കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗസ്റ്റ് ഹൗസിന് സമീപം ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് കെട്ടിടം ഒരുങ്ങുന്നു. നിര്‍മാണപ്രവൃത്തി ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.

പ്രളയവും നിപയും ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ ഉണ്ടായിട്ടും 2018-ല്‍ ടൂറിസം രംഗത്ത് വളര്‍ച്ച ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 36,000 കോടി രൂപയാണ് 2018-ല്‍ ടൂറിസത്തിലൂടെയുണ്ടായ വരുമാനം. 5.93 ശതമാനം ടൂറിസ്റ്റുകള്‍ കൂടി. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ജീവനോപാധിയായി ടൂറിസത്തെ മാറ്റുന്നതാണ് സര്‍ക്കാരിന്റെ നയം. ഉത്തരവാദിത്വ ടൂറിസമൊക്കെ ഇത്തരത്തിലുള്ള മുന്നേറ്റമാണെന്ന് മന്ത്രി പറഞ്ഞു.

നിലവില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം ജോലി ലഭിക്കുന്നുണ്ട്. 1500 പേരാണ് ഈ രീതിയില്‍ ജോലിക്കിറങ്ങുന്നത്. പുതിയ സ്ഥാപനം യാഥാര്‍ഥ്യമായാല്‍ കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കും. പാലക്കാട്ടും വയനാടും ആറുമാസത്തിനുള്ളില്‍ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.

എ. പ്രദീപ് കുമാര്‍ എം.എല്‍.എ. അധ്യക്ഷനായി. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.വി. ബാബുരാജ്, ടൂറിസം റീജണല്‍ ജോയന്റ് ഡയറക്ടര്‍ സി.എന്‍. അനിതകുമാരി, ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഷാജി മാധവന്‍, പ്രിന്‍സിപ്പല്‍ മനോജ് മാത്യു, പി.വി. മാധവന്‍, പി.എം. കരുണാകരന്‍, സി.പി. ഹമീദ്, അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു വര്‍ഷത്തിനുള്ളില്‍

ഗസ്റ്റ് ഹൗസിന് സമീപമുള്ള ടൂറിസം വകുപ്പിന്റെ സ്ഥലത്താണ് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്നത്. 9.75 കോടി രൂപ ചെലവഴിച്ച് നാലുനില കെട്ടിടമാണ് ഒരുക്കുന്നത്. പി.ഡബ്ല്യു.ഡി ആര്‍ക്കിടെക്ചര്‍ വിഭാഗമാണ് കെട്ടിടത്തിന്റെ രൂപകല്പന നിര്‍വഹിച്ചത്. യു.എല്‍.സി.സി.ക്കാണ് നിര്‍മാണച്ചുമതല. ഒരു വര്‍ഷത്തിനുള്ളില്‍ കെട്ടിടം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

കോഴിക്കോട്ട് 40 വര്‍ഷമായി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ സിവില്‍സ്റ്റേഷനിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫുഡ് പ്രൊഡക്ഷന്‍, സര്‍വീസ്, ഫ്രണ്ട് ഓഫീസ് എന്നീ കോഴ്സുകളാണുള്ളത്. പുതിയ കെട്ടിടം യാഥാര്‍ഥ്യമായാല്‍ ഹൗസ് കീപ്പിങ്, ബേക്കറി കോഴ്സുകള്‍ കൂടി തുടങ്ങും. ഒരുവര്‍ഷത്തെ ഈ കോഴ്സുകള്‍ക്ക് പുറമെ ഹ്രസ്വകാല കോഴ്സുകളും തുടങ്ങും. ആധുനിക രീതിയിലുള്ള സ്മാര്‍ട്ട് ക്ലാസുകളായിരിക്കും ഇവിടെ ഉണ്ടാവുക.

Content Highlights: Food news ,Food craft institute kozhikode,Food, Food feature,latest food news,mathrubhumi