ജയിലില്‍ ഭക്ഷണത്തിന് സ്‌കോപ്പ് കുറയും. അപ്പോള്‍ എന്തു ചെയ്യും. ഇഷ്ടമുള്ളത് സ്വയം പാകം ചെയ്യുക. അസാധ്യമെന്ന് തോന്നുന്ന ഒന്നാണ് ഫ്രാന്‍സിലെ ഒരു ജയില്‍പ്പുള്ളി സാധ്യമാക്കിയത്. വെറുതെ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി സംതൃപ്തിയടയുകല്ല ഇയാള്‍ ചെയ്തത്. പേസ്റ്റ്‌റിയും പാസ്തയും മുതല്‍ പിസ വരെയുണ്ട് മെനുവില്‍. പോരാത്തതിന് ഇതിന്റയൊക്കെ പാചകം രഹസ്യമായി ഷൂട്ട് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഡാനി ഹെല്‍സ് കിച്ചന്‍ എന്ന ഈ പ്രൈവറ്റ് അക്കൗണ്ടിന് മുപ്പതിനായിരത്തോളമുണ്ട് ഫോളോവേഴ്‌സ്.

ഒന്നുമില്ലാതെ എന്തുമുണ്ടാക്കാം എന്നതാണ് പേരോ മുഖമോ വെളിപ്പെടുത്താല്‍ ഇയാളുടെ മുദ്രാവാക്യം. സംഗതി സത്യമാണ്. ജയിലില്‍ ഒളിഞ്ഞുംതെളിഞ്ഞും കിട്ടുന്ന പരിമിതമായ വിഭവങ്ങള്‍ കൊണ്ടാണ്, മയക്കുമരുന്ന് കടത്തിന് പിടിയിലായി ശിക്ഷ അനുഭവിക്കുന്ന ഇയാളുടെ കിച്ചന്‍മാജിക്.

ജയില്‍ സെല്ലാണ് അടുക്കള. നല്ലൊരു അടുപ്പ് പോലുമില്ല. ജയിലിലെ പാത്രങ്ങളാണ് അടുപ്പിന് ശരണം. മൂര്‍ച്ചയുള്ള കത്തികള്‍ അനുവദനീയമല്ല. വാറ്റിന് ഉപയോഗിക്കുമെന്ന പേടയില്‍ യീസ്റ്റിനുമുണ്ട് നിരോധനം. ജയില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ ലഭിക്കുന്ന പ്ലേറ്റുകള്‍ ഹോട്ട് പ്ലേറ്റാക്കിയാണ് അടുപ്പൊരുക്കിയത്. ഇതില്‍ ഒരു പ്ലേറ്റ് ജയില്‍ അധികൃതര്‍ പിന്നീട് തിരിച്ചെടുത്തു. ഇതോടെ ടോസ്റ്റിങ് പോലുള്ള പരിപാടികള്‍ അവസാനിച്ചു. ഇതൊന്നും ഡാനിയെന്ന അപരനാമധാരിയെ തളര്‍ത്തിയില്ല. ഈ പരിമിതമായ സൗകര്യങ്ങള്‍ വെച്ചും പല പാചക പരീക്ഷണങ്ങളും നടത്തി അയാള്‍.

ആദ്യമാദ്യം സ്വന്തം ഇഷ്ടത്തിനുള്ള ഭക്ഷണമായിരുന്നു ഉണ്ടാക്കിയിരുന്നതെങ്കില്‍ പിന്നീട് മറ്റ് ജയില്‍ അന്തേവാസികള്‍ക്കുള്ള ഭക്ഷണവും ഓര്‍ഡര്‍ അനുസരിച്ച് ഉണ്ടാക്കിക്കൊടുക്കാന്‍ തുടങ്ങി. പാചകത്തിനുവേണ്ട ഭക്ഷ്യവസ്തുക്കള്‍ കിട്ടുന്നത് ഒരു വെല്ലുവിളിയായിരുന്നു. പലപ്പോഴും ജയില്‍ മെസ്സിലെ ഭക്ഷണങ്ങള്‍ മാറ്റിമറിക്കുകയായിരുന്നു പതിവ്. പിന്നെ ഇടയ്ക്ക് ജയിലിലെ ചെറിയ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങും. ഡാനിയുടെ വീഡിയോ ഹിറ്റായതോടെ പുറത്ത് നിന്നും രഹസ്യ സഹായങ്ങള്‍ ലഭിച്ചുതുടങ്ങി. സോസകളും ഒലിവ് ഒയിലും ആട്ടിന്‍കാല്‍ പോലും ഒളിച്ചുകടത്തിയവര്‍ ഉണ്ട്. പക്ഷേ, മൂര്‍ച്ചയില്ലാത്ത കത്തി കൊണ്ടു വേണ്ടിയിരുന്നു ഡാനിക്ക് അതൊക്കെ മുറിച്ച് കറിപ്പാകമാക്കാന്‍.

ഒരു വര്‍ഷത്തോളം ജയില്‍ ഭക്ഷണം കഴിച്ച് മടുത്തപ്പോഴാണ് ഡാനി  റിസ്‌ക്കെടുത്ത് പരീക്ഷണത്തിന് മുതിര്‍ന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ഷൂട്ടിങ്. അഴികള്‍ക്കുള്ളിലൂടെ അരിച്ചിറങ്ങുന്ന ഇത്തിരിവട്ടം മാത്രമാണ് ആശ്രയം. മുഖം മറച്ചാണ് ക്യാമറയ്ക്ക് മുന്നില്‍ വരുന്നത്.

സംഭവം എന്തായാലും ഹിറ്റായി. ജയിലിനുള്ളിലെ കാഴ്ചകള്‍ കൂടി കാണാം എന്നതുകൂടിയാവാം കാഴ്ചക്കാരെ ആകര്‍ഷിച്ചതെന്ന് ഡാനി പറയുന്നു. എന്റെ ശുഭാപ്തിവിശ്വാസവും ആളുകള്‍ക്ക് ഇഷ്ടമാകുന്നുണ്ട്. ഒരിക്കലും ജയില്‍ മോചനത്തെക്കുറിച്ചോ ഇവിടുത്തെ പരിമിതികളെക്കുറിച്ചോ ഞാന്‍ പരാതി പറഞ്ഞിട്ടില്ല. കുട്ടിക്കാലം മുതല്‍ പാചകം എനിക്കിഷ്ടമായിരുന്നു. എന്നും അടുക്കളയില്‍ അമ്മയെ സഹാിക്കും. മൊറോക്കന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍ വിഭവങ്ങളെല്ലാം നേരത്തെ തന്നെ പരീക്ഷിച്ചിട്ടുണ്ട്-ഡാനി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഇനി നാളെ മുതല്‍ ജയില്‍ ചപ്പാത്തിക്കും ചിക്കണിനും പുറമെ ജയില്‍ പിസയും ജയില്‍ പാസ്തയുമൊക്കെ മാര്‍ക്കറ്റിലെത്തുന്ന കാലം വിദൂരമല്ല.

Content Highlights: French prison chef becomes Instagram star Dany Hellz Kitchen