കോഴിക്കോട്: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കോഴിക്കോട് സരോവരം സ്വപ്നനഗരി ട്രേഡ് സെന്ററില്‍ തുടങ്ങി. സിനിമാനടന്‍ ഇന്ദ്രജിത്ത് ഫുഡ് ഫെസ്റ്റ് ഉദ്ഘാടനംചെയ്തു. മേളയില്‍നിന്ന് ഭക്ഷണംകഴിച്ചാണ് ഇന്ദ്രജിത്ത് ഉദ്ഘാടനം നിര്‍വഹിച്ചത്. വിവിധസ്ഥലങ്ങളില്‍ ഭക്ഷ്യമേളകളുണ്ടെങ്കിലും വിവിധഹോട്ടലുകളിലെ തനതുരുചികള്‍ പുനരാവിഷ്‌കരിക്കുന്ന ഇത്തരമൊരു രീതി പുതുമയുള്ളതാണെന്ന് ഇന്ദ്രജിത്ത് പറഞ്ഞു. രുചിയുടെ വൈവിദ്ധ്യമൊരുക്കുന്ന ഭക്ഷ്യമേളയില്‍ 62 സ്ഥാപനങ്ങളുടേതായി 76 സ്റ്റാളുകളാണുള്ളത്.

ഉദ്ഘാടനയോഗത്തില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ജി.കെ. പ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി ജി. ജയപാല്‍, ജില്ലാ സെക്രട്ടറി സി. ഷെമീര്‍, പി.പി. മുകുന്ദന്‍, സുമേഷ് ഗോവിന്ദ്, എന്‍. സുഗുണന്‍, ടി.വി. മുഹമ്മദ് സുഹൈല്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റ് എം. മൊയ്തീന്‍ കുട്ടി ഹാജി മേളയുടെ ആദ്യടിക്കറ്റ് വില്പന നിര്‍വഹിച്ചു. സൂഫി സംഗീതാലാപനവുമുണ്ടായിരുന്നു.

27-ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഹോട്ടല്‍ എക്‌സ്പോ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിക്കും. കെ.എച്ച്.ആര്‍.എ. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവന്‍ അധ്യക്ഷത വഹിക്കും. 28-ന് രാവിലെ 10-ന് എം.കെ. രാഘവന്‍ എം.പി. പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും.

29-ന് മൂന്നുമണിക്ക് ചേരുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ഹോട്ടലുകളിലെ ടോയ്ലറ്റുകള്‍ പൊതുജനങ്ങളുടെ ഉപയോഗത്തിന് സൗജന്യമായി തുറന്നുകൊടുക്കുന്ന ക്ലൂ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇ.പി. ജയരാജന്‍ നിര്‍വഹിക്കും. മന്ത്രി കെ.കെ. ശൈലജ വ്യവസായരത്ന പുരസ്‌കാരം നേടിയവരെ ആദരിക്കും.

Content Highlights: Food festival in kozhikode, food fest , sarovaram, actor Indrajith