തിരുവനന്തപുരം: ലഡുവും ജിലേബിയും മൈസൂര്‍പാക്കും ദീപാവലിക്കു സാധാരണം. എന്നാല്‍, അധികമാരും ശ്രദ്ധിക്കാത്ത പരമ്പരാഗത വിഭവങ്ങള്‍ തയ്യാറാക്കുന്ന തമിഴ് ബ്രാഹ്‌മണഭവനങ്ങളുമുണ്ട് നഗരത്തില്‍. 'ഇന്നത്തെപ്പോലെ യു ട്യൂബും ഇന്റര്‍നെറ്റും അന്നില്ല. പണ്ടുകാലത്ത് മുതിര്‍ന്നവര്‍ ഉണ്ടാക്കുന്നതു നോക്കിയാണ് പല പ്രധാന വിഭവങ്ങളും തയ്യാറാക്കാന്‍ പഠിച്ചത്. ഉക്കാരയും ഇഞ്ചിലേഹ്യവും വെള്ളയപ്പവുമില്ലാതെ ഞങ്ങള്‍ക്ക് ദീപാവലിയെക്കുറിച്ചു ചിന്തിക്കാനേ കഴിയില്ല. ഒന്നര ദിവസം മുന്‍പേ വിഭവങ്ങള്‍ തയ്യാറാക്കാന്‍ തുടങ്ങിയിരിക്കും' -വര്‍ഷങ്ങളായി ദീപാവലിക്കു വിഭവങ്ങളുണ്ടാക്കുന്ന ഗോമതി അമ്മാള്‍ പറയുന്നു.

ഉക്കാര വരുന്ന വഴി

കടലപ്പരിപ്പ്, ശര്‍ക്കര, തേങ്ങ, നെയ്യ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഒരു പ്രത്യേക മധുരപലഹാരമാണ് ഉക്കാര. ഉണ്ടാക്കാന്‍ കൂടുതല്‍ സമയം വേണ്ട വിഭവവമുമാണിതെന്ന് ഗോമതി അമ്മാള്‍ പറഞ്ഞു. ദീപാവലിക്കു മാത്രമാണ് തമിഴ് ബ്രാഹ്‌മണഭവനങ്ങളില്‍ ഇതുണ്ടാക്കുന്നത്. വറുത്ത പരിപ്പ് തിളപ്പിച്ച വെള്ളത്തില്‍ കിടന്ന് അഞ്ചു മണിക്കൂര്‍ കുതിരണം. ഇതില്‍നിന്ന് വെള്ളം വാര്‍ത്തെടുത്ത് ഉണക്കി പൊടിക്കണം. പിന്നീട് ഇത് ആവിക്കു വച്ച് ചൂടാക്കും. ശര്‍ക്കരപ്പാവില്‍ കടലപ്പൊടി ഇട്ട് നന്നായി ഇളക്കി പുട്ടുപോലെയാക്കും. ഇതില്‍ അണ്ടിപ്പരിപ്പും ഏലയ്ക്കാപ്പൊടിയും ചേര്‍ക്കും. അതിരാവിലെ തുടങ്ങിയാല്‍ മാത്രമേ ഇത് ഉച്ചയോടെ തയ്യാറാക്കാന്‍ കഴിയൂവെന്നും ഗോമതി പറയുന്നു.

പലഹാരം കഴിഞ്ഞാല്‍ ഇഞ്ചിലേഹ്യം നിര്‍ബന്ധം

മധുരം കഴിച്ച് അല്പം ക്ഷീണമായാല്‍ കുറച്ച് ഇഞ്ചിലേഹ്യം സേവിച്ചാല്‍ വയര്‍ റെഡിയാകും. ഇഞ്ചി, ചുക്ക്, ജീരകം, കുരുമുളക്, ഏലയ്ക്ക, അയമോദകം, മല്ലി എന്നിവകൊണ്ടാണ് ഇഞ്ചിലേഹ്യം തയ്യാറാക്കുക. ഇഞ്ചി നന്നായി ഇടിച്ചുപിഴിഞ്ഞ് വയ്ക്കണം. മറ്റുള്ളവ വറുത്തുപൊടിച്ച് വെക്കണം. ശര്‍ക്കരപ്പാവില്‍ പൊടിച്ച പൊടിയും ഇഞ്ചിച്ചാറും ചേര്‍ത്ത് നന്നായി ഇളക്കും. നല്ലെണ്ണ ഇതില്‍ ചേര്‍ത്താല്‍ കുറേക്കാലമിരിക്കും. ഇതു പിന്നീട് നെല്ലിക്ക വലിപ്പത്തില്‍ ഉരുട്ടിയെടുക്കും- ഇഞ്ചിലേഹ്യം തയ്യാറാക്കുന്ന രീതി ഗോമതി അമ്മാള്‍ പങ്കുവച്ചു.

ഇനിയുമുണ്ട് വ്യത്യസ്തത

കൊതിയൂറുന്ന മധുരം നാവില്‍ അലിയിച്ചെടുക്കുന്ന ദീപാവലി ഓര്‍മകള്‍ ഗോമതി അമ്മാള്‍ തുടര്‍ന്നും പറഞ്ഞുകൊണ്ടിരുന്നു. അരിയും ഉഴുന്നും കുറച്ചു ഉലുവപ്പൊടിയും ചേര്‍ത്തുണ്ടാക്കുന്ന വെള്ളയപ്പമാണ് മറ്റൊരു ഹൈലൈറ്റ്. ഇവയെല്ലാം തലേദിവസം അരച്ചുവയ്ക്കും. ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവയെല്ലാം വഴട്ടി ചേര്‍ക്കും. ദോശമാവു പോലെ ഇത് അരയ്ക്കരുത്. കായപ്പൊടിയും ചേര്‍ക്കണം. ഇതു പിന്നീട് ഉണ്ണിയപ്പചട്ടിയില്‍ എണ്ണയൊഴിച്ചു ചുട്ടെടുക്കും -ഗോമതി പറഞ്ഞുനിര്‍ത്തി.

ഏഴു സാധനങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന സെവന്‍കപ്സും ഗോതമ്പുപൊടിയും ചെറുപയറും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന ഒപ്പിട്ടും ദീപാവലിക്കു പ്രധാനം തന്നെ. കെ.എസ്.ഇ.ബി.യില്‍നിന്ന് സീനിയര്‍ സൂപ്രണ്ടായാണ് കീഴാറന്നൂര്‍ ശ്രീശൈലത്തില്‍ ഗോമതി അമ്മാള്‍ വിരമിച്ചത്.

Content highlights: depawali sweet made by tamil brahmin homes in trivandrum