തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥികളെ പോലെ അവരുടെ ഭാര്യമാരും തിരക്കിലാണ്. ഫോണിലും നേരിട്ടും വോട്ടഭ്യര്‍ത്ഥിച്ച് കാസർക്കോട് ലോക്​സഭാ മണ്ഡലത്തിലെ സ്ഥാനാർഥികളായ സതീഷ് ചന്ദ്രന്റെയും ഉണ്ണിത്താന്റെയും രവിശ തന്ത്രിയുടെയും ഭാര്യമാര്‍ അരങ്ങിലും അടുക്കളയിലും ഒരേ പോലെ സജീവമാണ്‌.

ദോശയും ചട്ണിയുമാണ് സതീഷേട്ടന് ഇഷ്ടം

''ദോശയും ചട്ണിയുമാണ് സതീഷേട്ടന് ഇഷ്ടം. രാത്രിയില്‍ ചുട്ടുവെച്ചത് ചപ്പാത്തിയാണെങ്കിലും കുറച്ച് ചോറ് നിര്‍ബന്ധമാണ്...'' ദോശ ചുട്ടുകൊണ്ട് സീത പറഞ്ഞു. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ഥി കെ.പി.സതീഷ് ചന്ദ്രന്റെ ഭാര്യയാണ് സീതാദേവി. ''വീട്ടുകാര്യം പറയുമ്പോള്‍ തീന്‍മേശയില്‍ തുടങ്ങണമല്ലോ....'' വാക്കുകളില്‍ ഇത്തിരി ഗൗരവംകൂടി കലര്‍ത്തി അരിമാവ് ദോശക്കല്ലിലേക്ക് പകര്‍ന്നു.

നീലേശ്വരം പട്ടേനയിലെ കോട്ടയില്‍ വീട്ടിലേക്ക് സതീഷ് ചന്ദ്രന്റെ കൈപിടിച്ച് കയറിയിട്ട് 30 വര്‍ഷം പിന്നിട്ടു. ഭര്‍ത്താവ് എം.എല്‍.എ.യായി. സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയായി. അതൊന്നും സീതയുടെ ഗ്രാമീണ സ്വഭാവത്തെ തെല്ലും ബാധിച്ചിട്ടില്ല. പെരുമാറ്റത്തിലെ എളിമയും സ്‌നേഹവും സതീഷ് ചന്ദ്രനോളം സീതയ്ക്കുമുണ്ട്.

വീട്ടില്‍ ആദ്യമായെത്തുന്നവര്‍ ആരായാലും പത്തുവര്‍ഷം എം.എല്‍.എ.യായ നേതാവിന്റെ വീടാണോ ഇത് എന്ന് ചോദിച്ചുപോകും. പഴയ ഓടിട്ട വീടിന്റെ കഴുക്കോലുകള്‍ ദ്രവിച്ചുതുടങ്ങിയിരുന്നു. വീതികുറഞ്ഞ മുറികള്‍. അകത്തളത്തിലെ നടുമുറിയില്‍ ചെഗുവേരയുടെ ഫോട്ടോയ്ക്ക് താഴെയായി നിറച്ചും പുസ്തകങ്ങള്‍. ''വീട്ടിലെത്തിയാല്‍ സതീഷേട്ടന്റെ വായനാലോകം ഇവിടെയാണ്. തിരക്കൊഴിഞ്ഞ സമയമില്ല. നാട്ടിലെ പ്രശ്‌നങ്ങളും നാട്ടുകാരുടെ പ്രയാസങ്ങളും കണ്ടും കേട്ടും പരിഹരിച്ചുമുള്ള ജീവിതം. കല്യാണം കഴിഞ്ഞതു മുതല്‍ ഞാനും ഇതൊക്കെയല്ലേ കാണുന്നത്. എത്ര തിരക്കാണെങ്കിലും സ്‌നേഹപൂര്‍വമായ പെരുമാറ്റത്തിന് ഒരു കുറവും ഉണ്ടാകില്ല. മുമ്പൊക്കെ എന്നെയും മക്കളെയും കൂട്ടി യാത്രപോകും. മക്കള്‍ വളര്‍ന്നില്ലേ. ഇപ്പോള്‍ വല്ലപ്പോഴും സിനിമയ്ക്ക് പോകും. ഒടിയന്‍ സിനിമയാണ് അവസാനമായി തിയേറ്ററില്‍പ്പോയി കണ്ടത്...'' റെയ്ഡ്കോയില്‍ ജോലിചെയ്യുന്ന മൂത്തമകന്‍ അജിത്ത് ഒപ്പമുണ്ട്. ഇളയമകന്‍ നന്ദഗോപാല്‍ അബുദാബിയിലാണ്.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകകൂടിയാണ് സീത. അതുകൊണ്ടുതന്നെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വീടുകളില്‍ കയറിയിറങ്ങിയുള്ള വോട്ടഭ്യര്‍ഥനയിലാണിപ്പോള്‍.

seetha devi
സതീഷ് ചന്ദ്രന്റെ ഭാര്യ സീതാദേവി പാചകത്തിനിടയില്‍

സുധേ നീ എന്തെങ്കിലും കഴിച്ചോ...?

''സുധേ നീ എന്തെങ്കിലും കഴിച്ചോ...?'' മേല്‍പ്പറമ്പിലെ വാടകവീട്ടിലുള്ള ഭാര്യയോട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ ഫോണിലൂടെയുള്ള ചോദ്യം. ''ഞാന്‍ കഴിച്ചോളാം. ചേട്ടന്‍ ഗുളിക മറക്കാതെ കഴിക്കണേ...'' ഫോണ്‍ കട്ടുചെയ്ത് സുധാകുമാരി കൂട്ടിച്ചേര്‍ക്കുന്നു... ''ഈ ചേട്ടന്‍ ഇങ്ങനെയാ. പൊതുപ്രവര്‍ത്തനത്തിനിടെ എത്ര തിരക്കിലായാലും എന്റെയും മക്കളുടെയും കാര്യത്തില്‍ സ്‌നേഹവും കരുതലും വേണ്ടുവോളമുണ്ട്...''

കൊല്ലം വടയാറ്റുകോട്ട സ്വദേശിനിയാണ് എസ്.സുധാകുമാരി. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍. സ്ഥാനാര്‍ഥിത്തിരക്കിനിടയില്‍ ഭര്‍ത്താവിന് ഒരുകൈ സഹായമാകാന്‍ കുറച്ചുദിവസത്തെ അവധിയെടുത്താണ് ഇവര്‍ കാസര്‍കോട് മേല്‍പ്പറമ്പിലെ വാടകവീട്ടിലെത്തിയത്. ''ചേട്ടന് ഭക്ഷണത്തിന്റെ കാര്യത്തില്‍ ഏതെങ്കിലും ഇനത്തോട് പ്രിത്യേക താത്പര്യമൊന്നുമില്ല. കറികളില്‍ സാമ്പാറാണ് ഇഷ്ടം. വീട്ടിലെത്തിയാല്‍ അടുക്കളയില്‍വന്ന് സാധനങ്ങള്‍ തീര്‍ന്നോ എന്ന് അന്വേഷിക്കും. ഫ്രിഡ്ജ് തുറന്നുനോക്കി പച്ചക്കറികള്‍ വാങ്ങിക്കണോ എന്ന് ചോദിക്കും. മക്കള്‍ അഖിലും അതുലും അമലും വീട്ടില്‍ ഒരുമിച്ചുള്ളപ്പോള്‍ എല്ലാവരെയുംകൂട്ടി പുറത്തേക്കുപോകും. സിനിമകാണും. ''ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോള്‍ അടുക്കളയില്‍ തക്കാളിമുറിച്ചുകൊണ്ടിരിക്കുന്ന് പാതിയില്‍ നിര്‍ത്തി സുധ വാചാലയായി.

ചാനല്‍ച്ചര്‍ച്ചയില്‍ വാക്കുകള്‍കൊണ്ട് എതിരാളികളുടെ വാദത്തിന്റെ മുനയൊടിക്കുന്ന രാഷ്ട്രീയനേതാവെന്ന വിശേഷണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ഒത്തിരി അഭിമാനത്തോടെ സുധ മുഖമുയര്‍ത്തി ചിരിച്ചു. വാക്കുകളില്‍ ഇത്തിരി നിരാശ പ്രതിഫലിപ്പിക്കാനും മറിന്നില്ല. ''ചേട്ടന്റെ ജൂനിയറായ കോണ്‍ഗ്രസ് നേതാക്കള്‍പോലും ഉന്നതിയിലെത്തി. അര്‍ഹിക്കുന്ന അംഗീകാരം ഉണ്ണിത്താന്‍ചേട്ടന് കിട്ടാത്തതില്‍ വിഷമമുണ്ട്. പയ്യന്നൂര്‍ ഉള്‍പ്പെടെ ഉത്തരമലബാറിലെ പലയിടങ്ങളിലും ബന്ധുക്കളുണ്ടെന്ന് പറഞ്ഞ സുധ അവരെയൊക്കെ ഫോണില്‍വിളിച്ച് വോട്ടഭ്യര്‍ഥിച്ചുകഴിഞ്ഞെന്നും കൂട്ടിച്ചേര്‍ത്തു.

sudhakumari
രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഭാര്യ സുധാകുമാരി അടുക്കള തിരക്കിനിടയില്‍

നെയ്യ് ചേർത്തുള്ള കഞ്ഞിയും മാങ്ങാ അച്ചാറുമാണ് മിക്ക ദിവസങ്ങളിലെയും അത്താഴം

''വിവാഹംകഴിഞ്ഞിട്ട് 24 വര്‍ഷമായി. ഭര്‍ത്താവിനൊപ്പമുള്ള പൊതുരംഗത്തെ പ്രവര്‍ത്തനത്തിനും ഇത്രതന്നെ വര്‍ഷമുണ്ട്....'' പറയുന്നത് കാസര്‍കോട് മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാറിന്റെ ഭാര്യ സുജാത ആര്‍.തന്ത്രി. മഹിളാ മോര്‍ച്ച കാസര്‍കോട് ജില്ലാ ട്രഷററാണ് ഇവര്‍. കര്‍ണാടക പുത്തൂര്‍ സ്വദേശിനിയാണ് സുജാത. ഇപ്പോള്‍ അസ്സല്‍ കാസര്‍കോട്ടുകാരിയായി. കാറഡുക്ക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

സുജാതയോട് അടുക്കളക്കാര്യമൊന്നും ഇപ്പോള്‍ ചോദിക്കേണ്ടതില്ല. കാരണം തന്ത്രി പ്രചാരണത്തിനിറങ്ങുമ്പോള്‍ ഇവരും ഒപ്പമിറങ്ങും. വോട്ടുചോദിക്കാനും മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തുപറയാനുമെല്ലാം പ്രവര്‍ത്തകര്‍ക്കൊപ്പം സജീവം. പര്യടന റൂട്ട് നിശ്ചയിക്കാനും കന്നട മേഖലയിലെത്തിയാല്‍ പ്രസംഗിക്കാനുമെല്ലാം നേതാവായി സുജാതയുണ്ട്.

സ്ഥാനാര്‍ഥിക്കുവരുന്ന ഫോണ്‍ കോളുകള്‍ക്ക് മറുപടിപറയുന്നതുപോലും സുജാതയുടെ ഡ്യൂട്ടിയാണ്. പ്രചാരണം നേരത്തേ തീര്‍ന്നാല്‍ വീട്ടിലെത്തി കഞ്ഞിവയ്ക്കുന്ന ചുമതലകൂടിയുണ്ട് ഈ കുടുംബിനിക്ക്. ''ഇത്തിരി നെയ്യ് ചേർത്തുള്ള കഞ്ഞിയും മാങ്ങാ അച്ചാറുമാണ് മിക്ക ദിവസങ്ങളിലെയും അത്താഴം''-സുജാത പറഞ്ഞു. ''ഉച്ചയൂണിന് അവര്‍ക്കിഷ്ടം സാമ്പാറും രസവും''. കന്നടഭാഷ കലര്‍ന്ന മലയാളത്തില്‍ വീട്ടുകാര്യങ്ങളും വിശദീകരിക്കുന്നു. ''മക്കള്‍ സുബ്രഹ്മണ്യനും കൃതികയ്ക്കും ഗുരുപ്രസാദിനുമൊപ്പം കര്‍ണാടകയിലും മറ്റുമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊക്കെ പോകും''. നേരത്തേ കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി രവീശ തന്ത്രി മത്സരിച്ചപ്പോഴും ചുക്കാന്‍ സുജാതയുടെ കൈയിലായിരുന്നു. രാഷ്ട്രീയം നിറഞ്ഞ ജീവിതമാണെങ്കിലും വീട്ടിലെത്തിയാല്‍ ഇരുവര്‍ക്കും കുടുംബകാര്യം മാത്രം.

sujatha
രവീശ തന്ത്രി കുണ്ടാറിന്റെ ഭാര്യ സുജാത ആര്‍ തന്ത്രി വീടുകളില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നു

Content Highlights: food news, food updates, seetha, sudha, sujatha, satheesh chandran