ലോക്ഡൗണ്‍ ഇളവിനെത്തുടര്‍ന്ന് ആളുകളെ പ്രവേശിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്തെ പകുതിയോളം ഹോട്ടലുകളും ഇപ്പോഴും 'ലോക്ഡൗണി'ല്‍ത്തന്നെ.

ആളുകളെ പ്രവേശിപ്പിക്കാതെ പാഴ്‌സല്‍ രീതി തുടരാനാണ് മിക്ക ഹോട്ടലുകാര്‍ക്കും താത്പര്യം. നിബന്ധനകളും തൊഴിലാളിക്ഷാമവും കോവിഡ് ഭീതിയുമാണ് ആളുകള്‍ക്കുമുന്നില്‍ 'നോ എന്‍ട്രി' ബോര്‍ഡ് വെക്കാന്‍ ഹോട്ടലുടമകളെ പ്രേരിപ്പിക്കുന്നത്. ചൊവ്വാഴ്ച മുതലാണ് ഹോട്ടലുകളില്‍ ആളെ കയറ്റി പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

പൊല്ലാപ്പാകുമോ

ആളുകളെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയാല്‍ ഉപഭോക്താക്കളുമായി ഹോട്ടല്‍ജീവനക്കാര്‍ക്ക് അടുത്തിടപഴകേണ്ടി വരും. ഇതിനിടയില്‍ ഏതെങ്കിലും കോവിഡ് രോഗവാഹകന്‍ ഹോട്ടലില്‍ എത്തിയാല്‍ പ്രശ്നമാകും. രോഗീ സന്ദര്‍ശനമുണ്ടായാല്‍ ഹോട്ടല്‍ നിശ്ചിതകാലത്തേക്ക് അടച്ചിടേണ്ടി വരും. വീണ്ടും പ്രവര്‍ത്തിക്കാന്‍ ആരോഗ്യവകുപ്പിന്റെ പരിശോധനകളും നേരിടേണ്ടി വരും.

തൊഴിലാളികള്‍ വരണം

ലോക്ഡൗണിനെത്തുടര്‍ന്ന് നാട്ടിലേക്കുമടങ്ങിയ ഹോട്ടല്‍ജീവനക്കാരായ അതിഥിതൊഴിലാളികളില്‍ പലരും ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഇവര്‍ തിരിച്ചുവന്നാല്‍ത്തന്നെ നിശ്ചിത കാലയളവ് ക്വാറന്റീനില്‍ കഴിയണം.

അതിഥിതൊഴിലാളികളെ കൃത്യമായ ആരോഗ്യപരിശോധനകളില്ലാതെ ജോലിക്കുനിര്‍ത്തുന്നത് കൂടുതല്‍ കുഴപ്പങ്ങളിലേക്കു നയിച്ചേക്കുമെന്നും ഹോട്ടല്‍ ഉടമകള്‍ ആശങ്കപ്പെടുന്നു.

മാനദണ്ഡങ്ങള്‍ പ്രശ്നം

ഹോട്ടലുകളില്‍ ആളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങളും പല ഹോട്ടലുകാര്‍ക്കും പ്രശ്നമാകുന്നുണ്ട്.

ഉപഭോക്താക്കളെ ഒരു വാതിലിലൂടെ കയറ്റി മറ്റൊരു വാതിലിലൂടെ പുറത്തിറക്കണമെന്ന നിര്‍ദേശം ചെറുകിട, ഇടത്തരം ഹോട്ടലുകളില്‍ പ്രായോഗികമല്ല. താപനില പരിശോധനയും സാനിറ്റൈസര്‍ നല്‍കലും ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളെല്ലാം പാലിക്കാമെങ്കിലും ആറടി അകലം ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും അപ്രായോഗികമാണെന്ന് ഉടമകള്‍ പറയുന്നു.

ആശങ്ക തുടരുന്നു

തുറക്കാന്‍ സര്‍ക്കാര്‍ അനുമതിനല്‍കിയെങ്കിലും ഹോട്ടല്‍ ഉടമകളെല്ലാം ആശങ്കയിലാണ്. അപ്രായോഗിക മാനദണ്ഡങ്ങളാണ് ഏറെ പ്രശ്നമാകുന്നത്. അസോസിയേഷന് ലഭിച്ച കണക്കുകള്‍പ്രകാരം പകുതിയോളം ഹോട്ടലുകള്‍ ഇതുവരെ തുറന്നിട്ടില്ല. കുറച്ചുകാലംകൂടി ഇതേ അവസ്ഥ തുടരുമെന്നാണു കരുതുന്നത്.
- ജി. ജയപാല്‍, ഹോട്ടല്‍ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി

Content Highlights: Covid19 CoronaVirus outbreak Half of the hotels are on Lockdown, Food