തൃശ്ശൂര്‍: റെയില്‍വെ സ്റ്റേഷനിലെ അടഞ്ഞു കിടക്കുന്ന ഫുഡ് പ്ലാസ വൈകാതെ തുറക്കും. ഫുഡ് പ്ലാസയുടെ നടത്തിപ്പ് ചുമതലയുള്ള ഐ.ആര്‍.സി.ടി.സി. പുതിയ ഏജന്‍സിക്ക് കരാര്‍ നല്‍കിയതോടെയാണിത്.

ഫുഡ് പ്ലാസ ആറുമാസമായി പൂട്ടിക്കിടക്കുന്ന കാര്യം മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലെ ഫുഡ് പ്ലാസ കരാറെടുത്തിട്ടുള്ള ചെന്നൈ ആസ്ഥാനമായുള്ള ഓറിയന്റല്‍ കുസൈന്‍സ് ആണ് തൃശ്ശൂരിലും കരാറെടുത്തിട്ടുള്ളത്. മൂന്ന് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങണമെന്നാണ് കരാറിലെ വ്യവസ്ഥ.

നേരത്തെയുള്ള കരാറുകാരന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ഡിസംബറില്‍  പ്ലാസ പൂട്ടിയത്.

സസ്യ, സസ്യേതര ഭക്ഷണശാലകളും ഇവിടെയുണ്ടാവും. സസ്യ ഭക്ഷണം ഓറിയന്റല്‍ കുസൈന്‍സ് തന്നെയാവും തയ്യാറാക്കുക. സസ്യേതര ഭക്ഷണത്തിന്റെ ചുമതല ഇവര്‍ കോഴിക്കോട്ടെ പാരഗണ്‍ ഗ്രൂപ്പിന് നല്‍കിയേക്കുമെന്നാണ് സൂചന.

കോഴിക്കോട്ടെ ഫുഡ്പ്ലാസയില്‍ ഇവരാണ് സസ്യേതര ഭക്ഷണം വിതരണം ചെയ്യുന്നത്. 

നിലവില്‍ തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ സസ്യേതര ഭക്ഷണശാലയില്ല. ഒരു സസ്യ ഭക്ഷണശാല മാത്രമാണുള്ളത്. സംസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കേറിയ റെയില്‍വെ സ്റ്റേഷനുകളിലൊന്നാണ് തൃശ്ശൂര്‍.

മറ്റ് പ്രധാന റെയില്‍വെ സ്റ്റേഷനുകളായ തിരുവനന്തപുരം, എറണാകുളം, ഷൊര്‍ണൂര്‍, കോഴിക്കോട് എന്നിവയെ അപേക്ഷിച്ച് തൃശ്ശൂരില്‍ ഭക്ഷണശാലകള്‍ കുറവാണ്.