നോർത്ത് കേരളാ പ്രീമിയർ പ്രദർശനം
കോഴിക്കോട്: ഭക്ഷ്യസംസ്കരണ, പാക്കേജിംഗ് മേഖലകളെ ഉള്‍ക്കൊള്ളിച്ചുള്ള പ്രദര്‍ശനമായ ഫുഡ്ടെക് കേരളയും ഹോറെക (ഹോട്ടല്‍സ്, റെസ്റ്റോറന്റ്സ്, കാറ്ററിങ്) വ്യവസായത്തിനുള്ള ഹോട്ടല്‍ടെക് കേരളയും ഇതാദ്യമായി വടക്കന്‍ കേരളത്തിലുമെത്തുന്നു. കൊച്ചിയില്‍ കഴിഞ്ഞ 12 വര്‍ഷമായി നടക്കുന്ന ഫുഡ്ടെക്കിന്റെയും ഒന്‍പത് വര്‍ഷമായി നടക്കുന്ന ഹോട്ടല്ടെക്കിന്റേയും ആദ്യത്തെ വടക്കന്‍ കേരള പതിപ്പുകള്‍ മെയ് 20 മുതല്‍ 23 വരെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്നു ദിവസമായി നടക്കുന്ന ഇരട്ട പ്രദര്‍ശനത്തില്‍ ഭക്ഷ്യസംസ്കരണ മെഷീനറികള്‍, പാക്കേജിംഗ് ഉപകരണങ്ങള്‍, ഹോട്ടല്‍-ബേക്കറി ഉപകരണങ്ങള്‍, ലിനന്‍, ഫര്‍ണിഷിംഗ്സ്, ഹോട്ടല്‍വെയര്‍, അടുക്കള ഉപകരണങ്ങള്‍, ക്ലീനിംഗ് ഉപകരണങ്ങള്‍, മറ്റു അനുബന്ധ ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യച്ചേരുവ, സേവനങ്ങള്‍ എന്നീ മേഖലകളില്‍ നിന്നായി 50-ലേറെ സ്ഥാപനങ്ങള്‍ പങ്കെടുക്കും. രാവിലെ 11 മുതല്‍ രാത്രി 8 മണി വരെയാണ് പ്രദര്‍ശനസമയം.
കൊച്ചിയില്‍ വര്‍ഷങ്ങളായി നടന്നു വരുന്ന അതേ ഒരുക്കങ്ങളോടെയാണ് കോഴിക്കോട്ട് രണ്ട് പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുന്നതെന്നും ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ പ്രദര്‍ശനം ഉപകാരപ്രദമാകുമെന്നും സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.
കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന് (കെ-ബിപ്), കോഫി ബോര്‍ഡ്, നാളികേര വികസന ബോര്‍ഡ്, ടൂറിസം വകുപ്പ്, മലബാര്‍ ടൂറിസം സൊസൈറ്റി, ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റീവ്, ബേക്, കെഎച്ച്ആര്‍എ, കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യാ ട്രേഡേഴ്സ്-കേരളാ ചാപ്റ്റര്‍ (സിഎഐടി) എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വടക്കന്‍ കേരളത്തില്‍ ഹോറെക (ഹോട്ടല്‍സ്, റെസ്റ്റോറന്റസ്, കേറ്ററിംഗ്) മേഖലയ്ക്കായി നടക്കുന്ന ആദ്യത്തെ ബി2ബി പ്രദര്‍ശനമാകും ഇതെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു.
.jpg?$p=02b67ab&w=610&q=0.8)
സംസ്ഥാന വ്യവസായ, വാണിജ്യ വകുപ്പ് സ്പോണ്സര് ചെയ്യുന്ന ഇന്‍ഡസ്ട്രിയല്‍ പവലിയന് പ്രദര്‍ശനത്തില്‍ ഉണ്ടാകും. ഇരുപതോളം എസ്.എം.ഇ. യൂണിറ്റുകള്‍ ഈ വിഭാഗത്തില്‍ പങ്കെടുക്കും. രണ്ട് പ്രദര്‍ശനങ്ങളും വടക്കന്‍ കേരളത്തിലെ ഭക്ഷ്യസംസ്കരണ, പാക്കേജിംഗ് വ്യവസായങ്ങള്‍, ആതിഥേയ വ്യവസായം, ബേക്കറി വ്യവസായം എന്നീ മേഖലകളില്‍ നിന്നുള്ള സ്ഥാപനങ്ങളുടേയും ഈ രംഗത്തെ ദേശീയ തലത്തിലുള്ള സപ്ലെയേഴ്സിന്റേയും ഒരു സംഗമവേദിയാകുമെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു.
വടക്കന്‍ കേരളത്തിലെ ആതിഥേയ വ്യവസായമേഖല, വിശേഷിച്ചും വയനാട്ടിലേത്, ഈ സീസണില്‍ സംസ്ഥാനത്തിനു പുറത്തു നിന്നുള്ള വിനോദസഞ്ചാരികളുടെ പ്രവാഹത്തിന് കാരണമായിട്ടുണ്ട്. 2022 മെയ് മാസത്തില്‍ ഈ മേഖലയിലെ മിക്കവാറും എല്ലാ ഹോട്ടലുകളും റിസോര്‍ട്ടുകളും പൂര്‍ണതോതില്‍ ബുക്കിങ് പൂര്‍ത്തിയാക്കി. കോവിഡ് കാലത്ത് അടഞ്ഞു കിടന്ന ഈ മേഖലയിലെ ഹോട്ടലുകളുടേയും റിസോര്‍ട്ടുകളുടേയും നവീകരണത്തിന് ഈ പ്രദര്‍ശനങ്ങള്‍ സഹായകരമാകുമെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു.
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഫുഡ്ടെക്, ഹോട്ടല്‍ടെക്, അഗ്രി-ബിസിനസ് എക്സ്പോ, ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ എന്നിവയുടെ സംഘാടകരമാണ് കോഴിക്കോട്ടെ ഫുഡ്ടെക്, ഹോട്ടല്‍ടെക് പ്രദര്‍ശനങ്ങളുടെ സംഘാടകരമായ ക്രൂസ് എക്സ്പോസ്. ഇക്കാലത്തിനിടെ ബി2ബി പ്രദര്‍ശന രംഗത്ത് ദക്ഷിണേന്ത്യയിലെ മുന്‍നിര കമ്പനിയായി ക്രൂസ് എക്സ്പോസ് വളര്‍ന്നിട്ടുണ്ടെന്നും ജോസഫ് കുര്യാക്കോസ് ചൂണ്ടിക്കാണിച്ചു.
സംഘാടകരായ ക്രൂസ് എക്സ്പോസിന്റെ ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ്, മലബാര്‍ ടൂറിസം സൊസൈറ്റി പ്രസിഡന്റ് ക്യാപ്റ്റന്‍ ഹരിദാസ്, സി.എ.ഐ.ടി. സൗത്ത് സോണ്‍ കോ-ഓര്‍ഡിനേറ്റര്‍ എം. എം. നിജാബ്ദ്ദിന്, കേരളാ റെമഡീസ് എം.ഡി. ബോബി കിഴക്കേത്തറ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..