകയും അതിന് മുകളില്‍ ഉറപ്പിക്കുന്നതും വീഡിയോയില്‍ കാണാം. 1.5 ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. എന്താണ് അവര്‍ ഉണ്ടാക്കിയതെന്നും അനാവശ്യമായ റെക്കോര്‍ഡ് ആണിതെല്ലാമെന്നുമാണ് വീഡിയോയ്ക്ക് ലഭിച്ച പ്രതികരണങ്ങൾ.
Content Highlights: German,Sandwich,World Record,food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..