കൊച്ചി: പരമ്പരാഗത രീതിയിലും രുചിയിലുമുണ്ടാക്കിയ ആഹാരസാധനങ്ങള്‍, പരിചിതവും അപരിചിതവുമായ വിശിഷ്ട വിഭവങ്ങള്‍, സുരക്ഷിതമായ ആഹാരമുണ്ടാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, ബോധവത്കരണം... 
 
ആഹാരവുമായി ബന്ധപ്പെട്ട ഇവയെല്ലാം നമ്മുടെ നഗരത്തില്‍ ഒരിടത്ത് സജ്ജമായാലോ? രാജ്യത്തെ 95 നഗരങ്ങളില്‍ ഇത്തരത്തില്‍ ഫുഡ് സ്മാര്‍ട്ട്‌സിറ്റി സജ്ജമാക്കാനൊരുങ്ങുകയാണ് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി.
 
നഗരങ്ങളിലെ ഭൗതിക, സാമ്പത്തിക, സാമൂഹിക നില മെച്ചപ്പെടുത്താന്‍ 2015-ല്‍ സ്മാര്‍ട്ട്‌സിറ്റി മിഷന്‍ രൂപവത്കരിച്ചതുപോലെ നഗരങ്ങളില്‍ ഭക്ഷണകാര്യത്തിലെ വെല്ലുവിളികള്‍ നേരിടാനാണ് ഫുഡ് സ്മാര്‍ട്ട്‌സിറ്റികള്‍ കൊണ്ടുവരുന്നത്.

കേരളത്തില്‍ നിന്ന് ഏതൊക്കെ നഗരങ്ങള്‍ ഈ പട്ടികയിലുണ്ടെന്ന് വ്യക്തമല്ല. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഫുഡ് സ്മാര്‍ട്ട് സിറ്റിയില്‍ എന്തൊക്കെ?
  • ആഹാരം ഉണ്ടാക്കാനുള്ള സാധനങ്ങളുടെ തിരഞ്ഞെടുപ്പ്, പാകംചെയ്യല്‍, സൂക്ഷിക്കല്‍, വിതരണംചെയ്യല്‍, വിളമ്പല്‍ തുടങ്ങി സമസ്തമേഖലകളിലും സുരക്ഷിതത്വവും വൃത്തിയും ഉറപ്പുവരുത്താനുതകുന്ന സംവിധാനങ്ങള്‍.
  • സുരക്ഷിത ആഹാരം എന്താണെന്നും എങ്ങനെ അതുണ്ടാക്കണമെന്നും വിളമ്പണമെന്നും ജനങ്ങളെ പഠിപ്പിക്കും.
  • ഓണ്‍ലൈനിലൂടെ മുഴുവന്‍ ഭക്ഷ്യസ്ഥാപനങ്ങളുടെയും ലൈസന്‍സും രജസ്‌ട്രേഷനും ഉറപ്പുവരുത്തും.
  • ആഹാരസാധനങ്ങള്‍മാത്രം വില്‍ക്കുന്ന തെരുവും പരമ്പരാഗത ആഹാരം കിട്ടുന്ന രാത്രിച്ചന്തയും സജ്ജീകരിക്കും.
  • ഭക്ഷണപരിശോധനാ ലാബുകളുടെയും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെയും നിലവാരമുയര്‍ത്താനുള്ള സംവിധാനമുണ്ടാകും.
  • അധികംവരുന്ന ഭക്ഷണം ആവശ്യക്കാരില്‍ എത്തിക്കാനുള്ള ഏജന്‍സി ഉണ്ടാകും. 

 

Content Highlights: food smart city, food smart city Kochi, Food Safety And Standards Authority Of India, FSSAI, food, tasty, smart food, food safety