ഭക്ഷണത്തിന്റെ കാര്യത്തിൽ വൈവിധ്യങ്ങൾ ആഗ്രഹിക്കുന്നവരാണ് മിക്കവരും. വ്യത്യസ്തമായ ഭക്ഷണങ്ങൾ പരീക്ഷിക്കുന്നവരും ഏറെയാണ്. പാമ്പും പഴുതാരയും പാറ്റയുമൊക്കെ ഭക്ഷ്യയോഗ്യമായുള്ള രാജ്യങ്ങളുമുണ്ട്. പുഴുക്കളെയും വറുത്തെടുത്തു കഴിക്കുന്ന ഇടങ്ങളുണ്ട്. ഇപ്പോഴിതാ യൂറോപ്യൻ യൂണിയൻ അവയെ മനുഷ്യന് ഭക്ഷ്യയോഗ്യമായ ഭക്ഷണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.
യൂറോപ്യൻ ഭക്ഷ്യസുരക്ഷാ ഏജൻസിയാണ് (EFSA) മീൽ വേംസ് അഥവാ യെല്ലോ ഗ്രബ് എന്നറിയപ്പെടുന്ന പുഴുക്കളെ മനുഷ്യന് ഭക്ഷ്യയോഗ്യമായ ഭക്ഷണമായി അംഗീകരിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയനിലെ പെറ്റ് ഫുഡ് ഇനത്തിൽ പ്രശസ്തമായിരുന്നു ഈ പുഴുക്കൾ. വറുത്തും കറികളിലും ബിസ്ക്കറ്റ്, പാസ്താ, ബ്രെഡ് തുടങ്ങിവ നിർമിക്കാൻ പൊടിച്ചുമൊക്കെ ഈയിനം പുഴുക്കളെ ഉപയോഗിക്കാമെന്നാണ് യൂറോപ്യൻ ഭക്ഷ്യ സുരക്ഷാ ഏജൻസി പറയുന്നത്.
പ്രോട്ടീനും കൊഴുപ്പും ഫൈബറുമെല്ലാം അടങ്ങിയിട്ടുള്ള ഈയിനം പുഴുക്കൾ പലയിടങ്ങളിലും ഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. ഭക്ഷ്യയോഗ്യമായ പ്രാണികളുടെ മേഖലയിൽ ശാസ്ത്രത്തിനും ഭക്ഷ്യമേഖലയ്ക്കുമുള്ള താൽപര്യത്തെക്കൂടി എടുത്തുകാണിക്കുന്നതാണ് ഈ തീരുമാനം.
ആഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം പ്രാണികളെ ഭക്ഷണത്തിന് ഉപയോഗിക്കുന്നത് സാധാരണമാണ്. പ്രാണികളെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മറ്റു രാജ്യങ്ങളെയും പ്രചോദിപ്പിക്കുന്നതാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനമെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.
Content Highlights: European Union Approves This Yellow Insect As Human Food