വടകര: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നശേഷം വിവാഹംപോലുള്ള വിശേഷചടങ്ങുകൾ സജീവമായതോടെ ആശങ്കയുണർത്തി ഭക്ഷ്യവിഷബാധ ഭീഷണിയും. ഭക്ഷണം പാകംചെയ്യുന്ന പാത്രങ്ങളുംമറ്റും ഏറെക്കാലം ഉപയോഗിക്കാതെ വെച്ചതിനാൽ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നാണ് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പുമെല്ലാം നിർദേശിക്കുന്നത്.

കഴിഞ്ഞദിവസം വടകര നഗരസഭയിലെ നടക്കുതാഴയിൽ കല്യാണവീട്ടിൽനിന്ന് ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ഒട്ടേറെപേർക്കാണ് വിഷബാധയേറ്റത്. ഇരുന്നൂറിലേറെപേർ വിവിധ ആശുപത്രികളിൽ ഛർദ്ദി, വയറിളക്കം എന്നീ പ്രശ്നങ്ങളുമായി ചികിത്സ തേടി. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ആർക്കുമില്ലെന്നത് ആശ്വാസകരമാണെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബോധവത്കരണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ആരോഗ്യ-ഭക്ഷ്യസുരക്ഷാ വകുപ്പുകൾ.

ഏതാണ്ട് ഒന്നരവർഷത്തോളമായി വലിയതോതിൽ ആളുകൾ പങ്കെടുക്കുന്ന വിവാഹച്ചടങ്ങുകളുംമറ്റും കുറവാണ്. ഇപ്പോൾ വിവാഹചടങ്ങുകളിൽ 200 പേർക്ക് പങ്കെടുക്കാമെന്നാണ് സർക്കാർ നിർദേശമെങ്കിലും നാട്ടിൻപുറങ്ങളിൽ നടക്കുന്ന വിവാഹങ്ങളിൽ ആയിരത്തിനുമുകളിൽവരെ ആൾക്കാർ പങ്കെടുക്കുന്നുണ്ട്. ഇതിനനുസരിച്ച് ഭക്ഷണവും പാചകം ചെയ്യണം. വലിയ പാത്രങ്ങളുംമറ്റും ഏറെക്കാലമായി ഉപയോഗിക്കാത്തതിനാൽ ഇവയിൽ പൂപ്പലും മറ്റും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

അതേപോലെയാണ് പാചകത്തിനുംമറ്റും വെള്ളം എത്തിക്കാൻ ഉപയോഗിക്കുന്ന പൈപ്പുകളുടെയും അവസ്ഥ. ഏറെക്കാലമായി ഉപയോഗിക്കാത്തതിനാൽ പൈപ്പുകൾക്കുള്ളിലും പൂപ്പലുണ്ടാകും. നാട്ടിൻപുറങ്ങളിൽ ഇതൊക്കെ ശ്രദ്ധിക്കാനും വളരെ നന്നായി പാത്രങ്ങളുംമറ്റും കഴുകാനും പാചകക്കാരും മറ്റും ജാഗരൂകരാണ്. എന്നിട്ടും പ്രശ്നങ്ങളുണ്ടാകുന്നത് മുന്നൊരുക്കങ്ങളിൽ കുറേക്കൂടി ജാഗ്രത വേണമെന്നതിലേക്കാണ് വിരൽചൂണ്ടുന്നത്.

ഭക്ഷ്യസുരക്ഷാവിഭാഗം നൽകുന്ന നിർദേശങ്ങൾ

• കല്യാണത്തിനുംമറ്റും പാചകംചെയ്യുന്ന എല്ലാ ഇനം ഭക്ഷണവും 50 ഗ്രാംവീതം പോളിത്തീൻ കവറിലാക്കി രണ്ടുദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കണം. എന്തെങ്കിലും പ്രശ്നമുണ്ടായാൽ പരിശോധനയ്ക്ക് ഉപകാരപ്പെടും.

• വലിയ പാത്രങ്ങളും ഭക്ഷണം വിളമ്പുന്ന ചെറിയ പാത്രങ്ങളും പ്ലേറ്റുകളുമെല്ലാം കല്ലുപ്പിട്ടും പിന്നെ ചൂടുവെള്ളത്തിലും നന്നായി കഴുകി വെയിലത്ത് വെക്കണം.

• പാചകത്തിനുംമറ്റും വെള്ളമെത്തിക്കുന്ന പൈപ്പുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. ഏറെക്കാലമായി ഉപയോഗിക്കാത്ത പൈപ്പുകൾ പരമാവധി ഒഴിവാക്കുക.

• വെള്ളത്തിന്റെ സ്രോതസ്സ് അണുമുക്തമാക്കുക. പറ്റുമെങ്കിൽ കുടിവെള്ളം എടുക്കാൻ ഉപയോഗിക്കുന്ന കിണറിലെ വെള്ളം നേരത്തെത്തന്നെ പരിശോധിച്ച് പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കുക.

• ഭക്ഷണം വിളമ്പുമ്പോൾ കൈയുറ നിർബന്ധമായും ധരിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ കൊടുക്കുക. ചൂടുവെള്ളത്തിൽ പച്ചവെള്ളം ചേർക്കുന്നത് ഒഴിവാക്കുക.

• ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്തിന്റെയും സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്തിന്റെയും വൃത്തി ഉറപ്പാക്കുക.

മുൻകരുതലുമായി ആരോഗ്യവിഭാഗം

നഗരസഭയിലെ കല്യാണവീട്ടിലുണ്ടായ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുമായി നഗരസഭ ആരോഗ്യവിഭാഗം.

വലിയ ചടങ്ങുകളിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ സാംപിൾ പരിശോധനയ്ക്കായി ആദ്യംതന്നെ മാറ്റിവെക്കാനാണ് ഒരു നിർദേശം. നിലവിൽ ഭക്ഷ്യവിഷബാധയുണ്ടായാൽ പരിശോധനയ്ക്ക് ഭക്ഷണാവശിഷ്ടം പലപ്പോഴും കിട്ടില്ല. അതുകൊണ്ടുതന്നെ കാരണം വ്യക്തവുമാകാറില്ല.

പാചകവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കാറ്ററിങ് യൂണിറ്റുകൾ, വാടകസാധനങ്ങളുടെ ഉടമകൾ, പാചകക്കാർ തുടങ്ങിയവർക്കെല്ലാം ബോധവത്കരണം നൽകുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് നഗരസഭ ആരോഗ്യസ്ഥിരംസമിതി ചെയർപേഴ്‌സൺ എ.പി. പ്രജിത പറഞ്ഞു.

വിവാഹം പോലുള്ള ചടങ്ങുകൾ കൃത്യമായി പോലീസിലും ഓൺലൈൻ സംവിധാനത്തിലും രജിസ്റ്റർചെയ്യുന്നതും നിർബന്ധമാക്കും.

Content Highlights: food poisoning, food poisoning signs, food poisoning is caused by, food poisoning treatment