റെയിൽവേ സ്റ്റേഷനിൽ ട്രയിനിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള അവസരമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഉപയോ​ഗശൂന്യമായ ഒരു റെയിൽവേ കോച്ചിനെയൊന്നാകെ റെസ്റ്റോറന്റായി മാറ്റിയാണ് ഭക്ഷണ പ്രേമികൾക്ക് വ്യത്യസ്ത അനുഭവം ഒരുക്കിയിരിക്കുന്നത്. മുംബൈയിലെ ഛത്രപതി ശിവജി ടെർമിനസിലാണ് റെയിൽവേ കോച്ച് റെസ്റ്റോറന്റായി മാറിയിരിക്കുന്നത്. 

ബോ​ഗി വോ​ഗി എന്ന പേരാണ് റെസ്റ്റോറന്റിന് നൽകിയിരിക്കുന്നത്. ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ, കോണ്ടിനെന്റൽ, ചൈനീസ് തുടങ്ങി ഒരുവിധ രുചി വൈവിധ്യങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. 

മഞ്ഞയും മെറൂണും കറുപ്പും നിറത്തിലാണ് റെസ്റ്റോറന്റിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. സീറ്റുകളും മേശകളും ചുവർചിത്രങ്ങളുമൊക്കെ കലാവിരുതോടെ ഒരുക്കിയിരിക്കുന്നത് കാണാം. പുറംഭാ​ഗവും മഞ്ഞയും കറുപ്പും നിറത്തിൽ മനോഹരമായി ഡിസൈൻ ചെയ്തിട്ടുണ്ട്.

ഇത്തരമൊരു റെസ്റ്റോറന്റ് ജനങ്ങൾക്ക് പുത്തൻ അനുഭവമാകും നൽകുക എന്ന് കേന്ദ്ര റെയിൽവേയുടെ ചീഫ് പിആർഒ ശിവാജി സുതാര്‌ പറഞ്ഞു. കോച്ച് ഏറെ നാളായി ഉപയോ​ഗ ശൂന്യമായി കിടക്കുകയായിരുന്നു. അതോടെയാണ് അത് റെസ്റ്റോറന്റാക്കി മാറ്റാം എന്നു ചിന്തിച്ചത്. - അദ്ദേഹം പറഞ്ഞു. 

ഇതിന് സമാനമായി ലോക്മാന്യ തിലക് ടെർമിനസിലും ല​ഗ്താപുരിയിലും ലോണാവാലയിലും റെസ്റ്റോറന്റുകൾ ഒരുക്കാൻ റെയിൽവേക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Contet Highlights: Discarded train coach turned into a restaurant in Mumbai