ഗുണനിലവാരത്തില്‍ ചില്ലറ പ്രശ്‌നങ്ങളുണ്ടെങ്കിലും രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന 90 ശതമാനം പാലും മായമില്ലാത്തതെന്ന് സര്‍വേ റിപ്പോര്‍ട്ട്. ദേശീയ പാല്‍ ഗുണനിലവാര സര്‍വേയെ അടിസ്ഥാനമാക്കി ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിര്‍ണയ അതോറിറ്റി (ഫസ്സായ്)യാണ് ചൊവ്വാഴ്ച ഇടക്കാല റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

6432 സാമ്പിളുകള്‍ ശേഖരിച്ചു പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പത്തു ശതമാനത്തില്‍ത്താഴെ (638) സാമ്പിളുകളിലെ പാല്‍ മാത്രമേ കുടിക്കാന്‍ സുരക്ഷിതമല്ലാത്ത വിധം മായം കലര്‍ന്നതായി കണ്ടത്തിയിട്ടുള്ളുവെന്ന് ഫസ്സായ് സി. ഇ.ഒ. പവന്‍ അഗര്‍വാള്‍ പറഞ്ഞു. കാലികളെ മോശം രീതിയില്‍ കൈകാര്യം ചെയ്യുന്ന കര്‍ഷകരില്‍ നിന്ന് ശേഖരിച്ച പാലിലാണിത്.

'കുടിക്കാന്‍ പറ്റാത്തവിധം മായം കലരുന്ന അവസ്ഥയില്‍ നിന്ന് മോചിതമാണ് രാജ്യത്തെ ഭൂരിഭാഗം പാലും. 6432 സാമ്പിളുകളിലെ 12 എണ്ണത്തില്‍ മാത്രമാണ് കടുത്ത മായം കണ്ടെത്തിയത്. ഇത്രയും കൂടുതല്‍ സാമ്പിളുകള്‍ പരിശോധിച്ചതു കണക്കിലെടുത്താല്‍ മായത്തിന്റ അളവ് തുലോം കുറവാണ്' -അഗര്‍വാള്‍ പാഞ്ഞു.

പാലില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടത്താനേ കഴിത്തില്ലെന്ന് അഗര്‍വാള്‍ പറഞ്ഞു. അനുവദനീയമായതിലുമധികം ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യം കണ്ടെത്താനായത് 1.2 ശതമാനത്തില്‍ മാത്രം. അതുതന്നെ അകിടുവീക്കത്ത പ്രതിരോധിക്കാന്‍ മാറ്റി ഓക്‌സി ടെട്രാസൈക്ലിന്‍ മരുന്ന് കുത്തിവെച്ചതു കാരണമാണ്.

കര്‍ഷകരില്‍ നിന്നു സംഭരിച്ച പാലില്‍ സംസ്‌കരിച്ച പാലിനേക്കാള്‍ കൊഴുപ്പ്, കൊഴുപ്പിതര ഖരപദാര്‍ഥങ്ങള്‍ എന്നിവ കൂടുതലാണെന്നും സര്‍വേയില്‍ കണ്ടെത്തി.'സംസ്‌കരിച്ച പാലില്‍ ഗുണനിലവാര മാനദണ്ഡങ്ങളില്‍ പലതും പാലിക്കാനായിട്ടില്ല. അതു ഗൗരവമായാണ് കാണുന്നത്. പരിഹരിക്കാന്‍ നടപടികളുണ്ടാവും'- അഗര്‍വാള്‍ പറഞ്ഞു. 

പാലില്‍ മായമായി സാധാരണ കലര്‍ത്താറുള്ള സസ്യ എണ്ണ, ഗ്ലൂക്കോസ്, യൂറിയ, അമോണിയം സള്‍ഫേറ്റ്, ആന്റിബയോട്ടിക്കുകള്‍, കീടനാശിനി ഉള്‍പ്പെടെയുള്ള 13 വസ്തുക്കളുടെ സാന്നിധ്യമാണ് സാമ്പിളുകളില്‍ പരിശോധിച്ചത്.

content highlight: fssai report on milk