ആലപ്പുഴ: കള്ളുഷാപ്പില്‍ കറിക്കച്ചവടം ഇനി നിയമാനുസൃതം. ഏതു കറിയും ഭക്ഷ്യവസ്തുക്കളും വില്‍ക്കാം. 2020-2021 വര്‍ഷത്തെ പുതുക്കിയ അബ്കാരി നയത്തിലാണു ഭേദഗതി. നിലവില്‍ അനുമതിയില്ലാതെയാണ് ഷാപ്പുകളില്‍ കറിയും ഭക്ഷ്യവസ്തുക്കളും വിറ്റിരുന്നത്. കാണുമ്പോഴെല്ലാം എക്‌സൈസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇനി നല്ല ഒന്നാന്തരം ഷാപ്പുകറി ധൈര്യമായി വിളമ്പാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുകയാണ്.

കേരളത്തില്‍ തെക്കന്‍ മേഖലയിലെ ഷാപ്പുകളിലെല്ലാം കറിയും ഭക്ഷണവുമുണ്ട്. തദ്ദേശീയമായ മത്സ്യ, മാംസ വിഭവങ്ങള്‍ നാടന്‍രീതിയില്‍ പാചകം ചെയ്തു വില്‍ക്കുന്ന ഈ ഷാപ്പുകളിലെല്ലാം കള്ള് കുടിക്കാത്തവരുടെ നീണ്ടനിരയാണ് ദിവസവും.

കള്ളിനൊപ്പം തൊടുകറിയെന്ന നിലയിലാണ് കറിക്കച്ചവടം തുടങ്ങിയതെങ്കിലും സ്വതന്ത്രപ്രസ്ഥാനമായി പിന്നീടുമാറി. പലയിടത്തും ഉച്ചഭക്ഷണസമയത്ത് വലിയ തിരക്കാണ്. ഷാപ്പിലെ ഭക്ഷണം ആസ്വദിക്കാന്‍ തെക്കന്‍ ജില്ലകളില്‍ കുടുംബസമേതം പലരുമെത്താറുണ്ട്. എന്നാല്‍, വടക്കോട്ട് ഷാപ്പുകളില്‍ പൊതുവേ ഭക്ഷണം കുറവാണ്.

അബ്കാരി നിയമത്തില്‍ മദ്യവില്‍പ്പന മാത്രമാണു പറഞ്ഞിട്ടുള്ളത്. ഇതിനൊപ്പം മറ്റൊന്നും നല്‍കാന്‍ അനുമതിയില്ല. ഇതിനാണ് സര്‍ക്കാര്‍ മാറ്റംവരുത്തിയത്.

Content Highlights: curries now legal in toddy shop