കൊച്ചി: ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നമ്പറോ രജിസ്ട്രേഷന്‍ നമ്പറോ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം കര്‍ശനമാക്കുന്നു.

ഹോട്ടലുകള്‍, തട്ടുകടകള്‍, ബേക്കറികള്‍, പലചരക്ക് കട തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് രജിസ്ട്രേഷന്‍ വേണ്ടത്. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയന്ത്രണ അതോറിറ്റിയുടേതാണ് (എഫ്.എസ്.എസ്.എ.ഐ.) നിര്‍ദേശം. ജനുവരി മുതല്‍ ഇത് കര്‍ശനമാക്കും. വീഴ്ചയുണ്ടായാല്‍ ആദ്യം മുന്നറിയിപ്പ് നല്‍കും. തുടര്‍ന്നും പരിഹരിച്ചില്ലെങ്കില്‍ പിഴയീടാക്കും. ഒരു ലക്ഷം രൂപ പിഴയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യല്‍ നടപടികളും ഉണ്ടാവും. ഇതനുസരിച്ചുള്ള പരിശോധന തുടങ്ങാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

12 ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ മതി. അതിനു മുകളില്‍ വരുമാനമുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് വേണം. നമ്പറുകള്‍ കടയിലെത്തുന്നവര്‍ക്ക് കാണാന്‍ കഴിയുന്ന വിധത്തില്‍ മുന്‍പില്‍ത്തന്നെ പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദേശം. ഉപഭോക്താക്കള്‍ക്ക് സ്ഥാപനങ്ങളെ കുറിച്ച് പരാതിയുണ്ടെങ്കില്‍ രജിസ്ട്രേഷന്‍/ലൈസന്‍സ് നമ്പറുകള്‍ കൂടി ഉള്‍പ്പെടുത്തി പരാതി നല്‍കണമെന്നാണ് എഫ്.എസ്.എസ്.എ.ഐ. അറിയിച്ചിരിക്കുന്നത്.

Content Highlights: Food safety register number should be displayed in the shop, Food