പ്രതീകാത്മക ചിത്രം | വര: ബി. പ്രദീപ് കുമാർ
കൊച്ചി: വൈകുന്നേരമാകുമ്പോള്‍ കൊച്ചിയുടെ തെരുവുകള്‍ക്ക് മാംസംചുട്ട മണമാണ്... തന്തൂരിയും അല്‍ഫാമും കുഴിമന്തിയുമൊക്കെയാണ്. അറേബ്യന്‍ രുചിയുടെ കടന്നുകയറ്റം ആളുകള്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. കൊച്ചിയുടെ തെരുവോരത്തെ ഹോട്ടലുകളിലെ തിരക്ക് അതിന് സാക്ഷ്യം. കേരളത്തില്‍ത്തന്നെ ഏറ്റവുമധികം ഭക്ഷ്യവില്‍പ്പന ശാലകളുള്ള നഗരമാണ് കൊച്ചി.
കോവിഡിന് ശേഷമാണ് കൊച്ചിയില്‍ ഹോട്ടലുകളുടെയും മറ്റ് ഭക്ഷ്യവില്‍പ്പന ശാലകളുടെയും എണ്ണം കൂടിയത്. വിദേശത്തു നിന്നുള്ള തിരിച്ചുവരവിനെത്തുടര്‍ന്ന് ഒട്ടേറെപ്പേര്‍ ഭക്ഷ്യവില്‍പ്പന മേഖലയിലേക്ക് കടന്നു. കൂടുതലും അറബിക് ഭക്ഷണകേന്ദ്രങ്ങള്‍. അതോടെ മത്സരവും മുറുകി. ഇപ്പോള്‍ ഹോട്ടലുകളുടെ നഗരമായി മാറിയിട്ടുണ്ട് കൊച്ചി.
പരിശോധന കുറവ്
ഇത്രയും കടകള്ക്കനുസൃതമായി പരിശോധനാ സംവിധാനം ഭക്ഷ്യസുരക്ഷാ വകുപ്പിനുമില്ല. ഹോട്ടല്‍ഭക്ഷണത്തിന്റെ പേരില്‍ അത്യാഹിതമുണ്ടാകുമ്പോള്‍ മാത്രമാണ് പരിശോധനയും നടപടിയും. കോട്ടയം ജില്ലയിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ പ്രത്യേക നിര്‍ദേശപ്രകാരം മൂന്നാം തീയതി മുതല്‍ ഏഴു വരെ ജില്ലയില്‍ 189 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. അതില്‍ 24 എണ്ണം പൂട്ടിച്ചു. ഓരോ ദിവസവും പുതിയ കടകള്‍ വന്നുകൊണ്ടേയിരിക്കുന്നു. മൊത്തം ഭക്ഷണശാലകളുടെ അഞ്ചു ശതമാനം പോലും പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. രജിസ്ട്രേഷനും ഇന്സ്പെക്ഷനും തുടങ്ങി, ദൈനംദിന ജോലികള്‍ വകുപ്പിനുമുണ്ട്.
ലൈസന്‍സുണ്ട്, പഞ്ചായത്തിന്റെ...!
ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നവര്‍, തട്ടുകടകള്‍, തെരുവോര കച്ചവടക്കാര്‍, പച്ചക്കറിക്കടകള്‍, വണ്ടിയില്‍ ഭക്ഷണം വില്ക്കുന്നവര്, മീന്‍ വില്‍പ്പനക്കാര്‍, പലചരക്ക് കടകള്‍, ഹോട്ടല്‍, റെസ്റ്റോറന്റ്, ചായക്കടകള്‍, ബേക്കറികള്‍, റേഷന്‍കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, കാന്റീന്, ഹോസ്റ്റല്‍ കാന്റീന്/ഹോസ്പിറ്റല്‍ കാന്റീന്, ഫുഡ് ഫെസ്റ്റ് നടത്തുന്നവര്‍, ഭക്ഷ്യവസ്തുക്കള്‍ വിതരണം നടത്തുന്ന വണ്ടികള്‍, ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന വെയര്‍ഹൗസുകള്‍, ഓഡിറ്റോറിയങ്ങള്‍, സമൂഹസദ്യ നടത്തുന്നവര്‍, തുടങ്ങി ഭക്ഷ്യോത്പാദന-വിതരണ രംഗത്തുള്ള എല്ലാവരും ലൈസന്‍സ്/രജിസ്ട്രേഷന് നിര്‍ബന്ധമായും നേടിയിരിക്കണമെന്നാണ് ചട്ടം. എന്നാല്‍, പുതുതായി തുടങ്ങുന്ന പലരും മുനിസിപ്പല്‍/പഞ്ചായത്ത് ലൈസന്‍സ് ഉപയോഗിച്ചാണ് സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നത്. ഭക്ഷ്യസുരക്ഷാ ലൈസന്‍സിന്റെ കാര്യം ഗൗനിക്കുന്നുപോലുമില്ല. ലൈസന്‍സ് ഇല്ലാതെ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കുകയും സംഭരിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നത് തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വകുപ്പിന്റെ പരിശോധനയില്‍ ലൈസന്‍സില്ലാത്ത ഒട്ടേറെ സ്ഥാപനങ്ങളാണ് കണ്ടെത്തിയത്.
'നോ അഡ്മിഷന്'
ഹോട്ടലുകളുടെ അടുക്കളയുടെ വാതിലില്‍ എഴുതിക്കാണുന്ന പതിവ് വാക്കാണ് 'നോ അഡ്മിഷന്' എന്നത്. പുതുതായി തുടങ്ങുന്ന ചില ഹോട്ടലുകളുടെയും മറ്റും അടുക്കള പുറത്തുനിന്ന് കാണാമെങ്കിലും ഒട്ടുമിക്ക ഇടങ്ങളിലും സ്ഥിതി അങ്ങനെയല്ല. തൊഴിലാളികളും ശുചിത്വം പാലിക്കുന്നില്ല. ഒട്ടുമിക്ക സ്ഥലങ്ങളിലും മറുനാട്ടുകാരാണ് ഹോട്ടല്‍ അടുക്കള നിയന്ത്രിക്കുന്നത്. ഇവര്‍ ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. പലര്‍ക്കും ഹെല്‍ത്ത് കാര്‍ഡും ഇല്ല.
ഉദ്യോഗസ്ഥപീഡനം അംഗീകരിക്കില്ല -കെ.വി.വി.ഇ.എസ്.
ഭക്ഷ്യസുരക്ഷ-ആരോഗ്യ വകുപ്പുകളുടെ പരിശോധന സ്വാഗതാര്‍ഹമെങ്കിലും അതിന്റെ പേരിലുള്ള ഉദ്യോഗസ്ഥ പീഡനം അംഗീകരിക്കില്ലെന്ന് വ്യാപാരി -വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി പറഞ്ഞു. ഹോട്ടലുകളില്‍നിന്നുള്ള ഭക്ഷണം കഴിച്ച് ഉപഭോക്താക്കള്‍ മരിക്കാന്‍ ഇടയായ സംഭവം അംഗീകരിക്കാന്‍ കഴിയില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥരും അവര്‍ക്ക് സംരക്ഷണം നല്കുന്ന രാഷ്ട്രീയ നേതൃത്വവുമാണ് ഇതിനുത്തരവാദികള്‍.
സര്‍ക്കാര്‍ വകുപ്പുകളുടെ വീഴ്ച മറച്ചുവയ്ക്കാന്‍ ഇപ്പോള്‍ വ്യാപകമായ പരിശോധനകള്‍ നടത്തുന്നുണ്ട്. മിക്കസ്ഥലങ്ങളിലും ശുചീകരണ തൊഴിലാളികളെ വരെ ഉപയോഗിച്ചാണ് പരിശോധന. യാതൊരുവിധ പരിശീലനവും ലഭിച്ചിട്ടില്ലാത്ത ഇവര്‍ ഹോട്ടലുകളിലെ ഫ്രീസറുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഇറച്ചി, മീന്‍, മറ്റ് കേടാകുന്ന വസ്തുക്കള്‍ എന്നിവ വലിച്ച് പുറത്തിടുന്നു. ചില സ്ഥലങ്ങളില്‍നിന്ന് കേടാകാത്ത ഭക്ഷ്യസാധനങ്ങള്‍ വരെ പിടിച്ചെടുക്കുന്നു.
ഇവ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നതിന് പകരം പിടിച്ചെടുക്കുന്നവയെല്ലാം ഒന്നിച്ച് കൂട്ടിക്കുഴച്ച് മണിക്കൂറുകള്‍ കഴിഞ്ഞ് കേടായവ പിടിച്ചെടുത്തുവെന്ന് അവകാശപ്പെട്ട് മാധ്യമങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നു. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥ പീഡനം അംഗീകരിക്കാനാവില്ലെന്ന് ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, ട്രഷറര്‍ സി.എസ്. അജ്മല്‍ എന്നിവര്‍ പറഞ്ഞു.
ഫ്രീസര്‍ കണ്ടാല്‍ 'ഫ്രീസ്' ആകും..?
വേവിച്ച ഭക്ഷണസാധനങ്ങള്‍ ഫ്രീസറില്‍ സൂക്ഷിക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമായ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. ഇവ മൈനസ് എട്ട് ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിക്കുകയും സദാസമയവും വൈദ്യുതി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ഭക്ഷ്യവസ്തുക്കള്‍ ഓരോന്നും പ്രത്യേകം കണ്ടെയ്നറുകളിലാക്കി സൂക്ഷിക്കുകയും അത് ഫ്രീസറില്‍ വെച്ച് തീയതി രേഖപ്പെടുത്തുകയും വേണം. എന്നാല്‍, വേവിച്ച ഭക്ഷണപദാര്‍ഥങ്ങള്‍ പാത്രത്തിലും മറ്റും അടയ്ക്കുകപോലും ചെയ്യാതെ വെച്ചിരിക്കുന്നത് പരിശോധനയില്‍ വ്യാപകമായി കണ്ടിരുന്നു. വേവിച്ചതും അല്ലാത്തതുമായ ഇറച്ചി, മീന്‍ എന്നിവ ഫ്രീസറില്‍ സൂക്ഷിക്കുന്നതിന് സമയപരിധിയുമുണ്ട്. മിക്കയിടത്തും ഇതൊന്നും പാലിക്കാറില്ല.
Content Highlights: food safety at hotels from kochi, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..