ഈ വര്‍ഷം തങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഓഡര്‍ ലഭിച്ച വിഭവമേതെന്ന് വെളിപ്പെടുത്തി ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. മറ്റൊന്നുമല്ല, ചിക്കന്‍ ബിരിയാണിയാണ് ആ പ്രിയപ്പെട്ട ഭക്ഷണം. തങ്ങളുടെ സ്റ്റേറ്റീസ്റ്റിക്‌സ്(statEATstics) റിപ്പോര്‍ട്ടിലാണ് സ്വിഗ്ഗി ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ആറുവര്‍ഷമായി ചിക്കന്‍ ബിരിയാണിയാണ് തങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഓഡര്‍ കിട്ടിയ വിഭവമെന്ന് അവര്‍ പറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഓഡര്‍ ചെയ്ത ഭക്ഷണത്തിന്റെ എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുണ്ട്. ഒരു മിനിറ്റില്‍ 115 ചിക്കന്‍ ബിരിയാണി(സെക്കന്‍ഡില്‍ 2 എണ്ണം) ഇന്ത്യക്കാര്‍ ഓഡര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇത് മിനിറ്റില്‍ 90 എന്ന നിലയ്ക്കായിരുന്നു.

ചിക്കന്‍ ബിരിയാണിയെ അപേക്ഷിച്ച് 4.3 മടങ്ങ് കുറവാണ് വെജ് ബിരിയാണിക്ക് കിട്ടിയത്. നഗരങ്ങളില്‍ കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ലഖ്‌നൗ എന്നിവിടങ്ങളില്‍ നിന്നാണ് ചിക്കന്‍ ബിരിയാണിക്ക് ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചത്. 

സ്വിഗ്ഗിയുടെ പഴയ ഉപഭോക്താക്കളില്‍ മാത്രമല്ല പുതിയ ഉപഭോക്താക്കള്‍ക്കും ചിക്കന്‍ ബിരിയാണിയോടാണ് പ്രിയം. 4.25 ലക്ഷം വരുന്ന പുതിയ ഉപഭോക്താക്കളും ആദ്യമായി ഓഡര്‍ ചെയ്തത് ചിക്കന്‍ ബിരിയാണിയാണെന്ന് സ്വിഗ്ഗിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 

അതേസമയം, മുംബൈയില്‍ ഏറ്റവും കൂടുതല്‍ ഓഡര്‍ ചെയ്ത ഭക്ഷണം ധാല്‍ കിച്ചഡിയാണ്. ചിക്കന്‍ ബിരിയാണിയുടെ ഇരട്ടിയാണ് മുംബൈയില്‍ ധാര്‍ കിച്ചഡി വിറ്റത്. ജയ്പുരില്‍ ധാല്‍ ഫ്രൈയും ഡല്‍ഹിയില്‍ ധാല്‍ മഖാനിയും ബെംഗളൂരുവില്‍ മസാല ദോശയുമാണ് സ്വിഗ്ഗി വഴി ഏറ്റവും കൂടുതല്‍ ഓഡര്‍ കിട്ടിയത്. 

2021-ല്‍ ആരോഗ്യപ്രദമായ ഭക്ഷണത്തിനാണ് ഇന്ത്യക്കാര്‍ കൂടുതല്‍ പ്രധാന്യം നല്‍കിയത്. ആരോഗ്യപ്രദമായ വിഭവങ്ങള്‍ തിരഞ്ഞത് ഇരട്ടിയായെന്നതിനു പുറമെ സ്വിഗ്ഗി ഹെല്‍ത്ത്ഹബ്ബിലെ റെസ്റ്റൊറന്റുകളില്‍ നിന്ന് ഓഡര്‍ സ്വീകരിച്ചതില്‍ 200 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കീറ്റോ ഫുഡ് ഓഡറില്‍ 23 ശതമാനം വര്‍ധിച്ചിപ്പോള്‍ വീഗന്‍ ഭക്ഷണത്തിന്റെ ഓഡറില്‍ 83 ശതമാനത്തിന്റെയും വര്‍ധന ഉണ്ടായി. ബെംഗളൂരുവാണ് ഇതില്‍ ഒന്നാം സ്ഥാനത്തുള്ളത്. 

സ്വിഗ്ഗിയില്‍ ഏറ്റവും കൂടുതല്‍ ഓഡര്‍ ലഭിച്ച സ്‌നാക് വിഭവം സമൂസയാണ്. അതേസമയം, ഈ വര്‍ഷം ഇന്ത്യക്കാര്‍  സ്വിഗ്ഗി വഴി ഏറ്റവും കൂടുതല്‍ ഓഡര്‍ ചെയ്ത ഡെസ്സേര്‍ട്ട് ഗുലാബ് ജാം ആണ്.

Content highlights: favorite food for indians last six years swiggy food order