രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ ഭാരോദ്വഹന താരം മീരാബായ് ചാനുവിന് ജീവിതകാലം മുഴുവന്‍ സൗജന്യമായി പിസ്സ നല്‍കുമെന്ന് പ്രഖ്യാപിച്ച് ഡൊമിനോസ് ഇന്ത്യ. വാഗ്ദാനത്തിന് പിന്നാലെ ഡൊമിനോസിന്റെ ഇംഫാല്‍ ബ്രാഞ്ച് ചാനുവിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും പിസ്സ എത്തിച്ചു നല്‍കുകയും ചെയ്തു. 

നൂറ് കണക്കിന് മുഖങ്ങളില്‍ പുഞ്ചിരി വിരിയിച്ച അവളുടെ വലിയ വിജയം കുടുംബത്തിനൊപ്പം ഞങ്ങളും ആഘോഷിക്കുന്നു എന്നാണ് ഡൊമിനോസ് ഇന്ത്യ കുടുംബാംഗങ്ങള്‍ക്ക് പിസ്സ നല്‍കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ട് കുറിച്ചത്. 

പിസ്സ വളരെ ഇഷ്ടമുള്ള ഭക്ഷണമാണെന്ന് ചാനു നേട്ടത്തിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഡൊമിനോയുടെ പ്രഖ്യാപനം. താരത്തെ അഭിനന്ദിച്ച് കൊണ്ട് പങ്കുവച്ച കുറിപ്പിലാണ് ജീവിതകാലം മുഴുവന്‍ സൗജന്യമായി പിസ നല്‍കുമെന്ന വിവരം  കമ്പനി പങ്കുവച്ചത്.

നാലു വര്‍ഷത്തോളമായി സാലഡുകളാണ് ഭക്ഷണത്തില്‍ പ്രധാനം, ഇനിയിപ്പോള്‍ ഐസ്‌ക്രീം, കേക്ക്...ഇതുപോലെ എന്തെങ്കിലും കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായാണ് ആദ്യം പിസ്സ കഴിക്കണം എന്ന് മീരാബായ് മറുപടി പറഞ്ഞത്.

Content Highlights: Dominos India keeps promise of lifetime free pizza to Mirabai Chanu