ലപ്പുറത്തെ ഈ ചായക്കടയിൽ വന്ന് ആർക്കും ചായകുടിക്കാം, ചൂടുള്ള നാടൻ പലഹാരങ്ങൾ കഴിക്കാം. പക്ഷെ ഒറ്റ നിബന്ധന മാത്രം, ആരും പൈസ കൊടുക്കാൻ പാടില്ല. തലക്കടത്തൂർ സുലൈമാൻപടിയിൽ പഴയകാല ചായമക്കാനിയുടെ രൂപത്തിലൊരുക്കിയ സൗഹൃദ ചായക്കടയാണ് സൗജന്യമായി ചായയും പലഹാരങ്ങളും നൽകി മാതൃകയാവുന്നത്. ബദ്റുൽ ഹുദാ മദ്രസ കമ്മിറ്റിയാണ് ഈ സൗഹൃദ ചായക്കടയൊരുക്കിയിരിക്കുന്നത്. നബിദിനത്തിന്റെ ഭാഗമായി റബീഉൽ അവ്വൽ ഒന്നിന് തുടങ്ങിയ ചായക്കട ഒരുമാസം നീണ്ടുനിൽക്കും. വൈകുന്നേരം നാലുമണി മുതൽ ആറുവരെയാണ് ചായക്കട പ്രവർത്തിക്കുന്നത്.

പ്രവാചകൻ പഠിപ്പിച്ച സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും സന്ദേശങ്ങൾ വ്യത്യസ്തരീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ചായമക്കാനിയൊരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. നിത്യവും നിരവധിപേരാണ് ഈ സൗഹൃദചായയിലെ സ്നേഹമധുരം നുണയാനെത്തുന്നത്. വരുന്നവരെ സ്വീകരിക്കാനും ചായയും പലഹാരങ്ങളും തയ്യാറാക്കി നൽകാനും കമ്മിറ്റി ഭാരവാഹികൾക്കൊപ്പം പ്രദേശത്തെ സുഹൃത്തുകളും സജീവമായി രംഗത്തുണ്ട്. നാട്ടിൻപുറങ്ങളിൽ പഴയകാലത്തുണ്ടായിരുന്ന ചായമക്കാനിയും സൗഹൃദ കാഴ്ചകളും പുതുതലമുറയ്ക്ക് പകർന്നു നൽകാനുംകൂടി ഈ സംരംഭം വഴിയൊരുക്കുന്നതായി ഇവർ പറയുന്നു.

Content Highlights: friendship tea stall in thalakadathoor tirur offering free tea and snacks