നല്ല ഒന്നാന്തരം 'ചായ' കിട്ടുന്നയിടം അന്വേഷിച്ച് പോകുന്നവരാണ് മലയാളികളില്‍ നല്ലൊരുഭാഗവും. ചായയോളംതന്നെ പ്രിയങ്കരമാണ് ഹാസ്യവും. പതിവു സ്വാദില്‍നിന്ന് വേറിട്ട് പുതു സ്വാദായി 'ഗ്രീന്‍ ടീ'യും 'മസാലച്ചായ'യും എല്ലാം കടകളില്‍ എത്തിയിട്ടുണ്ട്, അതുപോലെതന്നെ ഹാസ്യാവിഷ്‌കരണങ്ങളും. അത്തരമൊരു പുതു പരീക്ഷണത്തിന്റെ ചൂടിലാണ് കുട്ടനെല്ലൂരുകാരന്‍ സജീഷ് 'ചായക്കട'യുമായി എത്തിയിരിക്കുന്നത്.

കേരളീയ ഭക്ഷണങ്ങളെയും സന്ദര്‍ഭങ്ങളെയും വിഭവസമൃദ്ധമായി അവതരിപ്പിച്ചുകൊണ്ടുള്ള സജീഷ് കുട്ടനെല്ലൂരിന്റെ 'ചായക്കട'യ്ക്ക് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ ധാരാളം ആസ്വാദകരെയും ലഭിച്ചു. ഒരു ചായക്കടയും അവിടെയെത്തുന്ന ഓരോ കഥാപാത്രവുമാണ് ഇതിന്റെ കാതല്‍. പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ചുറ്റിനും നടക്കുന്ന സംഭവങ്ങള്‍പോലും ഇതിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്നു. 'ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ബോയി'യെയും തിരക്കിനൊപ്പം പായുന്ന ആംബുലന്‍സിനെയും താരതമ്യപ്പെടുത്തി കാഴ്ചക്കാരെ ഒരേസമയം ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും സജീഷിന് കഴിഞ്ഞു.

പഴയ ചായക്കടകളിലെ ഭിത്തിയില്‍ പതിഞ്ഞിരുന്ന സിനിമാ പോസ്റ്ററുകള്‍ തന്നെയാണ് മൊബൈലില്‍ എത്തുന്ന സിനിമയുടെ 'ഫസ്റ്റ് ലുക്ക് പോസ്റ്റര്‍' എന്ന് എത്രപേര്‍ക്കറിയാം എന്ന സജീഷിന്റെ ചോദ്യത്തിന് കാണികളുടെ ഉത്തരം, നിര്‍ത്താതെയുള്ള കൈയടിയായിരുന്നു.

''സ്റ്റാന്‍ഡ് അപ്പ് കോമഡിയെന്ന് പറയുമ്പോള്‍ മിമിക്രിയാണെന്ന ധാരണ പലരിലും ഉണ്ടാകാറുണ്ട്, എന്നാല്‍ മിമിക്രിയിലേതു പോലൊരു സ്‌ക്രിപ്റ്റില്‍ അല്ല 'സ്റ്റാന്‍ഡ് അപ്പ് കോമഡി' അവതരിപ്പിക്കുന്നത്. സമൂഹത്തിലെ പുതിയ ചലനങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന വ്യത്യസ്തമായ ഹാസ്യ ആഖ്യാന രീതിയാണിത്'' -സജീഷ് കുട്ടനെല്ലൂര്‍ പറയുന്നു.

15 വര്‍ഷമായി മിമിക്രി രംഗത്ത് സജീവമായിരുന്ന സജീഷ്, ഒരു വര്‍ഷത്തിലധികമായി 'സ്റ്റാന്‍ഡ് അപ്പ് കോമഡി'യുടെ കൂടെയാണ്. കൂടാതെ, 150 സ്‌കൂളുകളില്‍ മലയാളഭാഷയെ അടിസ്ഥാനമാക്കി 'മലയാളപ്പെരുമ' എന്ന പരിപാടിയും അവതരിപ്പിച്ചിട്ടുണ്ട്.

മലയാളിയെ ഏറെ സ്വാധീനിക്കുന്ന വിഷയത്തിലൂന്നിയാവണം സ്റ്റാന്‍ഡ് അപ്പ് കോമഡി എന്ന ചിന്തയാണ് ഭക്ഷണത്തിലും ചായയിലും കൊണ്ടെത്തിച്ചത്. ഇന്റര്‍നെറ്റില്‍ പോലും മലയാളിയെ ഏറ്റവും സ്വാധീനിക്കുന്നത് ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള സൈറ്റുകളാണ്. പരീക്ഷണ പറക്കലായിരുന്നു 'ചായക്കട'.

'അവിടെയെത്തിയ കാണികളുടെ മുഖത്തെ ചിരി അംഗീകാരത്തിന്റെ അടയാളമായി കാണുകയാണ്'' എന്ന് സജീഷ്.

ചിരിപ്പിക്കുന്ന കുറെയധികം പരിപാടികള്‍ കേരളത്തിലുണ്ടെങ്കിലും സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍മാര്‍ വിരലിലെണ്ണാവുന്നവരേയുള്ളൂ. പതിവു ചേരുവകളില്‍നിന്ന് മാറിച്ചിന്തിച്ച ഹാസ്യ നായകന്മാരാണ് സ്റ്റാന്‍ഡ് അപ്പ് കോമഡിയുമായി രംഗത്തെത്തിയത്. വായനയെയും സാമൂഹിക മുന്നേറ്റങ്ങളെയും സമകാലിക സംഭവങ്ങളെയും കോര്‍ത്തിണക്കി, ഹാസ്യത്തിലൂടെ അവതരിപ്പിച്ച് കൈയടി നേടിയെടുക്കുകയാണിപ്പോള്‍ സ്റ്റാന്‍ഡ് അപ്പ് കോമഡിയന്‍മാര്‍.

''രാഷ്ട്രീയ-സിനിമ പ്രവര്‍ത്തകരുടെ ശബ്ദാനുകരണവും ഫിഗറും മാത്രമുള്ള ഒറ്റയാള്‍ പ്രകടനമല്ല സ്റ്റാന്‍ഡ് അപ്പ് എന്ന് അറിയാവുന്നവര്‍ പോലും ചുരുക്കമാണ്'' എന്ന് സജീഷ് പറഞ്ഞുനിര്‍ത്തുന്നു.

Content Highlights: Food news, chayakkada, sajeesh kuttanelloor, food updates, stand up comedy