തിരുവല്ല: ശബരിമല തീര്‍ഥാടന കാലമായിട്ടും തിരുവല്ല റെയില്‍വേ സ്റ്റേഷനിലെ ഭക്ഷണശാലകള്‍ തുറക്കാന്‍ നടപടിയില്ല.
ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനാണ് തിരുവല്ലയിലേത്. ഇവിടെ ട്രെയിന്‍ ഇറങ്ങുന്ന തീര്‍ഥാടകര്‍ നഗരത്തിലെത്തിവേണം ആഹാരം കഴിക്കാന്‍.
രണ്ട് ഭക്ഷണശാലകളാണ് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. രണ്ടും പൂട്ടി. ഇനി എന്നു തുറക്കുമെന്ന് അധികൃതര്‍ക്ക് പിടിയില്ല. ഐ.ആര്.സി.ടി.സി.യുടെ ചുമതലയിലുളള സസ്യാഹാരശാല 14 മാസം മുന്‍പും റെയില്‍വേ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ റെസ്റ്റൊറന്റ് രണ്ട് വര്‍ഷം മുന്‍പുമാണ് പൂട്ടിയത്.
വാടക കുടിശ്ശികയായതോടെ കോര്പ്പറേഷന് അധികൃതര്‍ റെസ്റ്റൊറന്റ് പൂട്ടിച്ചു. ലക്ഷക്കണക്കിന് രൂപ മുതല്‍മുടക്കില്‍ പണിത സസ്യാഹാരശാല വരുമാനക്കുറവിന്റെ പേരില്‍ പൂട്ടി.
16.5 ലക്ഷം രൂപ വാര്‍ഷിക വാടകയ്ക്കാണ് ഐ.ആര്.സി.ടി.സി സ്വകാര്യവ്യക്തിക്ക് ഹോട്ടല്‍ നടത്തിപ്പ് നല്‍കിയത്.
ഹോട്ടലിനുളളില്‍ കുഴല്ക്കിണറടക്കം കുഴിച്ച് വലിയ മുതല്‍മുടക്കിലാണ് പ്രവര്‍ത്തനം തുടങ്ങിയത്.
ദിവസം നാലായിരത്തിലധികം രൂപ വാടകത്തുകയായി മാറ്റിവെയ്ക്കേണ്ട സ്ഥാനത്ത് 10000 രൂപയായിരുന്നു ശരാശരി വിറ്റുവരവ്. ഇതോടെ വര്‍ഷം തികയുംമുമ്പേ പ്രവര്‍ത്തനം അവസാനിപ്പിച്ചു. രണ്ടാംവട്ടമെടുക്കാന് ആരുമെത്തിയില്ല.
ഒരുതവണ കരാര്‍ ഉറപ്പിച്ച തുകയില്ക്കുറച്ച് അടുത്തതവണ ഐ.ആര്.സി.ടി.സി. വാടകവെയ്ക്കില്ല.
16.5 ലക്ഷത്തിന് ആളെത്താതായതോടെ 10 ശതമാനം കുറഞ്ഞനിരക്കില്‍ വീണ്ടും നടത്തിപ്പിന് കരാര്‍ ക്ഷണിച്ചെങ്കിലും ഫലമുണ്ടായില്ല. അടിസ്ഥാന വാടകയില്‍ 10 ശതമാനം വീണ്ടുംകുറച്ച് കരാര്‍ ക്ഷണിച്ചെങ്കിലും ഫലമുണ്ടായില്ല.
റെയില്‍വേയ്ക്ക് നേരിട്ട് നടത്താം
തിരുവല്ലയില്‍ ട്രെയിന്‍ യാത്രികര്‍ക്ക് ഭക്ഷണം കിട്ടുന്നതിന് റെയില്‍വേ നേരിട്ട് ഹോട്ടല്‍ നടത്തിപ്പ് ഏറ്റെടുക്കണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.ഐ.ആര്.സി.ടി.സി.ക്ക് നടത്തിപ്പ് മുന്നോട്ടുകൊണ്ടുപോകുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഡിവിഷന് തലത്തില്‍ ഹോട്ടല്‍നടത്തിപ്പ് ഏറ്റെടുക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനുള്ള നടപടിക്രമങ്ങള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. നേരിട്ട് നടത്തുമ്പോള്‍ പ്രദേശത്തിന് അനുസരിച്ചുള്ള വാടകക്കരാര്‍ ഉറപ്പിക്കുന്നതിന് ഡിവിഷന് തലത്തില്‍ സാധിക്കുകയും ചെയ്യും. തിരുവല്ലയില്‍ കുടുബശ്രീ അടക്കമുള്ളവ സ്റ്റേഷനിലെ ഹോട്ടല്‍ നടത്തിപ്പിനായി മുന്നോട്ടുവന്നിരുന്നു. ഉയര്ന്നവാടകമൂലം പിന്തിരിയുകയായിരുന്നു.
Content Highlights: food counters in thiruvalla railway station
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..