ആലപ്പുഴ: കൂണ്‍ കഴിക്കുന്നത് ശീലമാക്കുന്നതിലൂടെ രോഗങ്ങളെ അകറ്റാം. കൂണ്‍ ഒരു സമ്പൂര്‍ണ ആഹാരമായാണ് പരിഗണിക്കപ്പെടുന്നത്. 100 ഗ്രാം കൂണില്‍ 89 ശതമാനവും ജലമാണ്. അന്നജം അഞ്ചുശതമാനം, മാംസ്യം മൂന്നുശതമാനം, കൊഴുപ്പ് ഒരു ശതമാനത്തില്‍ താഴെ, ധാതുലവണങ്ങള്‍ ഒരു ശതമാനം, നാര് ഒരുശതമാനം എന്നിങ്ങനെയാണ് കൂണിന്റെ ഉള്ളടക്കം.

കൂണിലെ അന്നജം മനുഷ്യശരീരത്തില്‍ വിഘടിക്കപ്പെടുമ്പോള്‍ ഗ്ലൂക്കോസിന് പകരം പോളിസാക്കറൈഡുകളായി മാറുന്നു. സോഡിയവും പൊട്ടാസ്യവുമാണ് കൂണില്‍ ധാരാളമായി അടങ്ങിയിരിക്കുന്നത്. ബി കോംപ്ലക്‌സ് വൈറ്റമിനുകളും കൂണില്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ സി ഉത്പാദിപ്പിക്കുന്ന എര്‍ഗോ കല്‍സഫെറോണും കൂണില്‍ അടങ്ങിയിട്ടുണ്ട്.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന ലെവോസ്റ്റാറ്റിന്‍ എന്ന ഘടകം കൂടുതലായി കൂണിലുണ്ട്. ചിക്കുന്‍ ഗുനിയ രോഗത്തെ പ്രതിരോധിക്കുന്നതില്‍ കൂണ്‍ ഉപയോഗം പ്രധാന ഘടകമായിട്ടുണ്ട്. മനുഷ്യശരീരത്തില്‍ നിന്നുണ്ടാകുന്ന വിഷമയമായ ഓക്‌സീകരണ തന്മാത്രകളെ നിരോക്‌സീകരിക്കാനുള്ള കഴിവ് കൂണിനുണ്ട്. കൂണില്‍ അപൂരിത കൊഴുപ്പുകളാണുള്ളത്. കാന്‍സറിന്റെ വ്യാപനം തടയുന്നതിനും കൂണ്‍ ഫലപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലീരോഗങ്ങളെയും കൂണ്‍ നിയന്ത്രിക്കുന്നുണ്ട്. ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ കൂണ്‍ 25 മുതല്‍ 50 ഗ്രാം വരെ ഉള്‍പ്പെടുത്തിയാല്‍ വൈറസ്ജന്യ രോഗങ്ങളെ പ്രതിരോധിക്കാമെന്നാണ് കണക്കാക്കുന്നത്.

കടപ്പാട്

ഡോ. റീനി മേരി സഖറിയ,

അസി.പ്രൊഫസര്‍,

നെല്ലുഗവേഷണകേന്ദ്രം, മങ്കൊമ്പ്

Content Highlights:  eating mushrooms can help fight off infections and viruses