Representative Image| Photo: Mathrubhumi
കൊല്ലം: പഴകിയ ചോറ് പിറ്റേന്ന് ഇഡ്ഡലി, ബീഫ് കറി രണ്ടുദിവസംകൊണ്ട് ബീഫ് ഫ്രൈ. ചിക്കൻകറിയും മീൻകറിയുമൊക്കെ ഇങ്ങനെ വേഷം മാറി പുതിയ രൂപത്തിൽ. ആഴ്ചകളോളം ഇറച്ചിയും മീനുമൊക്കെ ഫ്രീസറിൽ സൂക്ഷിക്കുന്നതായാണ് അടുത്തിടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ ആരോഗ്യവകുപ്പ് കണ്ടെത്തിയത്.
മാംസം മൂന്നുമണിക്കൂറിലധികം തുറന്നുവെച്ചാൽ അത് പഴകുമെന്നാണ് വിലയിരുത്തൽ. ഫ്രീസറിലാണ് സൂക്ഷിക്കുന്നതെങ്കിലും മീനിനും മാംസത്തിനും ഓരോ നിമിഷവും മാറ്റം വന്നുകൊണ്ടിരിക്കും. ഇത്തരത്തിൽ പഴകിയ മാംസവും മീനുമൊക്കെ ഉപയോഗിച്ചു തയ്യാറാക്കിയ വിഭവങ്ങളാണ് കൊല്ലത്തെ ചില ഭക്ഷണശാലകളിലെ തീൻമേശയിൽ നിരത്തുന്നത്. ഉപയോഗിച്ച എണ്ണതന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതാണ് മിക്ക ഹോട്ടലുകളിലെയും ബേക്കറികളിലെയും രീതി. ഫ്രിഡ്ജുകളിലും അല്ലാതെയും സൂക്ഷിച്ചിരുന്ന വിവിധ കറികൾ, വറുത്ത മീൻ, ചോറ്, അഴുകിയ പച്ചക്കറികൾ, മത്സ്യം, പഴവർഗങ്ങൾ, തീയതി കഴിഞ്ഞ കവർ പാൽ എന്നിവയും ഇക്കൂട്ടത്തിൽപ്പെടും. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ആഹാരസാധനങ്ങൾ പിടികൂടിയതിൽ പ്രമുഖ ഭക്ഷണശാലകളും ഉൾപ്പെടും.
കിളികൊല്ലൂരിൽ കല്ലുംതാഴത്തെ ജനകീയ ഹോട്ടൽ, വസന്ത് ഭവൻ, സമറസ് ഹോട്ടൽ, സിനിമാ റെസ്റ്റോറന്റ്, പള്ളിമുക്കിൽ കേക്ക് ആൻഡ് കഫേ, രാമൻകുളങ്ങരയിലെ ഫ്രൈഡേ റെസ്റ്റോറന്റ്, മേടയിൽമുക്ക് അരകല്ല് ഹോട്ടൽ, ടർക്കിഷ് മുളങ്കാടകം, ഹോട്ടൽ സുലൈമാനി എന്നിവിടങ്ങളിൽനിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയത്. ശനിയാഴ്ച ആശ്രാമം മൈതാനത്ത് നടക്കുന്ന പ്രദർശനമേളയിലെ ഫുഡ് ഫെസ്റ്റിൽ പരിശോധന നടത്തിയതിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തിരുന്നു. മൈതാനത്ത് നടക്കുന്ന മറ്റൊരു ക്രിസ്മസ്-ന്യൂ ഇയർ മേളയിലെ ഭക്ഷണശാല വൃത്തിയില്ലാത്തതിനാൽ അടപ്പിച്ചു.
തട്ടുകടകളിലെ ജീവനക്കാരനെ ഉടമയ്ക്കുപോലും അറിയില്ല
ആരെന്നോ എന്തെന്നോ അറിയാത്ത ഇതരസംസ്ഥാന തൊഴിലാളികളാണ് നഗരത്തിലെ തട്ടുകടകളിൽ ഓരോദിവസവും സപ്ലൈമുതൽ പാചകംവരെ നടത്തുന്നത്.
മാനദണ്ഡങ്ങൾപോലും ഇവർക്ക് അന്യമാണ്. ജീവനക്കാരുടെ പേരോ അവരിൽ ക്രിമിനൽ പശ്ചാത്തലമോ രോഗങ്ങളോ ഉള്ളവരുണ്ടോയെന്ന കാര്യമോ കൃത്യമായി അറിയാത്ത നടത്തിപ്പുകാരും നഗരത്തിൽ തട്ടുകടകൾ നടത്തുന്നുണ്ട്. പാൻ, പുകയില, മറ്റ് ലഹരിവസ്തുക്കൾ എന്നിവ ഉപയോഗിച്ചാണ് കടകളിൽ ജോലിചെയ്യുന്നത്. ജോലി കഴിഞ്ഞ് പലരുടെയും അന്തിയുറക്കംതന്നെ തെരുവുകളിലാണ്. ഇവിടങ്ങളിൽ പരിശോധനകൾ നടത്താൻ രാത്രിയിലേ കഴിയൂവെന്നതിനാൽ ആരോഗ്യവകുപ്പും മുഖംതിരിച്ച മട്ടാണ്.
Content Highlights: food poison in kerala, food safety department inspection
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..