പറവൂർ: തവിട് മാറ്റാത്ത പൊക്കാളി അരിപ്പൊടി കൊണ്ടുള്ള ആവിപറക്കുന്ന ചുവന്ന പുട്ട്... കുടംപുളിയിട്ട്‌ വറ്റിച്ച കാളാഞ്ചിക്കറി... കായലരികെയിരുന്ന് കാറ്റുകൊണ്ടു കഴിക്കാൻ ഇനിയുമുണ്ട് നാട്ടുരുചികളുടെ കറിക്കൂട്ടുകൾ ഏറെ.

ഏഴിക്കര പള്ളിയാക്കൽ സഹകരണ ബാങ്ക് 24-ന്‌ വൈകീട്ട് വരെ ചാത്തനാട് കായലോരത്തുള്ള ഫിഷ്‌ലാൻഡിങ് സെന്ററിലാണ് മത്സ്യക്കാഴ്ചയും നാട്ടുരുചികളുടെ മേളയം ഒരുക്കിയിട്ടുള്ളത്.

ബാങ്കിന്റെ കീഴിലുള്ള മത്സ്യകർഷക സ്വാശ്രയ സംഘങ്ങൾ, സി.എം.എഫ്.ആർ.ഐ.യുടെ സാങ്കേതിക ഉപദേശത്തോടെ വളർത്തിയ കൂടുമത്സ്യകൃഷിയിലെ മീനുകളാണ് ഭക്ഷ്യമേളയിലെ കറികളിലുള്ളത്.

പെടയ്ക്കണ മീനുകളുടെ വിൽപ്പനയും ഉണ്ട്. കരിമീൻകറി, തിലോപ്പിയ കറി, ഞണ്ട് റോസ്റ്റ്, ചെമ്മീൻ റോസ്റ്റ്, കപ്പ, സാധാരണ പുട്ട്‌ എന്നിവയുമുണ്ട്. കൂടുകളിൽനിന്ന് അപ്പപ്പോൾ പിടിക്കുന്ന മത്സ്യങ്ങളാണ് ഉടനടി നന്നാക്കി കറിക്ക്‌ ഉപയോഗിക്കുന്നത്.

മത്സ്യസംസ്കരണ വനിതാ യൂണിറ്റ് അംഗങ്ങളാണ് നാട്ടുരുചിയിൽ മീൻകറി ചൂടോടെ തയ്യാറാക്കി വിളമ്പുന്നത്. ബുധനാഴ്ച കാളാഞ്ചി ബിരിയാണിയായിരുന്നു താരം. മാഞ്ഞാലി ബിരിയാണി പാചകക്കാരായ ഫിറോസും ഷാജിയും നേതൃത്വം നൽകിയാണ് മീൻ ബിരിയാണി ഉണ്ടാക്കിയത്. ചൂടപ്പംപോലെ തീർന്നു.

കാളാഞ്ചി, ചെമ്പല്ലി, കരിമീൻ, തിലോപ്പിയ തുടങ്ങിയ മീനുകൾ ആവശ്യക്കാർ കാൺകെ പിടികൂടി നൽകുന്ന വിൽപ്പനയും തകൃതിയാണ്. ആവശ്യമുള്ളവർക്ക് നന്നാക്കി കട്ട് ചെയ്തും നൽകിവരുന്നതായി ബാങ്ക് പ്രസിഡന്റ് എം.എസ്. ജയചന്ദ്രനും സെക്രട്ടറി എം. പി. വിജയനും പറഞ്ഞു.

Content highlights: fish food festival rice steam cake and fish curry