ഐക്യരാഷ്ട്രസഭയുടെ സാമൂഹിക സാമ്പത്തിക കൗണ്‍സിലിന്റെ തീരുമാനപ്രകാരം 1948 ഏപ്രില്‍ ഏഴിന് ലോക ആരോഗ്യസംഘടന നിലവില്‍വന്നു. രോഗപ്രതിരോധവും ആരോഗ്യപാലനവുമാണ് ഈ സംഘടനയുടെ ലക്ഷ്യം. സംഘടനയുടെ പ്രവര്‍ത്തനം എന്തായാലും സ്വന്തം ആരോഗ്യം തങ്ങളുടെ ജീവിതചിട്ടയിലാണെന്ന് വിശ്വസിക്കാനാണ് കോട്ടയത്തെ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ക്ക് ഇഷ്ടം.

യോഗ വിട്ടൊരു വഴിയില്ല-വി.എന്‍.വാസവന്‍

വെളുപ്പിനെ അഞ്ചുമണിക്ക് എഴുന്നേല്‍ക്കും. ഒരുമണിക്കൂര്‍ നടക്കും. ശേഷം ഒരു മണിക്കൂര്‍ യോഗ ചെയ്യും. പ്രാണായാമം ഉള്‍പ്പെടെയുള്ളവ മുടക്കാറില്ല. എത്ര വൈകി ഉറങ്ങിയാലും ഇതില്‍ മാറ്റമില്ല.

*രാവിലെ ഒരുഗ്‌ളാസ് ചായ. വൈകീട്ട് ഒരു കപ്പ് ഗ്രീന്‍ ടീ. പിന്നെയൊക്കെ ചൂട് വെള്ളം .

*പഴങ്ങളില്‍ ഏറെ ഇഷ്ടം പപ്പായ.

*അധികം എണ്ണയും മധുരവും ഒഴിവാക്കിയുള്ളതാണ് ഇഷ്ടഭക്ഷണ മെനു. കൊഴുക്കട്ട, അട പോലെയുള്ളവ. ഉച്ചയ്ക്ക് കുറച്ച് ചോറ്. കൂടുതല്‍ കറികള്‍. സാമ്പാര്‍, അവിയല്‍, മെഴുക്കുപുരട്ടി എന്നിവയാണ് പ്രിയം.

*രാത്രി കഞ്ഞി കുടിക്കാറില്ല. പകരം രണ്ട് ചപ്പാത്തി. ഒപ്പം കൂടുതല്‍ പച്ചക്കറി ചേര്‍ത്ത കറി.

അടുക്കളത്തോട്ടവും ഊര്‍ജമാണ് -തോമസ് ചാഴികാടന്‍

രാവിലെ ആറിന് എഴുന്നേറ്റ് ഒരുമണിക്കൂര്‍ നടക്കും. അത് മുടക്കാറില്ല. ശേഷം ഒരുമണിക്കൂര്‍ അടുക്കളത്തോട്ടത്തിലും ചെടികള്‍ക്കിടയിലുമാകും. അതൊരു ഊര്‍ജമാണ്.

*രാവിലെ സാധാരണ പലഹാരങ്ങള്‍ കഴിക്കാനാണ് ഇഷ്ടം.അതേ കഴിക്കൂ. അപ്പം, പുട്ട്, ഇഡ്ഡലി, ദോശ പോലെയുള്ള പലഹാരങ്ങള്‍. എന്നാല്‍ ഇതിന് മുന്പ് വെജിറ്റബിള്‍ സാലഡ് കഴിക്കുന്നത് മുടക്കാറില്ല.

*ചക്കയാണ് എന്റെ ആരോഗ്യമെന്ന് തോന്നിപ്പോകും. അത്രയ്ക്ക് ഇഷ്ടമാണ് ചക്ക. വീട്ടിലുണ്ടാകുന്ന ചക്ക ഒന്നുപോലും പാഴാക്കാറില്ല. പുഴുക്കും കുന്പിളപ്പവും ചക്കപ്പഴവും ഉപ്പേരിയുമായി പല വിഭവങ്ങള്‍ വീട്ടിലുണ്ടാകും. .

* കൂടുതല്‍ വെള്ളം കുടിക്കാന്‍ ശ്രമിക്കും. അതും ചൂടുവെള്ളം.

ഡല്‍ഹിയിലും നടത്തം മുടക്കിയിട്ടില്ല -പി.സി.തോമസ്

*രാവിലെയുള്ള നടപ്പില്‍നിന്നാണ് ആ ദിവസത്തെ മൊത്തം ഊര്‍ജം കിട്ടുന്നതെന്ന് തോന്നിയിട്ടുണ്ട്. ഡല്‍ഹിയില്‍ വെച്ചും ഈ ചിട്ട മുടക്കിയിട്ടില്ല. അവിടെ എ.കെ.ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനുമൊക്കെയായിരുന്നു രാവിലെയുള്ള നടപ്പിന് കൂട്ട്.

* ലഘുവായിട്ടാണ് പ്രഭാതഭക്ഷണം. ഇഡ്ഡലി, ബ്രഡ്, ദോശ പോലെയുള്ളവ കഴിക്കും.

*ഉച്ചയ്ക്ക് ചോറിനൊപ്പം കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെട്ട കറികള്‍ കഴിക്കും.

*ദോശയാണ് ഇഷ്ടഭക്ഷണം. അതും തട്ടുദോശ. അത് എപ്പോള്‍ കിട്ടിയാലും ഇഷ്ടമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാത്രി ഏതെങ്കിലും തട്ടുകടകളില്‍നിന്നാണ് ഭക്ഷണം.

Content Highlights: election candidate, healthy diet, food news, food updates