എൻ.പി. ഷിനിൽ, പി. ശിവപ്രസാദ്, കെ.പി. യോഗേഷ്, ബിരേഷ് കൃഷ്ണ എന്നിവർ ആക്ടേഴ്സ് കഫേയിൽ
തൃശ്ശൂര്‍: നാടകം പഠിച്ചിറങ്ങിയ നാലുപേര്‍ക്ക് കോവിഡ് കാലം അവസരങ്ങളില്ലാതാക്കിയപ്പോള് തുടങ്ങിയത് പുതിയ പരീക്ഷണം. പഠിച്ച കാമ്പസില്‍ കാന്റീനിട്ടായിരുന്നു അതിജീവനം. കാലിക്കറ്റ് സര്‍വകലാശാലയുടെ അരണാട്ടുകര കാമ്പസിലെ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്സ് വിജയിച്ചവരാണിവര്‍. ആക്ടേഴ്സ് കഫേ എന്ന പേരിലാണ് കാന്റീന്.
ദേശമംഗലത്തെ പി. ശിവപ്രസാദ്, വടകരയിലെ എന്‍.പി. ഷിനില്‍, ചാലക്കുടിയിലെ കെ.പി. യോഗേഷ്, ചാവക്കാട്ടെ ബിരേഷ് കൃഷ്ണ എന്നിവര്‍ നാലുമാസം മുമ്പ് തുടങ്ങിയ കഫേ ഹിറ്റായെന്ന് മാത്രമല്ല ആക്ടേഴ്സ് കഫേ എന്ന പേര് ഒരു ബാനറുമായി. ഈ ബാനറില്‍ നാലു പേരും ചേര്‍ന്ന് രണ്ട് നാടകങ്ങളൊരുക്കി.
'1974 ലുക്ക് ഔട്ട് നോട്ടീസ്' എന്ന നാടകം സംഗീത നാടക അക്കാദമി മികച്ച 25 അമെച്ചര്‍ നാടകങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്തു. അക്കാദമി തിയേറ്ററില്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ അവതരിപ്പിച്ചു. ഒന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പേരിടാത്ത രണ്ടാമത്തെ നാടകം ഉടന്‍ അരങ്ങിലെത്തും. കഫേയുടെ ഭാഗമായി ആക്ടേഴ്സ് ലാബും ഒരുക്കുകയാണ് ഈ കൂട്ടുകാര്‍.
700 വിദ്യാര്‍ഥികളുള്ള കാമ്പസില്‍ കഫേയില്‍ പ്രാതല്‍ മുതല്‍ അത്താഴം വരെ തയ്യാറാക്കുന്നതും വിളമ്പുന്നതും വൃത്തിയാക്കുന്നതും ഇവരാണ്. സഹായത്തിന് സതീഷ് പുളിക്ക എന്ന കൂട്ടുകാരനുമുണ്ട്.
ബുധനാഴ്ച ബിരിയാണിയും വെള്ളിയാഴ്ച നെയ്ച്ചോറും ചിക്കന്കറിയുമുണ്ട്. മീനും മുട്ടയും എല്ലാ ദിവസവുമുണ്ട്. പ്രതിദിനം ശരാശരി 8000 രൂപയുടെ വിറ്റുവരവുണ്ട്.
ശിവപ്രസാദിനും ഷിനിലിനും കേരള സര്‍ക്കാരിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് കിട്ടുന്നുണ്ട്. കൊല്ലത്തെ കാളിദാസ കലാകേന്ദ്രത്തിലെ നടനായ ഷിനിലിന് 2018-ല്‍ രണ്ടാമത്തെ മികച്ച നടനുള്ള സര്‍ക്കാരിന്റെ പുരസ്കാരം കിട്ടിയിരുന്നു.
ഷിനില്‍ നായകനാകുന്ന ആനന്ദി എന്ന നാടകം ഏപ്രില്‍ 17-ന് തലശ്ശേരി ടൗണ്‍ഹാളില്‍ അവതരിപ്പിക്കുകയാണ്. എം.ടി.എ.യ്ക്ക് പുറമേ അഗ്രിക്കള്‍ച്ചറില്‍ എം.ബി.എ.യും പാസായ യോഗേഷ് മൈം പരിശീലകനുമാണ്. കഫേയ്ക്ക് പുറമേ ഒരു കാറ്ററിങ് സ്ഥാപനത്തിലും പങ്കാളിയാണ്.
എം.ടി.എ.യും എം.ഫിലും പൂര്‍ത്തിയാക്കിയ ബിരേഷ് കൃഷ്ണ തിരുവനന്തപുരത്തെ 'നിരീക്ഷ' നാടകസമിതിയിലെ അഭിനേതാവും കാലിക്കറ്റ് സര്‍വകലാശാലയുടെ കള്‍ട്ട് ഗ്രൂപ്പിലെ പ്ലേ ഡയറക്ടറുമാണ്.
Content Highlights: four friends started cafe, campus, actors cafe, they made drama, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..