ഴിഞ്ഞ ദിവസമാണ് രണ്ടു വൃദ്ധ ​ദമ്പതികൾ കൊറോണ തങ്ങളുടെ കച്ചവടത്തെ തകർത്തുവെന്നും ജീവിക്കാൻ വഴിയില്ലെന്നും നിറകണ്ണുകളോടെ പറയുന്ന വീഡിയോ വൈറലായത്. ഡൽഹിയിലെ മാളവ്യ ന​ഗറിൽ ബാബാ കാ ധാബാ എന്ന പേരിൽ ഭക്ഷണശാല നടത്തിവരുന്ന കാന്താ പ്രസാദും ഭാര്യയും നിമിഷങ്ങൾക്കുള്ളിലാണ് സമൂഹമാധ്യമത്തിൽ വൈറലായി മാറിയത്. നാലുമണിക്കൂറിനുള്ളിൽ വെറും അമ്പതു രൂപയാണ് തനിക്ക് ലഭിച്ചതെന്നു പറയുന്ന എൺപതുകാരനായ കാന്താപ്രസാദിന്റെ വീഡിയോ താരങ്ങൾ ഉൾപ്പെടെ പങ്കുവച്ചിരുന്നു. മണിക്കൂറുകൾക്കുള്ളിൽ കടയിൽ വന്നുതുടങ്ങിയ ആളുകളുടെ തിരക്കിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. 

ബാബാ കാ ധാബയിൽ വന്നു ഭക്ഷണം കഴിക്കൂ എന്നു പറഞ്ഞാണ് പലരും വീഡിയോ പങ്കുവച്ചത്. സം​ഗതി കണ്ടവരിൽ ഭൂരിഭാ​ഗം പേരും കടയിലെത്തുകയും ബാബാ കാ ധാബ നിറയുകയും ചെയ്യുന്നതാണ് ചിത്രങ്ങളിലുള്ളത്. കാന്താപ്രസാദും ഭാര്യയും നിർത്താതെ ഭക്ഷണം വിതരണം ചെയ്തുകൊണ്ടിരിക്കുന്നതിന്റെ വീഡിയോയും കാണാം. ചിലരെല്ലാം സാമ്പത്തികമായും ദമ്പതികളെ സഹായിച്ചാണ് മടങ്ങിയത്. പതിനായിരത്തോളം രൂപയും കടയിലേക്ക് ആവശ്യമുള്ള സാധനങ്ങളുമൊക്കെ നൽകിയവരുണ്ട്. 

ഇന്നലെ നിറകണ്ണുകളോടെ തന്റെ പണപ്പെട്ടിയിലെ ഏതാനും നോട്ടുകൾ എടുത്തുകാണിച്ച കാന്തപ്രസാദ് ഇന്ന് മനസ്സുനിറഞ്ഞ് പുഞ്ചിരിയോടെ ഭക്ഷണം വിളമ്പുകയാണ്. വ്യാഴാഴ്ച ഉച്ചയാവുമ്പോഴേക്കും രാവിലെ ഉണ്ടാക്കിയ ഭക്ഷണത്തെക്കാളധികം ബാബയ്ക്കും ഭാര്യയ്ക്കും പാചകംചെയ്തു വിളമ്പേണ്ടി വന്നു. അത്രയേറെ തിരക്കായിരുന്നു ധാബയിൽ. വിവരമറിഞ്ഞ്‌ സ്ഥലം എം.എൽ.എ.കൂടിയായ മുൻമന്ത്രി സോമനാഥ് ഭാരതി ധാബയിൽ പറന്നെത്തി. വാർഡ് കൗൺസിലറും ബാബയെ സന്ദർശിച്ചു. 

ഫുഡ് ബ്ലോഗർ ഗൗരവ് വാസൻ പകർത്തിയ വീഡിയോയാണ് ട്വിറ്ററിലൂടെ ബാബയുടെ ദുരിതം ലോകത്തെ അറിയിച്ചത്. ഭാര്യ ബദാമി ദേവിക്കൊപ്പം ഏറെക്കാലമായി ധാബ നടത്തുകയാണ് ബാബ. ഇവരുടെ അധ്വാനം ദിവസവും രാവിലെ ആറരയ്ക്കു തുടങ്ങും. മുപ്പതും അമ്പതും രൂപയ്ക്ക് ദാലും ചോറും പൊറോട്ടയുമൊക്കെ ഇവിടെ കിട്ടും. എന്നാൽ, കടയെക്കുറിച്ചു ബ്ലോഗറോടു സംസാരിക്കവേ ബാബയുടെ മുഖം കണ്ണീരിൽക്കുതിരുകയായിരുന്നു. കോവിഡ് തകർത്തെറിഞ്ഞ നിസ്സഹായ ജീവിതങ്ങളെക്കുറിച്ചുള്ള ദൃശ്യവിവരണം ട്വിറ്ററിൽ വൈറലായി. വ്യാഴാഴ്ച രാവിലെയോടെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീഡിയോകളിലൊന്നായിരുന്നു ബാബയുടെ ദുരിതകഥ.

തിരക്ക് എന്നുമുണ്ടെങ്കിൽ തങ്ങളുടെ ജീവിതത്തിന്റെ നിറംമാറുമെന്ന പ്രതീക്ഷ ബാബയുടെ ഭാര്യ പങ്കുവെച്ചു. തന്റെ പുനർജനിയെക്കുറിച്ചു പറയുമ്പോൾ ബാബ വീണ്ടും കണ്ണുതുടച്ചു. അതു സന്തോഷക്കണ്ണീരായിരുന്നു.

Content Highlights: Customers Throng Delhi Couple’s Dhaba After Video Of Them Crying Goes Viral